വിശ്വാസവും യുക്തിവാദവും ഒപ്പം സേഫ്‌സോണില്‍ മല കയറുന്ന ലാല്‍ജോസും- 'നാല്‍പ്പത്തിയൊന്ന്' റിവ്യൂ
Film Review
വിശ്വാസവും യുക്തിവാദവും ഒപ്പം സേഫ്‌സോണില്‍ മല കയറുന്ന ലാല്‍ജോസും- 'നാല്‍പ്പത്തിയൊന്ന്' റിവ്യൂ
ഹരിമോഹന്‍
Friday, 8th November 2019, 6:07 pm
ഒരുകാലത്ത് സ്ത്രീശാക്തീകരണമായിരുന്നു പല സംവിധായകരും പരിഹസിക്കാന്‍ എടുത്തിടുന്ന വിഷയം. 2019-ല്‍ അതു നവോത്ഥാനമായി എന്നതാണ് ലാല്‍ജോസ് കൊണ്ടുവന്ന ഒരു മാറ്റം. യുക്തിവാദത്തോടു പിടിച്ചുനില്‍ക്കാന്‍ പുട്ടിനു പീര ഇടുന്നതുപോലെ നവോത്ഥാനം പരിഹാസമേല്‍ക്കേണ്ടി വരുന്നു.

അടുത്തകാലത്തായി ലാല്‍ ജോസിന് ഇതെന്തുപറ്റി എന്ന ചോദ്യം കാര്യമായിത്തന്നെ ഉയര്‍ന്നുവന്നിരുന്നു. ലാല്‍ ജോസിന്റെ 25-ാം സിനിമയായി ‘നാല്‍പ്പത്തിയൊന്ന്’ ഇറങ്ങുമ്പോള്‍ അതിനെല്ലാമുള്ള മറുപടി അതില്‍ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയും ട്രെയിലര്‍ വഴി കിട്ടിയിരുന്നു. പക്ഷേ കാര്യങ്ങള്‍ പഴയതിലും കൂടുതല്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്കാണു ചെന്നുനിന്നത് എന്നു പറയാതെ വയ്യ.

കമ്മ്യൂണിസവും യുക്തിവാദവും വിശ്വാസവുമൊക്കെ പലതരത്തില്‍ പലരുമെടുത്തു പെരുമാറിയ വിഷയങ്ങളാണ്. എന്നാല്‍ അതില്‍ ശബരിമല കൂടി രംഗപ്രവേശം ചെയ്തതോടെയാണ് സ്ഥിതി ഗൗരവകരമാകുന്നതും ലാല്‍ ജോസിന് സേഫ് സോണില്‍ കളിക്കേണ്ടി വരുന്നതും. തന്റെ അവസാന സിനിമയായ ‘തട്ടുംപുറത്ത് അച്യുതനി’ലൂടെ വിശ്വാസത്തിന്റെ മൂര്‍ധന്യത്തിലെത്തിയോ ലാല്‍ ജോസ് എന്ന സംശയം ഊട്ടിയുറപ്പിക്കാന്‍ നാല്‍പ്പത്തിയൊന്നിനായിട്ടുണ്ട്.

പ്രമേയം ഇങ്ങനെയാണ്

കണ്ണൂരിലെ ചേക്കുന്ന് എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനും നാട്ടിലെ പ്രമുഖ പാര്‍ട്ടി നേതാവുമായ ഉല്ലാസ് മാഷിന്റെയും (ബിജുമേനോന്‍), പാര്‍ട്ടി പ്രവര്‍ത്തകനും അല്‍പ്പം നിഗൂഢതകളൊക്കെ ഉണ്ടെന്നു തോന്നുന്നവനുമായ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് വാവച്ചി കണ്ണന്റെയും (ശരണ്‍ജിത്ത്) ഒപ്പമാണു കഥ സഞ്ചരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ പകുതിയില്‍ ഈ കഥാപാത്രങ്ങള്‍ എന്തെന്നും എങ്ങനെയെന്നും കാണിച്ചുതരികയാണ് ലാല്‍ജോസ്. ‘വ്യവസായിയായ ദൈവം’ എന്ന പുസ്തകമെഴുതിയ, യുക്തിവാദത്തിനൊപ്പം സഞ്ചരിക്കുന്ന, വേണ്ടിവന്നാല്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ തന്റേടമുള്ളവനാണ് ഉല്ലാസ് മാഷ്. തന്റെ ബോധ്യങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വം. അതേസമയം ഒരു പൂര്‍ണസമയ മദ്യപാനിയും പാര്‍ട്ടിയെയും ഉല്ലാസ് മാഷിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് വാവച്ചി. പക്ഷേ വിശ്വാസം കൂടി തന്റെ കമ്മ്യൂണിസത്തിലേക്കു വാവച്ചി ചേര്‍ത്തിട്ടുണ്ടെന്നു മാത്രം.

