ആലപ്പുഴ: ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ ആദരിച്ച ലാൽ സലാം പരിപാടിയെ വിമർശിച്ച് നടൻ ജയൻ ചേർത്തല. ആലപ്പുഴയിൽ കെ.പി.സി.സി സാംസ്കാരിക സമിതിയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ജയൻ ചേർത്തലയുടെ പരാമർശം.
സർക്കാരിന്റെ ഏത് പരിപാടിയെടുത്താലും സിനിമ നടന്മാരുടെ സാന്നിധ്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അവസാനമായി നടന്ന ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൻലാലിനെ ആദരിച്ചു കൊണ്ടുള്ള ചടങ്ങിന് ലാൽ സലാം എന്ന പേരിട്ടത് ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും രാഷ്ട്രീയം ചേർത്തുള്ള പേരുകൾ ചടങ്ങുകൾക്കിടുന്നതിലൂടെ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ അതിലൂടെ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയൻ ചേർത്തല പറഞ്ഞു. 2014ൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെയാണ് ഇത്തരത്തിലുള്ള ട്രെൻഡ് വന്നു തുടങ്ങിയതെന്നും അത് കേരളത്തിലും ആവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘കേരളത്തിന്റെ സാംസ്കാരിക അവസ്ഥവെച്ച് ചിന്തിച്ച് നോക്കുമ്പോൾ ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എവിടെ ഒരു പരിപാടി അവതരിപ്പിച്ചാലും മുൻ കാലങ്ങളെ അപേക്ഷിച്ച് സ്റ്റേജിൽ കാണുന്നത് സിനിമ നടന്മാരെയാണ്. അവർ അനുഷ്ഠിച്ച് വരുന്ന രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഒരു പരിപാടിക്ക് പോലും ലാൽസലാം എന്ന് പേരിട്ട് കഴിഞ്ഞാൽ ആ പ്രസ്ഥാനത്തിന്റെ തത്വവുമായി ചേർത്ത് കൊണ്ടുപോകാൻ സാധിക്കുമെന്ന അതിബുദ്ധിയോടെയാണ് അവർ സഞ്ചരിച്ച് മുന്നോട്ട് പോകുന്നത്. കേന്ദ്രവും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
മുൻ കാലങ്ങളിൽ കലയെയും കലാകാരന്മാരെയും ചേർത്ത് നിർത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് ഇത്ര കൂർമ്മ ബുദ്ധിയോടെ ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതാണ്ട് 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്ന കാലം തൊട്ടാണ് ഇന്ത്യയിലെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്കതിനോട് ചേർച്ചയില്ല,’ ജയൻ ചേർത്തല പറഞ്ഞു.
ഇന്നലെയായിരുന്നു (ശനി) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മലയാളം വാനോളം ലാൽസലാം എന്ന ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ച് ആദരിച്ചത്. മോഹൻലാൽ ഇന്ത്യൻ സിനിമാലോകത്തിന്റെ അധിപനായി മാറിയെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പ്രശംസിച്ചിരുന്നു.
ഇന്ത്യൻ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം കഴിഞ്ഞ മാസം 23 ന് നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലായിരുന്നു മോഹൻലാൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Content Highlight: Naming Lal Salam is a political move: Jayan Cherthala