

ഇത് മിസ്റ്റിക് കഥകളുടെ ലോകം.. ഡൂള്‍ന്യൂസ് അതിന്റെ 2000 ദിനത്തില്‍ ആരംഭിക്കുന്ന പംക്തി…
17-ാം നൂറ്റാണ്ടില്‍ തുര്‍ക്കിയുടെ സെല്‍ജൂക്ക് സുല്‍ത്താനത്തിന്റെ തലസ്ഥാനനഗരിയില്‍ ജീവിച്ചിരുന്ന മഹാനായ നര്‍മ്മ ദാര്‍ശനികനായ സൂഫിവര്യന്‍ മുല്ലാ നസ്‌റുദ്ദീന്റെ കഥയില്‍ നിന്നാകട്ടെ ആദ്യ പംക്തി… സൂഫി പറഞ്ഞു തുടങ്ങുന്നു… സത്യങ്ങളുടെ ബഹുത്വത്തെ കുറിച്ച്…
മുല്ല നസ്‌റുദ്ദീന്റെ വീട്ടില്‍ പുലര്‍ച്ചെ തന്നെ രണ്ട് വിഭാഗം ആളുകള്‍ പരാതി പറയാനെത്തി. ഒരു വിഭാഗം ആളുകള്‍ മറ്റേ വിഭാഗത്തെക്കുറിച്ച് മുല്ലയോട് പരാതി പറഞ്ഞു.
മുല്ല അവരോട് മറുപടി പറഞ്ഞു. “നിങ്ങള്‍ പറഞ്ഞത് ശരിയാണ്.”
മറുവിഭാഗം ചൂടായി. അവര്‍ മുല്ലയോട് നീരസം പ്രകടിപ്പിച്ചു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതിന് മുമ്പാണെല്ലോ താങ്കള്‍ അവരോട് ശരിയാണെന്ന് പറഞ്ഞത്.
അതെ നിങ്ങള്‍ പറയു.. അവര്‍ തങ്ങളുടെ പരാതി പറഞ്ഞവസാനിപ്പിച്ചു.
അപ്പോള്‍ മുല്ലാ നസ്‌റുദ്ദീന്‍ പറഞ്ഞു;
“അതെ, നിങ്ങള്‍ പറയുന്നതും ശരിയാണ്.”
ഇത് കേട്ട് മുല്ലയുടെ ഭാര്യ അകത്ത് നിന്ന് ഓടി വന്നു പറയുന്നു, “നിങ്ങള്‍ ആദ്യം പറഞ്ഞു ആ വിഭാഗം പറയുന്നത് ശരിയാണെന്ന്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു ഈ വിഭാഗം പറയുന്നത് ശരിയാണെന്ന്..”
മുല്ല ഭാര്യയോട്: “നീ പറഞ്ഞതും ശരിയാണ്.”