ആദ്യ പകുതിയുടെ തുടക്കത്തില്‍ത്തന്നെ കാര്യങ്ങള്‍ യുക്തിവാദവും വിശ്വാസവും തമ്മിലുള്ള ഒരു കോംപറ്റീഷന്‍ ഐറ്റത്തിലേക്കു പോകുമെന്ന കാര്യത്തില്‍ തിരക്കഥാകൃത്തും സംവിധായകനും ഒരുറപ്പ് നല്‍കുന്നുണ്ട്. അതില്‍ ആരു ജയിക്കും എന്ന ചോദ്യത്തിനു മാത്രമേ ഉത്തരം കിട്ടേണ്ടതുള്ളൂ.

നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന, യുക്തിവാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉല്ലാസ് മാഷിന് അതുവഴി വിവാഹം വരെ മുടങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. അപ്പോഴും തന്റെ ബോധ്യങ്ങളില്‍ അയാള്‍ ഉറച്ചുതന്നെ. അവിടെനിന്നാണ് വാവച്ചിയുമൊത്ത് ശബരിമലയില്‍ പോകേണ്ട സാഹചര്യം അപ്രതീക്ഷിതമായി അയാളിലേക്കെത്തുന്നത്.

ഇവിടെവരെ ആക്ഷേപഹാസ്യ രൂപത്തില്‍ വൃത്തിയായി മേക്ക് ചെയ്തിട്ടുള്ള സിനിമയ്ക്ക് ഇനി രണ്ടാം പകുതിയില്‍ എന്തുപറ്റിയെന്ന ചോദ്യമുണ്ട്. അതിനുള്ള ഉത്തരം ലാല്‍ജോസാണ്. രണ്ടാം പകുതിയിലേക്കു വന്നാല്‍ സേഫ്‌സോണില്‍ കയറിയിരിക്കുന്ന ലാല്‍ജോസിനെ മുഴുനീളം നമുക്കു കാണാന്‍ സാധിക്കും. കേരളത്തെ നടുക്കിയ പുല്ലുമേട് ദുരന്തമൊക്കെ സിനിമയില്‍ വരുന്നുണ്ടെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനിടയില്‍ക്കൂടി വിശ്വാസത്തെ സംരക്ഷിച്ചെടുക്കാനുള്ള ശ്രമമാണു നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷത കൊണ്ടുവരാനൊക്കെയാണു സംവിധായകന്റെ ശ്രമമെങ്കിലും ക്ലൈമാക്‌സിലടക്കം ഇതൊരു കപട നിഷ്പക്ഷതയാണെന്നു ബോധ്യപ്പെടും.

പരിഹസിക്കപ്പെടുന്ന നവോത്ഥാനം

ഒരുകാലത്ത് സ്ത്രീശാക്തീകരണമായിരുന്നു പല സംവിധായകരും പരിഹസിക്കാന്‍ എടുത്തിടുന്ന വിഷയം. 2019-ല്‍ അതു നവോത്ഥാനമായി എന്നതാണ് ലാല്‍ജോസ് കൊണ്ടുവന്ന ഒരു മാറ്റം. യുക്തിവാദത്തോടു പിടിച്ചുനില്‍ക്കാന്‍ പുട്ടിനു പീര ഇടുന്നതുപോലെ നവോത്ഥാനം പരിഹാസമേല്‍ക്കേണ്ടി വരുന്നു. വളരെ നിരുപദ്രവകരമെന്നു തോന്നുന്ന ചില തമാശകള്‍ പോലും യഥാര്‍ഥത്തില്‍ എത്ര ഉപദ്രവകാരിയാണെന്നു തിരിച്ചറിയാത്തതാണു കഷ്ടം. ‘ഇനി ഇവിടെയും കൂടിയേ വിരിയാനുള്ളൂ’ എന്ന് സുരേഷ് കൃഷ്ണയുടെ കഥാപാത്രം ഉല്ലാസ് മാഷിനോടു പറയുന്നതൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.

പിന്നീട് എന്തിനോ വേണ്ടി ജാതിരാഷ്ട്രീയവും സദാചാര പൊലീസിങ്ങും കടന്നുവരുന്നുണ്ട്. ഫില്ലറുകളായി ഇടാമെന്നതല്ലാതെ മറ്റൊരു ഗുണവും അതിനുള്ളതായി തോന്നുന്നില്ല.

