വെള്ളിത്തിരയിലെ ഗള്‍ഫ് പ്രവാസം
Opinion
വെള്ളിത്തിരയിലെ ഗള്‍ഫ് പ്രവാസം
നജീബ് മൂടാടി
Tuesday, 23rd June 2020, 1:56 pm

‘പൊന്നുവിളയുന്ന ഒരു നാടിനെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ എന്നും നമ്മെ ആകര്‍ഷിച്ചിരുന്നു. ഒരിക്കല്‍ അത് സിലോണായിരുന്നു. പിന്നെ മലയ. കഴിഞ്ഞ ദശകത്തില്‍ കിടപ്പാടം തീറെഴുതിയിട്ടായാലും എത്തിപ്പെട്ടാല്‍ സമ്പന്നനായി തിരിച്ചുവരാന്‍ പറ്റിയ ഒരു നാടിനെ പറ്റി പടിഞ്ഞാറന്‍ കരയില്‍ കഥകള്‍ പരന്നു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഓമനിക്കാന്‍ ഒരു സ്വപ്നമുണ്ടായി-ദുബായ്!’
-(വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍)

മലയാളിയുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടിമകളായും തടവുകാരായി നാടുകടത്തപ്പെട്ടും പരദേശികളായി ജീവിക്കേണ്ടി വന്നവരുടെ വലിയ ചരിത്രമുള്ള മണ്ണാണിത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുടുംബം പോറ്റാനായി ജീവിതമാര്‍ഗ്ഗം തേടി പ്രവാസികളാവുന്നവരുടെ കാലമായി. ആസ്സാമിലും കല്‍ക്കത്തയിലും മദ്രാസിലും ബാംഗ്ലൂരിലും, പിന്നെ കറാച്ചിയിലേക്കും സിലോണിലേക്കും ബര്‍മ്മയിലേക്കും മലയയിലേക്കുമൊക്കെ യാത്ര തിരിച്ചവര്‍.

കേരളം പോലെ വിവിധ ദേശങ്ങളില്‍ പ്രവാസികളായി കഴിയുന്നതില്‍ ഇത്രയും ദീര്‍ഘമായ പാരമ്പര്യമുള്ളവരുടെ ഒരു ദേശവും സമൂഹവും ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല.

ഒരു ജനകീയ കലാരൂപമെന്ന നിലയില്‍ നമ്മുടെ സിനിമകള്‍, പ്രവാസികളെയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളെയും കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗത്തെ പ്രവാസ സ്വാധീനത്തെയും പ്രമേയമാക്കാന്‍ എത്രത്തോളം ഉത്സാഹം കാണിച്ചു എന്ന് അന്വേഷിക്കുമ്പോള്‍ ഏറെയൊന്നും ഇല്ല എന്നാവും ഉത്തരം.

ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളിലേക്കായാലും യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ആയാലും അവിടെ എത്തിയവരില്‍ ബഹുഭൂരിപക്ഷവും കുടുംബസമേതം ആ നാടുകളില്‍ പാര്‍പ്പുറപ്പിച്ചവരും പിറന്ന നാടുമായി കാര്യമായ വിനിമയങ്ങള്‍ ഇല്ലാത്തവരുമാണ്. സാമ്പത്തിക സ്ഥിതിയിലും വിദ്യാഭ്യാസ സാമൂഹിക അവസ്ഥയിലും ഏറെക്കുറെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരുമാണ്.

എന്നാല്‍ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് ഗള്‍ഫ് പ്രവാസികള്‍. ഇവരില്‍ ബഹുഭൂരിപക്ഷവും ഏറ്റവും സാധാരണക്കാരും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരും ചെറിയ ശമ്പളത്തില്‍ വളരെ കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുന്നവരും ആണ്. കിട്ടുന്ന പണം നാട്ടിലേക്കയക്കുന്ന ഗള്‍ഫുകാരാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലും വികസനങ്ങളുടെ ചാലകശക്തിയും.

മലയാളിയുടെ ഗള്‍ഫ് പ്രവാസം ആറു പതിറ്റാണ്ട് ആവുമ്പോഴും കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ടുകളില്‍ ആണ് ഗള്‍ഫില്‍ കുടുംബസമേതം കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. അവര്‍ പോലും നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിച്ചു കൊണ്ടല്ല ഗള്‍ഫില്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളിയുടെ നിത്യജീവിതത്തില്‍ ഗള്‍ഫ് പ്രവാസിയുടെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമുണ്ട്. ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും ആഘോഷങ്ങളിലും വരെ ഗള്‍ഫ് പ്രവാസത്തിന്റെ അടയാളങ്ങള്‍ കാണാം.

അതുകൊണ്ട് തന്നെ മലയാളിയുടെ പ്രവാസവുമായി ബന്ധപ്പെട്ട സിനിമകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ക്ക് ഒരുപാട് അനുഭങ്ങളുള്ള. നമ്മുടെ ജീവിത പരിസരങ്ങളില്‍ ഏറെ സ്വാധീനമുള്ള ഗള്‍ഫ് പ്രവാസം നമ്മുടെ സിനിമകളില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന ഒരു അന്വേഷണം കൗതുകകരമായിരിക്കും.

1928 ല്‍ നിശ്ശബ്ദ ചിത്രമായ വിഗതകുമാരനില്‍ ആരംഭിച്ച മലയാള സിനിമ 1950 കള്‍ക്ക് ശേഷം പുരാണ/ചരിത്ര കഥകളില്‍ നിന്നും നാടക സ്വാധീനങ്ങളില്‍ നിന്നും മോചിതമായി സാധാരണ മനുഷ്യരുടെ ജീവിതം പറഞ്ഞു തുടങ്ങിയ കാലത്താണ് മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആരംഭവും.

