ബത്തേരി: വയനാട് മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പത്മജയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന തലക്കെട്ടോട് കൂടിയുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്.
അതേസമയം ആത്മഹത്യക്ക് ശ്രമിച്ച പത്മജ നിലവില്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലാണ്. പത്മജയ്ക്ക് ഗുരുതരമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. കൈ ഞരമ്പ് മുറിച്ചാണ് എന്‍.എം. വിജയന്റെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
തങ്ങളുടെ കുടുംബത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് ആരോപിച്ച് പത്മജ ഇന്നലെ (വെള്ളി) രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ശ്രമം.
രണ്ടര കോടിയുടെ ബാധ്യത തീര്‍ക്കാന്‍ സഹായിക്കാമെന്നും ചികിത്സാ സഹായം നല്‍കാമെന്നും വാഗ്ദാനം നല്‍കി കെ.പി.സി.സി നേതൃത്വവും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വഞ്ചിച്ചുവെന്നാണ് എം.എന്‍. വിജയന്റെ കുടുംബം ആരോപിച്ചത്.
ജൂണ്‍ 30ന് കടബാധ്യത തീര്‍ത്തുതരാമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത്രയും നാളുകളായിട്ടും കടബാധ്യതകള്‍ തീര്‍ത്തിട്ടില്ല.
ഇതിനിടെ എന്‍.എം വിജയന്റെ മകന് ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപ ആവശ്യം വന്നപ്പോഴും ടി. സിദ്ദിഖിനോട് സഹായം തേടിയിരുന്നു. സഹായിക്കാമെന്ന് വാക്ക് നല്‍കി വീണ്ടും ടി. സിദ്ദിഖ് കബളിപ്പിച്ചെന്നും പത്മജ ആരോപിച്ചിരുന്നു.
കൂടാതെ കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പത്മജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ ബലിയാടായികൊണ്ടിരിക്കുകയാണെന്നും കള്ളന്‍മാര്‍ വെള്ളയിട്ട് നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
2024 ഡിസംബര്‍ 25നാണ് വിഷം കഴിച്ച എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിനുശേഷം പുറത്തുവന്ന വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.