കുമ്പാള/എന്‍. ശശിധരന്‍
(പല കാലങ്ങളായി ഭീംസെന്‍ജോഷിയെ കേട്ടപ്പോഴുണ്ടായ തോന്നലുകളില്‍ ചിലത്)
ഉല്പത്തി പുസ്തകത്തില്‍ പറയപ്പെട്ടതുപോലെ ഭൂമി പാഴായും തരിശായും കിടന്നു.പൊടുന്നനെ കാലം നിശ്ചലമാക്കപ്പെട്ടു എന്നു തോന്നിച്ച ഒരു നിമിഷത്തില്‍, ശൂന്യതയുടെ മഹാമൗനത്തെ പിളര്‍ന്ന് ജീവന്റെയും ചലനത്തിന്റെയും ചെറിയ തിണര്‍പ്പുകള്‍ പൊട്ടിപ്പടര്‍ന്നു തുടങ്ങി. തത്തത്തൂവലുകളുടെ പച്ചപ്പും പശിമയുമുള്ള നേരിയ പുല്‍നാമ്പുകള്‍ സൂര്യവെളിച്ചത്തിലേക്ക് ആലസ്യത്തോടെ കണ്‍മിഴിച്ചു.
കടലിന്റെ ആഴങ്ങളില്‍ നിന്ന് ചെറുമത്സ്യങ്ങള്‍ പിളര്‍ന്ന കൊക്കുമായി ജലോപതരിതലത്തിലേക്ക് വന്ന്, കണ്‍മിഴിച്ച് വെളിച്ചത്തെ അറിഞ്ഞ് തിരിച്ചു പോയി. കരയിലും കടലിലും കാറ്റ് വീശിത്തുടങ്ങി. മര്‍മ്മരങ്ങളും അടക്കം പറച്ചിലുകളുമായി തുടങ്ങി, അത് വിരാമചിഹ്നങ്ങളറിയാത്ത ഒരു മഹാവാക്യം പോലെ ഭൂമിയുടെ അറ്റത്തോളം നീണ്ടു നീണ്ടു ചെന്നു.
അരികുകളില്‍ കൈതോലകള്‍ പടര്‍ന്നുനിന്ന തോടുകളും, ബാല്യത്തിന്റെ ഓര്‍മ്മയും ചവര്‍പ്പും പൂത്ത് കനിച്ചു നിന്ന വെള്ളരിവയലുകളും, വന്യതയുടെ പരഭാഗ ഗന്ധം വീശി പൂത്തുനിന്ന അരിപ്പൂക്കാടുകള്‍ കുടപിടിച്ച മൊട്ടക്കുന്നുകളും താണ്ടി, വേഗവും യൗവ്വനവും വീണ്ടെടുത്ത്, കാറ്റ് പിന്നെയും ഉയരങ്ങളിലേക്ക്. കരിയിലകളുടെ നിഗൂണ്ഡതയാര്‍ന്ന മെത്തയില്‍, പച്ചിലപ്പുതപ്പില്‍, സൂര്യവെളിച്ചത്തെ ധ്യാനിച്ച് കിടന്ന കന്യകയെപ്പോലെ കാട്. കാട്ടില്‍ കാറ്റ് ഏകാന്തതയുടെ പരിരംഭണവും സ്‌നേഹത്തിന്റെ നിഴല്‍ തണുപ്പുകളും ആസക്തിയുടെ പുരാഗന്ധങ്ങളുമറിഞ്ഞു.
വിപിന വിജനതകളെ കാറ്റ് ഉത്സവനഗരിയാക്കി. വാദ്യമേളകളും കൊടിതോരണങ്ങളും വര്‍ണ്ണക്കുടകളുമായി ഘോഷയാത്ര പോലെ കാറ്റ് വീണ്ടും യാത്രയായി. പര്‍വ്വത ശിഖരങ്ങളിലും മഞ്ഞുമൂടിയ താഴ്‌വരകളിലും കാറ്റ് നിലവിളിയായി. അമ്പേറ്റ പറവയുടെ ആദ്യ രോദനം മുതല്‍ മനുഷ്യരും മൃഗ സസ്യജാലങ്ങളും നാളിതുവരെ പിന്നിട്ട വേദനയുടെ പൊരുളുകളത്രയും ആ നിലവിളിയില്‍ ഉല്‍ച്ചേര്‍ന്നിരുന്നു; സ്‌നേഹവും കാമവും വെറുപ്പും പകയും ക്രൗര്യവും അധികാര പ്രമത്തതയും കൊണ്ട് മനുഷ്യര്‍ ആടിത്തീര്‍ത്ത മഹാ നാടകങ്ങളുടെ പശ്ചാത്തല സംഗീതം… പിന്നീടെപ്പോഴോ കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍ നിലച്ചു. നിശ്ശബ്ദത തുലാവര്‍ഷ മേഘം പോലെ കനത്തു. ചില്ലുപാളികള്‍ തകര്‍ത്ത് ബോധത്തിന്റെ തടശിലകളെ ഭേദിച്ച് മഴ പെയ്തു തുടങ്ങി.