പൊന്നു വിളയുന്ന നാട് തേടി പഠിപ്പും പണിയുമില്ലാതെ നടന്ന എത്രയോ ചെറുപ്പക്കാര്‍ പത്തേമാരിയിലും കപ്പലിലുമായി കടല്‍ കടന്ന് പോയപ്പോള്‍ അറബിക്കഥയിലെന്ന പോലെ അടുപ്പില്‍ ചേര ഉറങ്ങിയ ചെറ്റപ്പുരകള്‍ കൊട്ടാരമായി മാറുന്നതും പാട്ടത്തിനും പണയത്തിലുമായ പുരയിടങ്ങള്‍ പണ്ട് അങ്ങാടിയില്‍ ഗതിയില്ലാതെ തേരാപ്പാരാ നടന്നവന്‍ പറഞ്ഞ പണം കൊടുത്തു വാങ്ങുന്നതും, അത്തറിന്റെ മണമുള്ള ശൊങ്കനായി പോളിസ്റ്റര്‍ കുപ്പായത്തിലും മുണ്ടിലും തിളങ്ങി 555 സിഗരറ്റ് പുകച്ച് കാറില്‍ കയറി പോകുന്നതും കണ്ട് ആളുകള്‍ അമ്പരന്നു നിന്ന കാലം.

1980 ല്‍ എം. ടി എഴുതി ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയാവണം ഗള്‍ഫില്‍ വെച്ച് ചിത്രീകരിച്ച ആദ്യ മലയാള ചിത്രം. ഈ സിനിമയുടെ ടൈറ്റിലുകള്‍ തുടങ്ങുമ്പോഴുള്ള വോയ്‌സ് ഓവര്‍ ആണ് ലേഖനത്തിന്റെ തുടക്കത്തില്‍.

മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്ന് എന്ന നിലയില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഈ സിനിമയുടെ പ്രമേയം ഗള്‍ഫ് പ്രവാസത്തിനല്ല ഊന്നല്‍ നല്‍കിയതെങ്കിലും കേട്ടറിവ് മാത്രമുള്ള ദുബായ് ആദ്യമായി മലയാളി കാണുന്നത് ഈ സിനിമയിലൂടെ ആണ്. ‘പൊന്നു വിളയുന്ന നാട്’ എന്ന ഗള്‍ഫിനെ കുറിച്ചുള്ള അക്കാലത്തെ മലയാളിയുടെ സങ്കല്‍പത്തെ പൊളിച്ചെഴുതുന്ന ദൃശ്യങ്ങളും പരാമര്‍ശങ്ങളും ഈ സിനിമയില്‍ ഉണ്ടായിരുന്നു.

പത്തേമാരിയിലെ യാത്രയും, തൊഴില്‍ തേടിയുള്ള അലച്ചിലും, മരുഭൂമിയിലെ ചൂടും കഷ്ടപ്പാടും, ബാച്ചിലര്‍ റൂമിലെ ജീവിതവും എന്തിന് എസ്‌കലേറ്ററും KFC യുമടക്കം അന്ന് ഗള്‍ഫുകാരനിലൂടെ കേട്ടറിഞ്ഞ പല അതിശയങ്ങളും വിശദമായി തന്നെ ഈ ചലച്ചിത്രം കാണിച്ചു തന്നു.

തന്റെ കഴിവ് കൊണ്ട് ഉയരങ്ങളില്‍ എത്തുന്ന സുകുമാരന്റെ നായക കഥാപാത്രവും, പുതുതായി നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് തൊഴില്‍ തേടി കൊടുത്തും, സാമ്പത്തികമായി സഹായിച്ചുമൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ബഹദൂര്‍ അവതരിപ്പിച്ച മമ്മുക്കയും, നാട്ടിലെ അനുജന് വിസ കിട്ടാനായി പലര്‍ക്കും ശരീരം കാഴ്ചവെക്കേണ്ടി വന്ന ശ്രീലത അവതരിപ്പിച്ച PA യും, ശ്രീവിദ്യയുടെ നഴ്സും, എന്നെങ്കിലും അറിയപ്പെടുന്ന കവിയാവും എന്ന സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാരനുമടക്കം ബാച്ചിലര്‍ റൂമിലെ ഓരോ കഥാപാത്രങ്ങളും അന്നത്തെ ഗള്‍ഫിന്റെ നേര്‍ ചിത്രങ്ങളാണ്.

ഗള്‍ഫുകാരനെ കുറിച്ചുള്ള നാട്ടുകാരുടെ ധാരണകളെയും, നാട്ടിലെത്തിയ പണക്കാരനായ ഗള്‍ഫുകാരനോടുള്ള ഭവ്യതയുമൊക്കെ ഈ സിനിമ കാണുന്ന പുതു തലമുറക്ക് കൗതുകമായി തോന്നാമെങ്കിലും അന്ന് അതൊരു യാഥാര്‍ഥ്യമായിരുന്നു!.

1982 ലാണ് ടി. ദാമോദരന്‍ എഴുതി I.V ശശി സംവിധാനം ചെയ്ത ‘ഈ നാട്’ ഗള്‍ഫ് പ്രവാസത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ കാണിച്ചു തന്നത്. മമ്മൂട്ടി അവതരിപ്പിച്ച ഗള്‍ഫുകാരന്റെ ബന്ധുക്കള്‍ ഗള്‍ഫ് പണത്തിന്റെ സമ്പന്നതയില്‍ ആര്‍ഭാടമായി ജീവിക്കുന്നവരാണ്. അയാളുടെ ജ്യേഷ്ഠന്‍ വലിയ വില കൊടുത്തു മീന്‍ വാങ്ങുന്നതും, ദരിദ്രനായ ഭാര്യാപിതാവ് പെട്ടെന്ന് സമ്പന്നരായ മകളുടെ വീട്ടുകാര്‍ക്ക് മുന്നില്‍ അവഹേളിക്കപ്പെടുന്നതും അപ്രതീക്ഷിതമായി ഗള്‍ഫിലെ തൊഴില്‍ നഷ്ടപ്പെട്ട് വെറും കയ്യോടെ തിരിച്ചു വരേണ്ടി വരുന്ന ഗള്‍ഫുകാരന്റെ അവസ്ഥയും ഈ സിനിമ അന്ന് പറഞ്ഞു.

