100 ബാഷക്ക് തുല്യമാണ് ഒരു കൂലിയെന്ന് നാഗാര്‍ജുന, തഗ് ലൈഫ് ഓര്‍മിപ്പിക്കരുതെന്ന് ആരാധകര്‍
Indian Cinema
100 ബാഷക്ക് തുല്യമാണ് ഒരു കൂലിയെന്ന് നാഗാര്‍ജുന, തഗ് ലൈഫ് ഓര്‍മിപ്പിക്കരുതെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd August 2025, 2:38 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരസംഗമത്തിനാണ് കഴിഞ്ഞദിവസം ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഓഡിയോ ലോഞ്ചിന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയിരുന്നു. രജിനികാന്ത്, ഉപേന്ദ്ര, നാഗാര്‍ജുന, ആമിര്‍ ഖാന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി.

ചടങ്ങിനിടെ ടോളിവുഡ് കിങ് നാഗാര്‍ജുന കൂലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നൂറ് ബാഷക്ക് സമമാണ് കൂലി എന്ന ഒരൊറ്റ സിനിമയെന്നാണ് നാഗാര്‍ജുന അവകാശപ്പെട്ടത്. പിന്നാലെ താരത്തെ അനുകൂലിച്ചും കളിയാക്കിയും നിരവധിയാളുകള്‍ രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങിയ തഗ് ലൈഫുമായി ബന്ധപ്പെടുത്തിയാണ് പലരും നാഗാര്‍ജുനയെ കളിയാക്കിയത്.

തഗ് ലൈഫ് കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ നായകന്‍ മറക്കും’ എന്നായിരുന്നു റിലീസിന് മുമ്പ് കമല്‍ ഹാസന്‍ അവകാശപ്പെട്ടത്. എന്നാല്‍ റിലീസിന് പിന്നാലെ മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും ഏറ്റവും മോശം സിനിമയായി പലരും തഗ് ലൈഫിനെ കണക്കാക്കി. 250 കോടി ബജറ്റിലെത്തിയ ചിത്രം 100 കോടി പോലും നേടാനാകാതെ കളംവിട്ടു.

റിലീസിന് മുമ്പുള്ള നാഗാര്‍ജുനയുടെ അവകാശവാദവും ഇത്തരത്തില്‍ ഒരു ‘തള്ളാണോ’ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ കരിയറില്‍ ആദ്യമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് നാഗാര്‍ജുന ഇക്കാര്യം പറഞ്ഞതെന്നും ലോകേഷ് കനകരാജിനെ വിലകുറച്ച് കാണരുതെന്നും പറഞ്ഞുകൊണ്ട് താരത്തെ പിന്തുണക്കുന്നവരുമുണ്ട്. രജിനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും നാഗാര്‍ജുന വാചാലനായി.

‘പല നടന്മാരും ഇന്ത്യന്‍ സിനിമയില്‍ വന്നുപോയിട്ടുണ്ടെങ്കിലും ഒറിജിനല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാന്‍ കഴിയുന്ന ഒരേയൊരു നടന്‍ രജിനി സാറാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഓരോ രംഗവും ഞാന്‍ വളരെയധികം ആസ്വദിച്ചാണ് ചെയ്തത്. ലോകേഷ് എനിക്ക് നല്‍കിയ മികച്ച അവസരമായിട്ടാണ് സൈമണെ ഞാന്‍ കണക്കാക്കുന്നത്,’ നാഗാര്‍ജുന പറഞ്ഞു.

ഇതുവരെ കാണാത്ത തരത്തില്‍ റോ ആയിട്ടുള്ള വില്ലനാകും നാഗാര്‍ജുനയുടെ സൈമണ്‍ എന്ന് ഇതുവരെ വന്ന അപ്‌ഡേറ്റുകളെല്ലാം അടിവരയിടുന്നു. രജിനിയോടൊപ്പം സ്‌ക്രീന്‍ പ്രസന്‍സില്‍ നാഗാര്‍ജുനയും സ്‌കോര്‍ ചെയ്യുമെന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഉറപ്പുനല്‍കുന്നു. രജിനിക്കും നാഗാര്‍ജുനക്കും പുറമെ ഉപേന്ദ്ര, സത്യരാജ്, ആമിര്‍ ഖാന്‍, സൗബിന്‍ എന്നിവരും കൂടി ചേരുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുക.

Content Highlight: Nagarjuna’s speech at Coolie Audio Launch gone viral