എന്റെ ടെന്‍ഷന്‍ കണ്ട് ഉമ്മച്ചിയ്ക്ക് മൈനര്‍ അറ്റാക്കായി; അനുഭവം പങ്കുവെച്ച് നഹാസ് ഹിദായത്ത്
Malayalam Cinema
എന്റെ ടെന്‍ഷന്‍ കണ്ട് ഉമ്മച്ചിയ്ക്ക് മൈനര്‍ അറ്റാക്കായി; അനുഭവം പങ്കുവെച്ച് നഹാസ് ഹിദായത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 31st August 2026, 2:20 pm

ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്‌സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് നഹാസ്.

ഐ ആം ഗെയിo. Photo: District

സെപ്റ്റംബര്‍ മൂന്നിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ഴോണറിലൊരുക്കിയ ഐ ആം ഗെയിമിന്റെ അപ്‌ഡേറ്റുകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളാണ് ചിത്രത്തിന്റെ അണിയപ്രവര്‍ത്തകര്‍ തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച ഐ ആം ഗെയ്മിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ തന്റെ അമ്മയെ കുറിച്ച് സംവിധായകന്‍ നഹാ

സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യചിത്രമായ ആര്‍.ഡിഎക്‌സിന്റെ റിലീസിന് മുമ്പുള്ള തന്റെ മാനസിക സമ്മര്‍ദം കണ്ട് അമ്മയ്ക്ക് മൈനര്‍ അറ്റാക്കുണ്ടായതിനെ കുറിച്ചാണ് നഹാസ് വേദിയില്‍ സംസാരിച്ചത്.

‘ആര്‍.ഡി.എക്‌സ് റിലീസാകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷനെല്ലാം കണ്ട് ഉമ്മച്ചിക്ക് നെഞ്ച് വേദന ഉണ്ടാകുകയും ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും ചെയ്തിരുന്നു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് മൈനര്‍ അറ്റാക്കാണെന്ന്. അതായത് ഞാനനുഭവിക്കുന്ന ടെന്‍ഷന്‍ കണ്ടിട്ടാണ് പുള്ളിക്കാരിയ്ക്ക് അറ്റാക്ക് വന്നത്.

നാളെ റിലീസാണെങ്കില്‍ ഇന്ന് ഐ.സി.യുവില്‍ കിടക്കുകയാണ്. മാസ്‌കെല്ലാം വെച്ച് ഡോക്ടറെ എന്റെ മകന്റെ പടം റിലീസാണ് എന്നെ വിട് എന്നെല്ലാം പറഞ്ഞ് കരഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്നിട്ട് ഞാന്‍ ഡോക്ടറോട് അനുവാദം ചോദിച്ച് സിനിമ കാണാന്‍ കൊണ്ടുപോയി. അപ്പോഴും എനിക്ക് ധൈര്യക്കുറവുണ്ടായിരുന്നു. കാരണം പടം എങ്ങാനും വീണുകഴിഞ്ഞാല്‍ അടുത്ത അറ്റാക്ക് വരുമല്ലോ എന്നായിരുന്നു എന്റെ പേടി.

ആര്‍.ഡി.എക്‌സ് . Photo: X.com

പക്ഷേ പേടിച്ചയാളെ കൊണ്ടുപോയി ഞാന്‍ തിയേറ്ററില്‍ കാണിച്ചു. അന്ന് ഉമ്മ ഭയങ്കര ഹാപ്പിയായിരുന്നു. സ്‌ക്രീനില്‍ ഏന്റെ പേര് എഴുതിക്കാണിക്കുമ്പോള്‍ ഉമ്മ അവിടെ ഉണ്ടാകണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഉമ്മച്ചിയട് വലിയ നന്ദി പറയുകയാണ്,’ നഹാസ് പറഞ്ഞു.

Content Highlight: Nahas Hidayath talks about his mother and his experience during RDX movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.