1983 ലാണ് എന്‍.പി. അബു നിര്‍മ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘വിസ’ ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട മറ്റൊരു കഥ പറഞ്ഞത്. സ്വപ്നങ്ങള്‍ വിറ്റു പെറുക്കി എണ്ണപ്പാടം തേടി ബോംബെയില്‍ എത്തി വിസ തട്ടിപ്പില്‍ കുടുങ്ങിയ എത്രയോ ചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ആ കാലത്ത് പതിവായിരുന്നല്ലോ. ഈ ചിത്രത്തിന്റെ പ്രമേയവും അതുതന്നെ.

തിരിച്ചുവരവിന്റെ രാത്രിയിലെ കിടപ്പറയിലെ ശബ്ദങ്ങള്‍ ടേപ്പ് റിക്കാര്‍ഡറില്‍ പകര്‍ത്തുന്ന, വര്‍ഷങ്ങളോളം ഇണയെ വിട്ടു നിന്ന പ്രവാസിയുടെ വികാരങ്ങളെ പോലും ഈ സിനിമ സൂക്ഷ്മമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ കെ. എന്‍. ശശിധരന്‍ 1984 ല്‍ പി. കെ .നന്ദനവര്‍മ്മ എഴുതിയ ‘അക്കരെ’ എന്ന കഥ അതേ പേരില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തപ്പോള്‍ ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു പ്രമേയമാണ് അവതരിക്കപ്പെട്ടത്. ഗള്‍ഫുകാരുടെ പത്രാസും ആഡംബരവും കണ്ട് ഭ്രമിച്ച് അതുപോലെ ജീവിക്കാനായി ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്ന തഹസില്‍ദാരുടെയും (ഭരത്‌ഗോപി) ഭാര്യ(മാധവി)യുടെയും കഥയാണ് ഇത്.

അതിനായി ഗള്‍ഫില്‍ സാധ്യതയുള്ള തൊഴിലായി ടൈപ്പ് റൈറ്റിങും തയ്യലുമൊക്കെ പഠിക്കാന്‍ പോകുന്നുണ്ട് തഹസില്‍ദാര്‍. അന്ന് സമൂഹത്തിന് ഗള്‍ഫുകാരനോടുള്ള ആദരവും ഭ്രമവുമൊക്കെയാണ് ഈ സിനിമ കാട്ടി തന്നത്.

1985 ല്‍ ജഗദീഷ് എഴുതി ഗിരീഷ് സംവിധാനം ചെയ്ത ‘അക്കരെ നിന്നൊരു മാരന്‍’ എന്ന സിനിമയും ഗള്‍ഫുകാരനാവുന്നതോടെ എല്ലാ അസമത്വവും മറന്ന് സ്വീകാര്യനാകുന്ന അക്കാലത്തെ സമൂഹ മനോഭാവത്തെയാണ് നര്‍മത്തിലൂടെ പറഞ്ഞത്.

ദുബായ് കടപ്പുറമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് മദ്രാസ് ബീച്ചില്‍ ഇറങ്ങേണ്ടി വന്ന ദാസന്റേയും വിജയന്റെയും കഥ പറഞ്ഞ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീം (നാടോടിക്കാറ്റ്) 1989 ല്‍ ‘വരവേല്‍പ്’ എന്ന സിനിമയിലൂടെ പറഞ്ഞത് ഗള്‍ഫ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്ന ഒരാള്‍ അനുഭവിക്കേണ്ടി വരുന്ന പൊള്ളുന്ന അവസ്ഥകളെ കുറിച്ചാണ്. വീട്ടുകാരും കൂട്ടുകാരും നാട്ടിലെ സാമൂഹ്യ വ്യവസ്ഥയുമൊക്കെ എത്രത്തോളം ക്രൂരമായാണ് ഒരു പ്രവാസിയോട് പെരുമാറുന്നത് എന്നതാണ് ഈ സിനിമയുടെ പ്രമേയം.

അയാളുടെ കയ്യിലുള്ള പണത്തിന് വേണ്ടി സ്‌നേഹം നടിക്കുന്ന വീട്ടുകാര്‍. മരുഭൂമിയില്‍ സിമന്റ് ചട്ടി തലയില്‍ പേറിയുണ്ടാക്കിയ കാശ് കൊണ്ട് ഒരു ബസ്സ് സര്‍വ്വീസ് തുടങ്ങുന്ന അയാളെ തൊഴിലാളി തന്നെ ആദ്യം വഞ്ചിക്കുന്നു. പ്രശ്നത്തില്‍ ഇടപെട്ട തൊഴിലാളി യൂണിയന്‍ നേതാവിന്റെ കണ്ണിലെ കരടാവുന്ന അയാളെ നേതാവും കൂട്ടരും പരമാവധി ദ്രോഹിക്കുന്നതും ബസ്സ് തന്നെ കത്തിച്ചു കളയുന്നതും, ഒടുവില്‍ നാട് മടുത്തു വീണ്ടും മരുഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നതുമാണ് നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ‘വരവേല്‍പ്പ്’ പറഞ്ഞത്.

ഇതേ പ്രമേയം തന്നെ കുറേക്കൂടെ ഗൗരവത്തില്‍ ആവിഷ്‌കരിക്കുകയാണ് 1999 ല്‍ ഇറങ്ങിയ പി. ടി. കുഞ്ഞുമുഹമ്മദിന്റെ ‘ഗര്‍ഷോം’ എന്ന സിനിമ. വരവേല്പില്‍ അവിവാഹിതനായ നായക കഥാപാത്രം ആയിരുന്നെങ്കില്‍ ‘ഗര്‍ഷോ’മില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണ് നായകനായ നാസറുദ്ധീന്‍. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജീവിച്ചു മടുത്ത അയാള്‍ തിരിച്ചു പോകുന്നില്ല എന്ന വിവരം ആദ്യമായി ഭാര്യയോട് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷത്തിന് പകരം ആധിയാണ്.

