തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പെയ്ത ചുരുങ്ങിയ സമയത്തെ മഴയില്‍ നഗരം പൂര്‍ണമായും വെള്ളക്കെട്ടിലും ചെളിയിലും മുങ്ങി. മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തിലായതാണ് ഈ ദുരിതത്തിന് കാരണമെന്ന വിമര്‍ശനം തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ ശക്തമാവുകയാണ്.
വെറും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രം പെയ്ത മഴയിലാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ പലതും ചെളിക്കുളമായി മാറിയത്. പഴവങ്ങാടി ഫോര്‍ട്ട് റോഡ്, ചാക്ക തുടങ്ങിയ ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കയറി.
ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള മലിനജലവും മാലിന്യങ്ങളും റോഡിലേക്ക് ഒഴുകിയെത്തിയതോടെ പ്രദേശത്താകെ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ക്ഷേത്രത്തിലും എത്തുന്ന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ ചെളിയിലൂടെയും മലിനജലത്തിലൂടെയും നടന്നുപോകേണ്ട ഗതികേടിലാണ്.
കടകളിലും വീടുകളിലും മലിനജലം കയറി. എക്കല്‍ മണ്ണും ചെളിയും അടിഞ്ഞുകൂടിയതിനാല്‍ പല ഹോട്ടലുകളും ഹോം സ്റ്റേകളും അടച്ചിടേണ്ടി വന്നിരിക്കുകയാണ്. രൂക്ഷമായ ദുര്‍ഗന്ധം കാരണം കടകളില്‍ ഇരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.
ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കോര്‍പ്പറേഷന്റെ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് വെള്ളക്കെട്ടിന് പിന്നാലെ നാട്ടുകാര്‍ ആരോപിക്കുന്നത്.
നിലവില്‍ ശുചീകരണ തൊഴിലാളികള്‍ കൈകൊണ്ട് മാലിന്യം നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
നഗരത്തിലെ മലിനജലവും ചെളിയും പടരുന്നത് പകര്‍ച്ചവ്യാധികള്‍ക്കും കൊതുകുശല്യം വര്‍ധിക്കാനും കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, അടുത്ത മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് കാലവര്‍ഷമെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം നിവാസികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. അരമണിക്കൂര്‍ മാത്രം പെയ്ത മഴയില്‍ ഇത്രത്തോളം ബുദ്ധിമുട്ടുണ്ടായെങ്കില്‍, മഴക്കാലമെത്തുന്നതോടെ നഗരത്തിന്റെ സ്ഥിതി എന്താകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
നഗരത്തില്‍ വെള്ളക്കെട്ടിന് കാരണമായ ഇപ്പോള്‍ ഉയര്‍ന്ന ഈ വെള്ളമൊക്കെ വരുന്നത് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളില്‍ നിന്നല്ലെന്നും മേയര്‍ വി.വി. രാജേഷിന്റെ വിശദീകരണം.
വെള്ളക്കെട്ടിനെ നേരിടാനുള്ള കോര്‍പ്പറേഷന്റെ മുന്നൊരുക്കങ്ങള്‍ പാളിയിട്ടില്ല. തങ്ങളുടെ പരിധിയിലുള്ള 101 വാര്‍ഡുകളിലെയും ഓടകള്‍ വൃത്തിയാക്കിയിട്ടുണ്ട്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ല. നാലര മാസം കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
Content Highlight: In Thiruvananthapuram, the city was completely submerged in waterlogging and mud