തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും നജീബ് കാന്തപുരം എം.എല്‍.എയെ പിന്തുണച്ചും വടകര എം.പി ഷാഫി പറമ്പില്‍.
എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്ന് ഷാഫി പറമ്പില്‍ പ്രശംസിച്ചു.
എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവര്‍ക്കറിയാം, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരെ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശമാണിതെന്ന് ഫേസ്ബുക്കിലൂടെ ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദവാക്യം പോലെ വിഴുങ്ങുന്ന ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും കേരളം കണ്ടു. അമ്പലം വിഴുങ്ങുന്ന സര്‍ക്കാറിന്റെ തലവന്‍ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണപാളി വിഷയത്തില്‍ നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലെ ‘എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ’ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ എം.എല്‍.എയായ നജീബ് കാന്തപുരവും രംഗത്തെത്തിയിരുന്നു.
ആരോഗ്യ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇ.എം.എസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ചോദിച്ചിരുന്നു. ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണ്. നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്ന്. അത്ര ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ലത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റില്ലെന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡിനെയടക്കം ആക്രമിക്കാന്‍ പോവുകയാണ്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Content Highlight: Najeeb Kanthapuram is the name of a brainchild that inspired young people to dream civil services: Shafi Parambil