അത് നാട്ടിലെ അവസ്ഥ അറിയുന്നത് കൊണ്ട് കൂടിയാണ്. ബന്ധുക്കളൊക്കെ ഗള്‍ഫുകാരായ സമ്പന്നരായത് കൊണ്ട് വിശേഷിച്ചും. ചെറുപ്പം മുതലുള്ള ഉറ്റ കൂട്ടുകാരന്‍ ഗള്‍ഫില്‍ വെച്ചു സമ്പന്നനായതോടെ മിണ്ടാട്ടം പോലും ഇല്ലാതായതും, ലേബര്‍ ക്യാമ്പില്‍ കാണാന്‍ വന്ന ബന്ധുവായ പെണ്‍കുട്ടിയും പുതുമാരനും അയാളുടെ താഴേക്കിടയിലുള്ള ജീവിതം കണ്ട് പുച്ഛത്തോടെ തിരിച്ചുപോയതുമൊക്കെ പല ഗള്‍ഫുകാര്‍ക്കും പറയാനുള്ള അനുഭവങ്ങള്‍ തന്നെ.

നാട്ടില്‍ ഇലക്ട്രിക് സാധനങ്ങളുടെ കട തുടങ്ങിയെങ്കിലും സത്യസന്ധമായി കണക്ക് സൂക്ഷിച്ചതിന്റെ പേരില്‍ അയാള്‍ ടാക്‌സോഫീസറുടെ കയ്യില്‍ പെടുകയും കൈക്കൂലി കൊടുക്കാത്തതിന്റെ പകയില്‍ അയാളെ ദ്രോഹിച്ചു നശിപ്പിക്കുകയുമാണ്. ബന്ധുവില്‍ നിന്ന് സകാത്ത് പോലും കൈ നീട്ടി വാങ്ങേണ്ടി വന്ന ഗതികേടില്‍ മകന്‍ നാട്ടില്‍ നില്‍ക്കണം എന്നാഗ്രഹിച്ച ഉമ്മ തന്നെ അയാളെ തിരികെ മരുഭൂമിയിലേക്ക് പറഞ്ഞയക്കുന്നതിലാണ് ഈ സിനിമയും അവസാനിക്കുന്നത്.

ഇന്നത്തെയത്ര ഗള്‍ഫ് പ്രവാസിയുടെ തിരിച്ചൊഴുക്കും നാട്ടില്‍ തൊഴില്‍/ വ്യാപാര മാന്ദ്യവും ഇല്ലാത്ത കാലത്താണ് ‘വരവേല്‍പും’ ‘ഗര്‍ഷോമും’ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വരുന്ന പ്രവാസിയെ കേരളം എങ്ങനെയാണ് സ്വീകരിക്കുക എന്ന് കാണിച്ചു തന്നത് എന്നത് ശ്രദ്ധേയമാണ്.

എം. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികളു’ടെ (ലെനിന്‍ രാജേന്ദ്രന്‍ -1992) സിനിമാവിഷ്‌കാരത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച പഴയ കാല വിപ്ലവകാരിയായ കഥാപാത്രം ജീവിക്കാനായി ഗള്‍ഫില്‍ പോയി പണമുണ്ടാക്കി തിരിച്ചു വരുന്നുണ്ട്. പഠിപ്പും ചിന്തയുമുള്ള ഒരുപറ്റം യുവാക്കള്‍ തോക്കിന്‍ കുഴലിലൂടെ വിപ്ലവവും പാവപ്പെട്ടവന്റെ ഉന്നമനവും സ്വപ്നം കണ്ട എഴുപതുകളില്‍ തന്നെയാണ് പലപ്പോഴും അക്ഷരാഭ്യാസം പോലും ഇല്ലാത്ത ഒരുപാട് ചെറുപ്പക്കാര്‍ സാഹസികത മാത്രം കൈ മുതലാക്കി കടല്‍ കടന്നതും അവരയച്ച പണം നാട്ടിലെ അസമത്വവും തൊഴിലില്ലായ്മയും പട്ടിണിയും ഇല്ലാതാക്കിയത് എന്നതും ഇവിടെ കൂട്ടിവായിക്കണം. ഗള്‍ഫ് പ്രവാസം ഉണ്ടാക്കിയ നിശ്ശബ്ദ വിപ്ലവം.

Malayalam Full Movie Kallu Kondoru Pennu | Suresh Gopi, Murali ...

1998 ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം ‘കല്ല് കൊണ്ടൊരു പെണ്ണ്’ ഗള്‍ഫില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ജീവിതം മാത്രമല്ല പറഞ്ഞത് കുടുംബം പോറ്റാന്‍ പ്രവാസം തിരഞ്ഞെടുക്കേണ്ടി വരുന്ന പെണ്ണിന് പലപ്പോഴും കുടുംബത്തില്‍ നിന്ന് പോലും അനുഭവിക്കേണ്ടി വരുന്ന അപമാനത്തെ കുറിച്ച് കൂടിയാണ്.

കമല്‍ സിനിമയായ ‘പെരുമഴക്കാലം’ ഗള്‍ഫില്‍ വെച്ച് അവിചാരിതമായി കൊലപാതകി ആവേണ്ടിവരികയും അവിടെ നിന്നും വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്ത ഒരു ചെറുപ്പക്കാരന്റെയും അയാളുടെ കയ്യാല്‍ കൊല്ലപ്പെട്ട ആളുടെയും കുടുംബങ്ങള്‍ അനുഭവിച്ച നോവിന്റെ കഥയാണ്.

