സിംബാബ്വെ, സൗത്ത് ആഫ്രിക്ക, നമീബിയ എന്നീ ടീമുകളുടെ ടി-20 ത്രിരാഷ്ട്ര പരമ്പരയില്‍ സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നമീബിയ. 18 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ നമീബിയ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടി-20യില്‍ പ്രോട്ടിയാസിനെതിരെയുള്ള നമീബിയയുടെ രണ്ടാമത്തെ വിജയമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നാല് റണ്‍സിനായിരുന്നു നമീബിയയുടെ വിജയം.
Hosts Namibia script a memorable win over South Africa to kickstart a landmark tri-series 👏
ഈ തകര്‍പ്പന്‍ വിജയത്തോടെ ടി-20യില്‍ സൗത്ത് ആഫ്രിക്കയെ രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ അസോസിയേറ്റഡ് ടീമായി മാറാനും നമീബിയക്ക് സാധിച്ചു. ടി-20യില്‍ അസോസിയേറ്റ് രാജ്യമായ നെതര്‍ലാന്‍ഡ്സും സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. 2022 ടി-20 ലോകകപ്പിലായിരുന്നു ഓറഞ്ച് പടയുടെ വിജയം.
അതേസമയം മത്സരത്തില്‍ നമീബിയക്കായി മികച്ച പ്രകടനം നടത്തിയത് ജാന്‍ ഫ്രെലിങ്ക് ആണ്. 38 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ലോറന്‍ സ്റ്റീന്‍കാംപ് 29 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 41 റണ്‍സും സ്വന്തമാക്കി ടീമിന് മാന്യമായ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.
ബൗളിങ്ങില്‍ നമീബിയക്കായി റൂബന്‍ ട്രംപല്‍മാന്‍, ജെ.ജെ സ്മിത്ത് എന്നിവരാണ്. മൂന്ന് വീതം വിക്കറ്റുകളാണ് ഇരുവരും സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ്, മാക്‌സ് ഹെയ്‌ങ്കോ, ജാക്ക് ബ്രാസെല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത് ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ്. 50 പന്തുകളില്‍ നിന്നും 75 റണ്‍സ് നേടിയാണ് ബ്രെവിസ് ചെറുത്തുനില്‍പ്പ് നടത്തിയത്. നാല് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം നേടിയത്.
സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ പ്രെനെലന്‍ സുബ്രയേന്‍ മൂന്ന് വിക്കറ്റുകളും ക്യാപ്റ്റന്‍ ബ്യോണ്‍ ഫോര്‍ട്ടുയിന്‍, ഡുവാന്‍ ജാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്‍കോബാനി മൊകോയേന ഒരു വിക്കറ്റും നേടി.
Content Highlight: Namibia register a historical win against South Africa in T20 cricket