ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍
ISRO spy case
ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 5:31 pm

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വേട്ടയാടിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ ഹസനാണ്. കേരള സര്‍ക്കാരിന് അവരെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ മുംബൈയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. താന്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചതാണെന്നും അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന് ഫൗസിയ ഹസന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേരളാ പൊലീസിന്റേത് ഉള്‍പ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താന്‍ വിധേയയായെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ച ഫൗസിയ ഇപ്പോള്‍ മാലിദ്വീപിലാണ്.