ടി. എ. റസാഖിന്റെ തിരക്കഥയില്‍ 2004 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട മികച്ച പ്രമേയവും അവതരണവും കൊണ്ട് ശ്രദ്ധേയമാണ്. കമലിന്റെ തന്ന ‘ഗദ്ദാമ'(2010) ഗള്‍ഫിലെ അറബി വീടുകളില്‍ ജോലിക്കാരികളായി പോകുന്ന സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ പ്രമേയമായി വന്ന ഏക മലയാള സിനിമയായിരിക്കും. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ചിത്രം നിരോധിക്കുക പോലും ഉണ്ടായി.

ലാല്‍ജോസ്-ഇഖ്ബാല്‍ കുറ്റിപ്പുറം ടീമിന്റെ അറബിക്കഥ(2007)യുടെ പ്രമേയം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കിലും സാധാരണക്കാരനായ ഗള്‍ഫ് പ്രവാസിയുടെ യഥാര്‍ഥ ജീവിതം ഇതില്‍ നന്നായി കാണിക്കുന്നുണ്ട്. പുതുതായി എത്തിപ്പെടുന്ന ഒരാളുടെ തൊഴില്‍ തേടിയുള്ള അലച്ചിലും നോമ്പുതുറ സമയത്തു പള്ളിയില്‍ നിന്ന് കിട്ടുന്ന ഭക്ഷണം കൊണ്ട് വിശപ്പെടക്കുന്നതും. നാട്ടുകാരന്‍ പറഞ്ഞുവെച്ച ജോലി അറബി അറിയാത്ത ഇയാളെ പറ്റിച്ചു മറ്റൊരാള്‍ തട്ടിയെടുക്കുന്നതും, കഫ്റ്റീരിയിലെ തൊഴിലാളി ജീവിതവുമൊക്കെ ഈ സിനിമയില്‍ വിശദമായി കാണിക്കുന്നുണ്ട്.

ലാല്‍ജോസ്-ഇഖ്ബാല്‍ കുറ്റിപ്പുറം ടീമിന്റെ തന്നെ’ഡയമണ്ട് നെക്ലേസ്'(2012) ഗള്‍ഫ് മലയാളികളിലെ ഉയര്‍ന്ന ക്ലാസ് മനുഷ്യരുടെ കഥയാണ് പറഞ്ഞത്. ഗള്‍ഫിലെത്തിയ പുതിയ തലമുറ, സുഖങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പിറകെ പോകുമ്പോള്‍ കടങ്ങളും ക്രെഡിറ്റ് കാര്‍ഡും ഉണ്ടാക്കുന്ന കുരുക്കുകളും എന്ത് കടുംകൈയും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക ബാധ്യതയുമൊക്കെ ഈ സിനിമ വിശദമായി പറഞ്ഞു.

2015 ല്‍ സലിം അഹമ്മദ് ഒരുക്കിയ ‘പത്തേമാരി’ മമ്മൂട്ടി ചെയ്ത പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ അഞ്ചു നൂറ്റാണ്ടിന്റെ മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ കഥയാണ് പറഞ്ഞത്. പത്തേമാരിയില്‍ തൊഴില്‍ തേടിയുള്ള യാത്ര മുതല്‍ ഗള്‍ഫ് പ്രവാസിയുടെ പ്രതാപത്തിന്റെയും തകര്‍ച്ചയുടെയും നാള്‍വഴിയായാണ് പള്ളിക്കല്‍ നാരായണന്റെ ജീവിതത്തിലൂടെ ഈ സിനിമ കാണിച്ചു തരുന്നത്.

എത്രവട്ടം ആഗ്രഹിച്ചാലും പ്രവാസം ഉപേക്ഷിച്ചു തിരിച്ചു പോവാന്‍ കഴിയാത്ത ബാധ്യതകകളും പണി തീരാത്ത വീടും ബാക്കിയായി ഗള്‍ഫില്‍ വെച്ചു തന്നെ മരണമടഞ്ഞു പോകുന്ന മനുഷ്യന്‍. പ്രവാസി അനുഭവിക്കുന്ന സ്‌നേഹവും കടപ്പാടും ചതിയും മാത്രമല്ല. ഒരാള്‍ മരിച്ചു എന്നറിഞ്ഞ് ആ ബെഡ്‌സ്പേസ് തേടി എത്തുന്ന ചെറുപ്പക്കാരനിലൂടെ ഗള്‍ഫിന്റെ വര്‍ത്തമാന അവസ്ഥ കൂടെ ഈ സിനിമ പറയുന്നു.

2015 ല്‍ തന്നെ ഇറങ്ങിയ നിഷാദ് കോയ എഴുതി നിര്‍മ്മിച്ച് സുഗീത് സംവിധാനം ചെയ്ത ‘മധുരനാരങ്ങ’ ഗള്‍ഫില്‍ വെച്ച് പ്രണയത്തിലാവുന്ന ഒരു മലയാളിയുടെയും ശ്രീലങ്കക്കാരിയുടെയും ജീവിതമാണ് പറഞ്ഞത്.

2017 ല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘take off’ ഇറാഖില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളും ഒപ്പം മാലാഖമാര്‍ എന്ന വിളിപ്പേരിനപ്പുറം നാട്ടിലായാലും വിദേശത്തായാലും നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന ഗതികേടുകളും കൂടെ കാണിച്ചു തന്നു. അതോടൊപ്പം തന്നെ നമ്മുടെ സിനിമകളില്‍ കാണാത്ത ഇറാഖിലെ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും തകര്‍ച്ചയുടെയും ദൃശ്യങ്ങളും.