മഴനൂലുകള്‍ കൊണ്ട് തുന്നിയ കട്ടിക്കമ്പിളി അറിവുകളുടെ ആകാശത്തെ മറച്ചു. മഴ സ്‌നേഹവും രതിയും വേര്‍പാടുമായി. കൊല്ലന്റെ ആലയില്‍ പഴുപ്പിച്ചെടുത്ത ഇടിവാളുകളുമായി മഴ അസുരരൂപിണിയായി ഉറഞ്ഞുതുള്ളി. ഭൂമിയിലെ വാസത്തിന്റെ അടയാളങ്ങളായി മനുഷ്യരില്‍ ബാക്കിയാവുക ഈ നനവും കുളിര്‍മ്മയും ഏകാന്ത നിമിഷങ്ങളും മാത്രമാണെന്ന് പാടിപ്പാടി മഴ പെയ്തുകൊണ്ടിരുന്നു… തുടര്‍ന്നു വന്ന നിശ്ശബ്ദത അക്രാമകം തന്നെയായിരുന്നു. മൗനത്തെയും ഏകാന്തതയെയും താലോലിച്ച് ശീലിച്ച മനസ്സുകള്‍ക്ക് പോലും അതീവ ദുസ്സഹം. അജ്ഞാതമായ ഒരു വിപല്‍ സന്ദേശം പോലെ, ഏതോ കൊടികെട്ടിയ ദുരന്തത്തിനു മുന്നിലെ ഇടവേള പോലെ കനംവെച്ച് പെരുകിക്കൊണ്ടിരിക്കുന്ന നിശ്ശബ്ദതയുടെ ഈ വാത്മീകം തച്ചുടയ്ക്കാതെ ഇനിയൊരു നിമിഷം മുന്നോട്ട് പോവാനാവില്ല എന്ന ആധിയില്‍ ശ്വസം കിട്ടാതെ ഉഴറവേ…. അഗ്‌നി അതിന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞിരുന്നു.
കരിയിലകളും ഉണക്കച്ചില്ലകളും വിതുമ്പാനും പോലുമാവാതെ കീഴ്‌പ്പെട്ട പുല്‍നാമ്പുകളും എരിഞ്ഞമര്‍ന്ന് പടരുമ്പോള്‍ തീയുടെ ഗതിവേഗം വര്‍ദ്ധിക്കുകയായിരുന്നു. കാറ്റിനേക്കാള്‍ മഴയേക്കാള്‍ സൗമ്യം എന്ന് ആദ്യം തോന്നിപ്പിച്ച അഗ്‌നി, താണ്ഡവം ആരംഭിക്കുകയായിരുന്നു. ഞാന്‍ അന്ന് അഹങ്കരിച്ച് ലോകത്തെ ചവിട്ടിത്തേക്കാന്‍ വെമ്പിയ അഹന്തയുടെ കൊമ്പുകളും ചന്തകളില്‍ വിലപേശി തേഞ്ഞു പോയ സ്‌നേഹത്തിന്റെ നാണയത്തുട്ടുകളും, ജ്ഞാനത്തെ ആയുധമാക്കാമെന്ന് വ്യാമോഹിച്ച് വായിച്ചുകൂട്ടിയ പുസ്തകങ്ങളും, അധികാരത്തിന്റെ കഴുതപ്പുറത്ത് ചെണ്ടകൊട്ടിച്ച് നടത്തിച്ച സൗഹൃദങ്ങളുടെ രക്തസാക്ഷ്യങ്ങളും ശരീരമാത്രമായ ഉണ്‍മയായി സ്ത്രീയെ അറിഞ്ഞ പ്രണയസ്മരണകളും, നാളേക്ക് വേണ്ടി ഒരു പാടുപെട്ടെങ്കിലും ബാക്കിവെയ്ക്കാതെ കൊളളയടിക്കപ്പെട്ട പ്രത്യയശാസ്ത്ര ഭണ്ഡാരങ്ങളും അഗ്‌നിയുടെ വിശുദ്ധിയില്‍ എരിഞ്ഞടങ്ങുകയാണ്. ഇപ്പോള്‍ പച്ചക്കാടുകള്‍ക്ക് തീ പിടിച്ചിരിക്കുന്നു. പടര്‍ന്ന് കത്തി പൊട്ടിച്ചിതറുന്ന പച്ചപ്പിന്റെ വന്യത ഭൂമിയ കിടിലം കൊള്ളിക്കുകയാണ്. കത്തട്ടെ… വിശ്രാന്തിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വിതയ്ക്കുന്ന ഈ പ്രളയാഗ്‌നി നിന്നു കത്തട്ടെ!
തീരുമാനങ്ങള്‍
N Sasidharan, Koombala, Memory of Bhimsen Joshi