മറ്റൊന്ന് കണ്ണൂരിന്റെ കൊലപാതകരാഷ്ട്രീയം ഫോട്ടോസ്റ്റാറ്റ് പോലെ ആദ്യ പകുതിയില്‍ വന്നു പോകുന്നുണ്ടെന്നതാണു കല്ലുകടി പോലെ നില്‍ക്കുന്നത്. കണ്ണൂരെന്നാല്‍ ഇതിനപ്പുറം ഒന്നുമല്ലെന്നു സ്ഥാപിക്കാനാണ് എല്ലാ മലയാള സിനിമയെയും പോലെ ഇതിലും ശ്രമിക്കുന്നത്.

പ്രകടനം ഇങ്ങനെ

ബിജുമേനോന് തന്റെ പതിവ് ശൈലിക്ക് അപ്പുറത്തേക്കൊന്നും ഇതില്‍ ചെയ്യേണ്ടതില്ല. ഒരു യുക്തിവാദിയെയും അദ്ദേഹത്തിനുള്ളിലെ ആത്മസംഘര്‍ഷങ്ങളെയും വൃത്തിയായി പ്രകടിപ്പിക്കാന്‍ ആ നടനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യാവസാനം കൈയടി നേടുന്നത് വിശ്വാസിയായ കമ്മ്യൂണിസ്റ്റിനെ അവതരിപ്പിച്ച പുതുമുഖം ശരണ്‍ജിത്താണ്. ബിജുമേനോനെ പിന്നിലാക്കുന്ന ശരണ്‍, സിനിമയിലെ അരങ്ങേറ്റക്കാരനെന്ന തോന്നല്‍ ഒരുഘട്ടത്തിലും കൊണ്ടുവരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പലതരത്തിലുള്ള മദ്യപാനികളെ കണ്ടിട്ടുണ്ടെങ്കിലും, ആ കഥാപാത്രത്തെ കൈയടക്കത്തോടെയും തന്മയത്വത്തോടെയും അവതരിപ്പിക്കാന്‍ ശരണിനായി. ഇടയ്ക്കു വരുന്ന നാടന്‍പാട്ടുകളും പ്രണയവും ദേഷ്യവും ഭയവുമൊക്കെ വാവച്ചിയെ അവതരിപ്പിച്ച ഈ പുതുമുഖത്തിന് മാറ്റുകൂട്ടുന്നുണ്ട്.

ഭാഗ്യസൂയം എന്ന കഥാപാത്രത്തെ അവതരിച്ച നിമിഷ സജയനും കാര്യമായൊന്നും ചെയ്യേണ്ടതില്ലായിരുന്നു. കുറച്ച് കുറുമ്പ് അധികമായി എടുത്തുവിതറുന്നുണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ തന്റെ കൈയില്‍ ലഭിച്ച കഥാപാത്രം അവര്‍ വൃത്തിയായി ചെയ്തുതീര്‍ത്തു. ഇനിയെങ്കിലും നാടന്‍ കഥാപാത്രങ്ങളില്‍ നിന്നൊരു മോചനം നിമിഷയും ആഗ്രഹിക്കുന്നുണ്ടാകണം.

പിന്നെ എടുത്തുപറയേണ്ടത് ശരണിന്റെ ഭാര്യയായി എത്തുന്ന പുതുമുഖം ധന്യ അനന്യയാണ്. തനിക്കു ലഭിച്ച സുമയെന്ന കഥാപാത്രം അവരില്‍ ഭദ്രമായിരുന്നു. വാവച്ചിയും സുമയും ഒന്നിച്ചെത്തുന്ന സീനുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. അവരുടെ പ്രണയവും പിണക്കവുമൊക്കെ നമുക്കുകൂടി അനുഭവിക്കാനാവുന്നുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ഇവര്‍ക്കു ലഭിച്ചാല്‍ അതു നമ്മളെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിജിബാലിന്റെ സംഗീതം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് സിനിമയ്ക്കു മാറ്റുകൂട്ടുന്ന നാടന്‍പാട്ടുകള്‍.

പിന്നെ പറയേണ്ടത് പി.ജി പ്രഗീഷിനെക്കുറിച്ചാണ്. പരിചയസമ്പത്തിലുണ്ടായേക്കാവുന്ന പാളിച്ചകളാണ് പ്രഗീഷിന്റെ തിരക്കഥയിലുള്ളതെങ്കിലും അതാവോളമുള്ള ലാല്‍ ജോസിന്റെ കൈകളില്‍പ്പോലും സിനിമ ഭദ്രമായില്ല. ഇടയ്‌ക്കൊക്കെ ചിന്താവിഷ്ടയായ ശ്യാമളയിലേക്കു പോകുന്നതുപോലൊരു തോന്നലുണ്ടായാല്‍ അതില്‍ അത്ഭുതപ്പെടാനുമില്ല.

ഹരിമോഹന്‍
കേരള മീഡിയ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം, 2016 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്നു. നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