ന്യൂദൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും അതിനായി ചെലവഴിച്ച തുകയെയും സംബന്ധിച്ചുള്ള ചോദ്യവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. 2004 മുതൽ രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം വേണമെന്നും അതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഓരോ എം.പിയും തങ്ങളുടെ വിദേശയാത്രയെക്കുറിച്ച് മൂന്നാഴ്ച മുമ്പ് ലോക്‌സഭാ അല്ലെങ്കിൽ രാജ്യസഭാ സെക്രട്ടേറിയറ്റിൽ വിവരം അറിയിക്കണമെന്ന ചട്ടം നിലവിലുണ്ട്. ഇത് യാത്രയ്ക്കുള്ള അനുമതി തേടലല്ല, മറിച്ച് ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി 2004 മുതൽ ഇതുവരെ 54 തവണ വിദേശയാത്രകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ടെന്നും എന്നാൽ ഈ യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി നൽകിയിട്ടില്ലെന്നും റിജിജു ആരോപിച്ചു.
വിദേശ ഏജൻസികളോ സംഘടനകളോ ആണ് യാത്രയുടെ ചെലവുകൾ വഹിക്കുന്നതെങ്കിൽ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (എഫ്.സി.ആർ.എ) പ്രകാരം ആഭ്യന്തര മന്ത്രാലയത്തെ (എം.എച്ച്.എ) അറിയിക്കാൻ എം.പി ബാധ്യസ്ഥനാണ്.
വിദേശയാത്രയ്ക്കായി രാഹുൽ ഗാന്ധിയെ ക്ഷണിച്ചവർ ആരൊക്കെയാണെന്നും അവർ എത്ര തുക ചെലവാക്കിയെന്നും വ്യക്തമാക്കണമെന്ന് റിജിജു ആവശ്യപ്പെട്ടു.
“രാഹുൽ ഗാന്ധിയുടെ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാത്തതുമായ വിദേശയാത്രകൾ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. നാളെ എന്തെങ്കിലും നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ, രാഹുൽ ഗാന്ധിയെ ലക്ഷ്യമിടുകയാണെന്ന് പറഞ്ഞ് സർക്കാരിനെ കുറ്റപ്പെടുത്തരുത്.
അദ്ദേഹം എത്ര ദിവസം വിദേശത്ത് കഴിഞ്ഞു എന്നതും എത്ര തുക ചെലവാക്കി എന്നതും പ്രധാനമാണ്. വിദേശ ഏജൻസികളുടെ ആതിഥ്യം സ്വീകരിക്കുന്നുണ്ടെങ്കിൽ സെക്ഷൻ 6 (FCRA Act 2010) പ്രകാരം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. വരുമാനത്തേക്കാൾ കൂടുതൽ തുക ചെലവാക്കുന്നുണ്ടെങ്കിൽ അത് ആദായനികുതി നിയമങ്ങളുടെ പരിധിയിൽ വരും,” അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വക്താവ് സംപിത് പത്രയുടെ ആരോപണമനുസരിച്ച്, 2004-2026 കാലഘട്ടത്തിൽ നടന്ന 54 വിദേശയാത്രകൾക്കായി ഏകദേശം 60 കോടി രൂപ രാഹുൽ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ വരുമാനം 11 കോടി രൂപ മാത്രമാണെന്നും ഇത് ചെലവിനേക്കാൾ അഞ്ചിരട്ടി കുറവാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
മസ്‌കറ്റ്, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങളെ റിജിജു പ്രത്യേകം പരാമർശിച്ചു.
നരേന്ദ്ര മോദിയുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.