നാഗ്പൂർ: വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. നാഗ്പൂർ നഗരത്തിൽ ക്ലിനിക്ക് നടത്തി വരുന്ന ഇയാൾ വ്യക്തിത്വ വികസന പരിപാടിയുടെ മറവിൽ വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുമാകയായിരുന്നു.
‘സൈക്കോളജിസ്റ്റ് വിദ്യാർത്ഥികളെ കൗൺസിലിങ്ങിനായി വിളിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു,’ പൊലീസ് പറഞ്ഞു.
47 കാരനായ ഇയാൾ കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി വിദ്യാർത്ഥികളെ ചൂഷണം ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സൈക്കോളജിസ്റ്റിന്റെ അടുത്ത് പോയിരുന്ന വിദ്യാർഥികളിലൊരാളുടെ ചിത്രങ്ങൾ ഇയാൾ പകർത്തുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. പെൺകുട്ടി പരാതി നൽകിയതോടെ മറ്റ് രണ്ട് കുട്ടികൾ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്.
ഇതുവരെ മൂന്ന് പെൺകുട്ടികളുടെ മൊഴിയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
‘ഇതുവരെ, ഞങ്ങൾക്ക് മൂന്ന് വിദ്യാർത്ഥികളുടെ മൊഴി മാത്രമേ ലഭിച്ചിട്ടുള്ളൂ. അവർ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി. ഞങ്ങൾ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഈ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇരകളെ വീണ്ടും ചൂഷണം ചെയ്യുകയും ചെയ്യും. അറസ്റ്റിനെത്തുടർന്ന്, ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, അതിൽ നിരവധി വീഡിയോകളും ചിത്രങ്ങളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,’ ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.