ഇപ്പറഞ്ഞതിന് പുറമെ ഷാര്‍ജ ടു ഷാര്‍ജ, ദുബായ്, , അയാള്‍ കഥയെഴുതുകയാണ്, അറബിയും ഒട്ടകവും പി മാധവന്‍ നായരും, സാഗര്‍ ഏലിയാസ് ജാക്കി റീ ലോഡഡ്…..തുടങ്ങി ഗള്‍ഫില്‍ വെച്ച് ചിത്രീകരിച്ച ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗള്‍ഫ് പ്രവാസിയുടെ ജീവിതം ഏതെങ്കിലും രീതിയില്‍ അടയാളപ്പെടുത്തിയ സിനിമ എന്ന രീതിയില്‍ എടുത്തുപറയാന്‍ കാര്യമായി ഇതിലൊന്നും തന്നെ ഇല്ലെന്ന് പറയാം

പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിന്റെ സിനിമാവിഷ്‌കാരം ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട സിനിമകളില്‍ ഒരു പ്രതീക്ഷയാണ്.

മലയാളിയുടെ ഗള്‍ഫ് പ്രവാസം ഇങ്ങനെ വിരലിലെണ്ണാവുന്ന മുഖ്യധാരാ സിനിമകള്‍ക്ക് മാത്രമേ പ്രധാന പ്രമേയമായിട്ടുള്ളൂവെങ്കില്‍ മലയാളത്തില്‍ ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സലാം കൊടിയത്തൂര്‍ ‘പരേതന്‍ തിരിച്ചുവരുന്നു'(2004) അടക്കം ഏതാനും ഹോം സിനിമകളിലൂടെ ഗള്‍ഫ് പ്രവാസിയുടെയും കുടുംബത്തിന്റെയും പച്ചയായ ജീവിതം ആവിഷ്‌കരിക്കുകയുണ്ടായി.

77 ല്‍ എസ്. എ. ജമീലിന്റെ കത്തുപാട്ട് ഉണ്ടാക്കിയ ചലനത്തിന് സമാനമായിരുന്നു ‘പരേതന്‍ തിരിച്ചുവരുന്നു’ പ്രവാസലോകത്തും അവരുടെ കുടുംബങ്ങളിലും ഉണ്ടാക്കിയത്. സാങ്കേതികപരമായും കലാപരമായും പരിമിതികള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും സാധാരണക്കാരനായ ഗള്‍ഫ് പ്രവാസിയുടെ വേവും നോവും കൃത്യമായി പകര്‍ത്താന്‍ സാധിച്ചു എന്നതാണ് ഈ ഹോം സിനിമകളുടെ മേന്മ.


ഇന്ന് നാട്ടില്‍ ഒരു സിനിമ റിലീസ് ആയാല്‍ അതേ ദിവസം തന്നെയോ ആഴ്ചകള്‍ക്കുള്ളിലോ ആ സിനിമ വന്‍ പ്രചാരണത്തോടെ ഗള്‍ഫിലും റിലീസാവുന്നുണ്ട്. നല്ല കലക്ഷനും നേടുന്നുണ്ട്.

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ ഇതായിരുന്നില്ല അവസ്ഥ. ദിവസങ്ങള്‍ കഴിഞ്ഞു മാത്രം പത്രം പോലും കിട്ടുന്ന, ഫോണ്‍ വിളി അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം-അതും വല്ലപ്പോഴും-സാധിക്കുന്ന, TV യില്‍ ഇന്ത്യന്‍ ചാനലുകള്‍ വരാത്ത
ആ കാലത്ത് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും കടകളിലും ഹോട്ടലുകളിലും അറബി വീടുകളിലും ജോലി ചെയ്യുന്നവന്റെ തളര്‍ച്ചയെ ആറ്റാന്‍ വീഡിയോ കാസറ്റുകള്‍ ആയിരുന്നു ആശ്രയം.

വ്യാഴാഴ്ച രാത്രികളില്‍ കാസറ്റ് ലൈബ്രറികളില്‍ നിന്ന് കൊണ്ടുവരുന്ന മലയാളം സിനിമകള്‍ക്ക് മുന്നില്‍ ഉറക്കമൊഴിച്ച ബാച്ചിലര്‍ റൂമുകള്‍. രണ്ടും മൂന്നും വര്‍ഷം നാട് വിട്ടു നിന്നവര്‍ക്ക് ഓരോ സിനിമയും മരുഭൂമിയില്‍ ഇരുന്ന് കൊണ്ട് നാടിന്റെ കാഴ്ച കൂടിയായിരുന്നു. നായകനും നായികയും കഥയും മാത്രമല്ല വീടും തൊടിയും അടുക്കളയും വയലും ബസ്സും.

അങ്ങനെ പ്രിയപ്പെട്ട ഓര്‍മ്മകളെ ഉണര്‍ത്തുന്ന കാഴ്ചകള്‍ കൂടിയാണ് ഇഷ്ടതാരങ്ങളുടെ, ഇഷ്ട സംവിധായകരുടെ സിനിമകളിലൂടെ ഒഴിവു ദിവസത്തിന്റെ രാത്രിയും പകലും നാട്ടിലെ ടാക്കീസിലെ പോലെ കൂട്ടമായിരുന്ന് മനസ്സ് നിറച്ചു കൊണ്ടിരുന്നത്. ഗള്‍ഫിലെ കാസറ്റ് കടകളില്‍ പഴയതും പുതിയതുമായ സിനിമാ പാട്ടുകളുടെ വിവിധ കളക്ഷനുകളും സിനിമാ ശബ്ദരേഖകളും ചൂടപ്പം പോലെ വിറ്റുപോയ കാലം കൂടിയാണത്.

നാട്ടിലെ ഫിലിം സൊസൈറ്റികളില്‍ നല്ല സിനിമകള്‍ കണ്ട് ശീലിച്ചവര്‍ മരുഭൂമിയില്‍ എത്തിയപ്പോള്‍ അവിടെയും സിനിമാ കൂട്ടായ്മകളുമുണ്ടാക്കി. പ്രിയ താരങ്ങളെ നേരിട്ടു കാണാന്‍ താരനിശകള്‍ സംഘടിപ്പിച്ചു. സ്‌നേഹം കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും ഇഷ്ടതാരങ്ങളെ മൂടി.

