തിരുവനന്തപുരം: എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി വീണ്ടും നാദിറ മെഹ്‌റിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ‘എന്നെ ഞാനാക്കിയ പ്രസ്ഥാനമാണ് എ.ഐ.എസ്.എഫ്’ എന്നും ഈ പ്രസ്ഥാനത്തിലൂടെയാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ട്രാന്‍സ് വിദ്യാര്‍ത്ഥി സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്നും നാദിറ മെഹ്‌റിന്‍ പറഞ്ഞു.
കാലങ്ങള്‍ക്ക് മുന്നേ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുന്‍നിരയില്‍ എത്തിക്കണമെന്ന് ആദ്യം മാതൃക കാണിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണിതെന്നും നാദിറ മെഹ്‌റിന്‍ പറഞ്ഞു.
അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടുന്നതിനും പോരാട്ടം ഇനിയും തുടരുമെന്നും നാദിറ വ്യക്തമാക്കി. നേരത്തെ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലും നാദിറ മെഹ്‌റിന്‍ മത്സരിച്ചിരുന്നു. എ.ഐ.എസ്.എഫിന്റെ പാനലില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കായിരുന്നു മത്സരിച്ചത്.
തന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഇന്നും ഊര്‍ജ്ജം തരുന്ന പ്രസ്ഥാനമാണ് എ.ഐ.എസ്.എഫെന്നും നാദിറ മെഹ്‌റിന്‍ പറഞ്ഞു. ഇനിയും തന്നെകൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുടര്‍ന്നും രണ്ടാം തവണയും ഒരു ട്രാന്‍സ് വിദ്യാര്‍ത്ഥിയായ താന്‍ തിരഞ്ഞെടുക്കപ്പെടുന്നതുമെന്നും നാദിറ പറഞ്ഞു. ഉത്തരവാദിത്വങ്ങള്‍ ഏറെയാണെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാന്‍ പോരാട്ടം ഇനിയും തുടരുമെന്നും നാദിറ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nadira Mehrin re-elected as AISF State Vice President