ഹിന്ദു ക്ഷേത്രത്തില്‍ ക്രൈസ്തവ ഭക്തിഗാനം ആലപിച്ചുവെന്നാരോപിച്ചുകൊണ്ട് സംഘപരിവാര്‍ ഹാന്‍ഡിലുകളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ ഗായക സംഘമായിരുന്നു നന്ദഗോവിന്ദം ഭജന്‍സ്. ഗായകര്‍ക്കെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ആര്‍.എസ്.എസ്. സൈദ്ധാതികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി തുടങ്ങിയവര്‍ രംഗത്തെത്തിയതോടെ വിഷയം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.
എന്നാല്‍ സംഘാടകരുടെ അനുമതിയോടെയാണ് ഗാനം ആലപിച്ചതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നന്ദഗോവിന്ദം എപ്പോഴും ഭക്തിക്കും ഐക്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കികൊണ്ട് ഭജന്‍സ് ടീം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇവര്‍ക്ക് പിന്തുണയും സംഘപരിവാറിന് പരിഹാസവുമായി ഒട്ടനവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നായിരുന്നു വിമര്‍ശനം.
ഇപ്പോഴിതാ നന്ദഗോവിന്ദം ഭജന്‍സ് നല്‍കിയ പഴയ അഭിമുഖത്തില്‍ സംഘപരിവാര്‍ ആശയങ്ങളെ പ്രകീര്‍ത്തിക്കുന്ന ഗാനമായ ഗണഗീതം പാടാത്തതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പഴയ ഒരു പരിപാടിയില്‍ നിങ്ങള്‍ ഗണഗീതം പാടുന്ന വീഡിയോ കണ്ടിട്ടുണ്ടെന്നും എന്നാല്‍ എന്തുകൊണ്ടാണ് സമീപകാലത്ത് താങ്കളുടെ പരിപാടിയില്‍ ഗണഗീതം പാടാത്തതെന്നുമുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍.
‘ദുബൈയിലെ അലൈനില്‍ കണ്ടക്ട് ചെയ്ത പരിപാടിയില്‍ അവര്‍ റിക്വസ്റ്റ് ചെയ്തപ്പോഴായിരുന്നു ഞങ്ങള്‍ ഗണഗീതം പാടിയത്. പക്ഷേ ഈ പറഞ്ഞ പോലെ ഞങ്ങളുടെ പരിപാടി കാണാനെത്തുന്നവരില്‍ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ളവരുണ്ട്. അതുകൊണ്ട് ഈ പരിപാടി കാണാനെത്തുന്നവര്‍ ഇതിന്റെ പേരില്‍ അവിടെ വന്ന് വഴക്കുണ്ടാക്കുന്നത് കാണാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല.
ഇത് പാടുന്നത് ഇഷ്ടപ്പെടുന്ന ആള്‍ക്കാരുമുണ്ടാകും ഇഷ്ടമാകാത്ത ആള്‍ക്കാരുമുണ്ടാകും അതുകൊണ്ട് പൊളിറ്റിക്കലായിട്ടുള്ള കാര്യങ്ങളെല്ലാം സെപ്പറേറ്റായിരിക്കണം. അങ്ങനെയുള്ള അജണ്ടകള്‍ ഇതിനകത്തേക്ക് കുത്തിക്കയറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഇഷ്ടമില്ലാത്ത ആള്‍ക്കാര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെയുണ്ടാകും. അത്തരത്തിലുള്ള രണ്ട് അഭിപ്രായം വരുന്ന ചര്‍ച്ചകള്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണ്,’ഭജന്‍സ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Nanda Govindam Bhajans talks about Not singing Gana Geetham
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.