കേരളത്തില്‍ ദൂരദര്‍ശന്‍ ഹിന്ദി ചാനല്‍ പോലും കിട്ടി തുടങ്ങും മുമ്പ് തന്നെ TV യും VCR ഉം ഗള്‍ഫുകാരന്‍ നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നാട്ടുമ്പുറങ്ങളില്‍ ജനറേറ്റര്‍ വാടകക്കെടുത്തു പോലും വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അവര്‍ സിനിമാക്കാഴ്ച്ച ഒരുക്കി.

കുട്ടിക്കുപ്പായവും, കുപ്പിവളയും, മാമാട്ടിക്കുട്ടിയമ്മയും ചക്കരയുമ്മയും കണ്ട് കണ്ണീര്‍ തുടച്ച പെണ്ണുങ്ങള്‍. ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരസ്യം…. കേട്ടറിവ് മാത്രമായിരുന്ന സിനിമ എന്ന അത്ഭുതം വീടകങ്ങളിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഗള്‍ഫ് മലയാളിയാണ്. ഒരു കാലത്തും സിനിമാകൊട്ടകയുടെ അകം കാണാത്ത എത്രയോ സ്ത്രീകള്‍… അയല്പക്കക്കാരൊക്കെ കൂട്ടമായി എത്തി സിനിമകള്‍ കണ്ടമ്പരന്ന കാലം.

പ്രേംനസീറും അംബികയും ഭാസിയും ബഹദൂറും മമ്മൂട്ടിയും മോഹന്‍ലാലും ശങ്കറും സീമയും ബേബി ശാലിനിയുമൊക്കെ വീട്ടുകാരെ പോലെ അടുപ്പമുള്ളവരായത് കേരളത്തിലെ ചില പ്രദേശങ്ങളിലെങ്കിലും ഗള്‍ഫുകാരിലൂടെയാണ്.

ഇതര ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് പലപ്പോഴും വന്‍കിട ചിത്രങ്ങള്‍ ഒരുക്കാന്‍ സാമ്പത്തിക ഞെരുക്കം മൂലം പിറകോട്ടായിരുന്ന മലയാള സിനിമ ഗള്‍ഫ് പ്രവാസികളായ നിര്‍മ്മാതാക്കളുടെ വരവോടെ വമ്പന്‍ സിനിമകള്‍ക്കും വേദിയായി. ഒപ്പം തന്നെ ആര്‍ട്ട് സിനിമകള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കും മുതല്‍മുടക്കാനും അവരുണ്ടായി. എണ്ണത്തില്‍ കുറവാണെങ്കികും ഗള്‍ഫ് പ്രവാസികളായ പലരും സംവിധായകരും നടീനടന്മാരും തിരക്കഥാകൃത്തുക്കളുമൊക്കെയായി ഈ മേഖലയില്‍ എത്തി.

കുറച്ചുകാലം മുമ്പ് വരെ പല മലയാള സിനിമകളുടെയും തകര്‍ച്ചക്ക് കാരണമായ പുതിയ സിനിമകളുടെ ക്യാമറാ പ്രിന്റുകളും വ്യാജ വീഡിയോകളും വലിയൊരു അളവ് വരെ ഗള്‍ഫിലാണ് ആദ്യം ഇറങ്ങിയത് എന്ന വസ്തുതയും കാണാതിരുന്നുകൂടാ.

സൂക്ഷ്മമായി പരിശോധിച്ചാല്‍ മലയാള സിനിമയുടെ വളര്‍ച്ചയില്‍ സാമ്പത്തികമായ കരുത്തായും, പ്രേക്ഷക പിന്തുണയായും അവഗണിക്കാനാവാത്ത ഒരു വിഭാഗമാണ് ഗള്‍ഫ് പ്രവാസികള്‍ എന്ന് കാണാം. എന്നിട്ടും ഗള്‍ഫുകാര്‍ ഏറ്റവും കൂടുതലുള്ള ഈ മണ്ണില്‍ ഗള്‍ഫ് പ്രവാസം പ്രമേയമായി ഗൗരവപൂര്‍വ്വം സമീപിച്ച സിനിമകള്‍ വിരലില്‍ എണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ എന്നത് ആശ്ചര്യകരമാണ്.

അതേസമയം ഗള്‍ഫുകാരനെ കോമാളിയായും വില്ലനായുമൊക്കെ ചിത്രീകരിച്ച എത്രയോ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് താനും.

‘പുലിവാല്‍ കല്യാണത്തിലെ’ സലീം കുമാറിന്റെ മണവാളനും, ‘വൈനീസിലെ വ്യാപാരി’ യിലെ അല്‍ കമലാസനനും, ‘ആമിനാ ടൈലേഴ്സി’ല്‍ പപ്പു അവതരിപ്പിച്ച യുദ്ധത്തില്‍ നാട്ടില്‍ വന്ന കുവൈത്തുകാരനും, ‘സല്ലാപ’ത്തിലെ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ കഥാപാത്രവുമടക്കം എണ്ണിയാലൊടുങ്ങാത്ത ബഫൂണ്‍ വേഷങ്ങള്‍ക്കും വിടനും കള്ളക്കടത്തുകാരനും ഗള്‍ഫുകാരന്റെ മുഖമായി.

എന്നാല്‍ ഗള്‍ഫു പ്രവാസിയുടെ, അവരുടെ കുടുംബത്തിന്റെ യഥാര്‍ഥ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കാന്‍ ഏറെയാരും താല്പര്യം കാണിച്ചതുമില്ല.

ഗള്‍ഫുകാരനെ കുറിച്ചുള്ള കഥകളായാലും സിനിമയായാലും മെഴുകുതിരി ജീവിതമെന്ന പറഞ്ഞു പഴകിയ സെന്റി തീമുകള്‍ക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കാറ്. ‘പത്തേമാരി’ പോലും ഇതില്‍ നിന്ന് വിഭിന്നമായിരുന്നില്ല.

ഇതിനുമപ്പുറം സിനിമാവിഷ്‌കാരത്തിന് സാധ്യതയുള്ള ഒരുപാട് വിഷയങ്ങള്‍ ഗള്‍ഫ് പ്രവാസികളുമായി ബന്ധപ്പെട്ടുണ്ട് എന്നത് പലരും തിരിച്ചറിയാറില്ല. അപരിചിതമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള, വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളും ശീലങ്ങളുമുള്ള മനുഷ്യരുമായി ഇടപഴകുന്ന പ്രവാസിയുടെ ജീവിതം സിനിമകളുടെ അനന്ത സാധ്യത തുറക്കുന്നതാണ്. ആദ്യ കാല പ്രവാസിയുടെ ജീവിതവും തൊഴിലും ചുറ്റുപാടുമല്ല പുതിയ തലമുറയുടേത്.

പ്രവാസിയുടെ വിരഹം പറഞ്ഞ കത്തുപാട്ടുകളില്‍ നിന്നും കുടുംബസമേതം കഴിയുന്ന പ്രവാസിയില്‍ ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന/ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ, നാട്ടില്‍ വല്ലപ്പോഴും വിരുന്നുകാരായി മാത്രം പോയ, ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന കുട്ടികളുടെയുമൊക്കെ ജീവിതം, സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍, ജയിലില്‍ കഴിയുന്നവര്‍, ഗള്‍ഫില്‍ വെച്ചുള്ള മരണം, മരുഭൂമിയുടെ സൗന്ദര്യവും ഭയാനകതയും….അങ്ങനെ അങ്ങനെ ഗള്‍ഫ് പ്രവാസത്തിന്റെ മണ്ണില്‍ ഒരുപാട് സിനിമാ സാധ്യതകള്‍ ഇനിയുമേറെയുണ്ട്.

കുടുംബത്തില്‍ ഒരാളെങ്കിലും പ്രവാസിയായുള്ള കേരളത്തില്‍ നിന്നുള്ള സിനിമകളില്‍ പ്രവാസി ഇങ്ങനെ തമസ്‌കരിക്കപ്പെട്ടു എങ്കില്‍ ‘സുഡാനി ഫ്രം നൈജീരിയ’ പോലെ മലയാളി കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു അറബി സിനിമ ഇല്ലാതെ പോയല്ലോ എന്ന് ചിന്തിക്കുന്നതില്‍ പോലും കാര്യമില്ലല്ലോ.

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ കൊടിയിറക്കമാണിപ്പോള്‍. നമ്മുടെ സിനിമ ഇനി എപ്പോഴാണ് ഗള്‍ഫ് പ്രവാസികളിലേക്ക് ക്യാമറ തിരിക്കുക. ആദ്യകാല പ്രവാസികളില്‍ ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ട്. അവരുടെ വാമൊഴികളിലൂടെ, സംഘടിപ്പിക്കാവുന്ന ദൃശ്യങ്ങളിലൂടെ ആദ്യകാല പ്രവസാനുഭവങ്ങളെ ഡോക്യുമെന്ററി സിനിമകളായെങ്കിലും വരും കാലത്തിനായി കരുതി വെക്കേണ്ടതില്ലേ?.

ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് ചേക്കേറിയ മലയാളിയുടെ പ്രവാസ ജീവിതത്തെ പ്രമേയമാക്കി സിനിമകളുടെ സാധ്യത കണ്ടെത്തുന്നതില്‍ നമ്മുടെ സിനിമാ ലോകം ഇന്നും അലസരാണ്.

കേരളത്തില്‍ നിന്ന് ആസ്ത്രേലിയയിലേക്ക് അടിമകളാക്കി കയറ്റി അയച്ചവരുടെയും ആന്തമാനിലേക്ക് നാടുകടത്തപെട്ട് അവിടെ നാട്ടിലെ ഗ്രാമങ്ങളുടെ പേര് തന്നെ സ്ഥലപ്പേരുകള്‍ പോലും ആക്കി തങ്ങളുടെ പഴയ സംസ്‌കാരത്തില്‍ നിന്നും ഭാഷയില്‍ നിന്നും മാറാതെ പുതിയൊരു ദേശം ഒരുക്കിയവരുടെയും ചരിത്രം പോലും എന്തുകൊണ്ടാണ് നമ്മുടെ സിനിമകള്‍ക്ക് ഗൗരവമുള്ള വിഷയമായി തോന്നാത്തത്!. അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിന് പുറമെ അമേരിക്കയിലും യൂറോപ്പിലും തുടങ്ങി ആഫ്രിക്കയില്‍ വരെ എത്തി നില്‍ക്കുന്ന മലയാളിയുടെ പ്രവാസ അനുഭവങ്ങളിലും സിനിമ കണ്ടെത്തിയവര്‍ ചുരുക്കമാണല്ലോ.

ഇതൊരു സമഗ്രമായ പഠനമല്ല. പരാമര്‍ശിക്കപ്പെടേണ്ട ചില സിനിമകള്‍ വിട്ടുപോയിരിക്കാം. പ്രവാസികളുടെ വരവിനെയും കുടിയേറ്റങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന മണ്ണിന്റെ മക്കള്‍ വാദം ശക്തമാവുന്ന ഈ കാലത്ത് നമ്മുടെ പ്രവാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും സിനിമകളായി ലോകത്തിന് മുന്നില്‍ എത്തേണ്ടതുണ്ട്. ഒരുപാട് മനുഷ്യരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളോടുള്ള ആദരമാവും അത്.