മൈസൂർ 'പാക്ക്' ഇനി മൈസൂർ 'ശ്രീ'; ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ രാജസ്ഥാനിൽ മധുരപലഹാരത്തിന്റെ പേരുമാറ്റി കടയുടമകൾ
national news
മൈസൂർ 'പാക്ക്' ഇനി മൈസൂർ 'ശ്രീ'; ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ രാജസ്ഥാനിൽ മധുരപലഹാരത്തിന്റെ പേരുമാറ്റി കടയുടമകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2025, 5:11 pm

ജയ്പൂർ: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ പ്രസിദ്ധ മധുരപലഹാരമായ മൈസൂർ പാക്കിന്റെ പേര് മാറ്റി രാജസ്ഥാനിലെ ജയ്‌പൂരിലെ ബേക്കറി ഉടമകൾ. പലഹാരത്തിന്റെ പേരിൽ ‘പാക്’ വരുന്നതാണ് പേര് മാറ്റാൻ കാരണമെന്നും തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്തതായും കടയുടമകൾ പറഞ്ഞു.

മൈസൂർ ശ്രീ എന്നാണ് പലഹാരത്തിനിട്ട പുതിയ പേര്. ‘ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്തു. ‘മോത്തി പാക്ക്’ എന്നതിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ‘ഗോണ്ട് പാക്ക്’ എന്നതിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും, ‘മൈസൂർ പാക്ക്’ എന്നതിന്റെ പേര് ‘മൈസൂർ ശ്രീ’ എന്നും പുനർനാമകരണം ചെയ്തു,’ ഒരു കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.

യഥാർത്ഥത്തിൽ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്, അതിന്റെ അർഥം മധുരം എന്നാണ്. പാക് എന്നത് ഒരു കന്നഡ വാക്കാണ്. കന്നടയിൽ ഇതിന്റെ അർത്ഥം മധുരം എന്നാണ്.

കർണാടകയിലെ മൈസൂരിന്റെ (ഇപ്പോൾ മൈസൂരു) പേരിലുള്ള കണ്ടൻസ്ഡ് പാൽ ചേർത്ത മധുരപലഹാരമാണ് മൈസൂർ പാക്ക്. ഇതിനാൽ പഞ്ചസാര സിറപ്പ് പ്രധാനമാണ്. അത് സൂചിപ്പിക്കാനാണ് പാക് എന്ന വാക്ക് പലഹാരത്തിന്റെ അവസാനം ചേർത്തിരിക്കുന്നത്.

എന്നാൽ ഇന്ത്യ-പാക് സംഘർഷം ഉണ്ടായതിന് ശേഷമുള്ള അസഹിഷ്ണുതയിൽ ഭയന്ന കടയുടമകൾ പേര് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലെ പ്രധാന നഗരമായ കറാച്ചി എന്ന പേരുള്ളതിനാൽ ഹൈദരാബാദിലെ കറാച്ചി ബേക്കറി ബി.ജെ.പി പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

രുചികരമായ ഫ്രൂട്ട് ബിസ്‌ക്കറ്റുകൾക്ക് പേരുകേട്ട ഈ ബേക്കറിക്ക് പേരിലല്ലാതെ പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെങ്കിലും കറാച്ചി എന്ന പേരുകാരണം വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയും തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധം നടത്തിയിരുന്നു.

പാകിസ്ഥാനിലെ കറാച്ചി നഗരത്തെ പരാമർശിക്കുന്ന ബേക്കറിയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബേക്കറിയുടെ സ്ഥാപകർ സ്ഥാപനത്തിന് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്ന് നിരന്തരം പറഞ്ഞിരുന്നു. വിഭജന സമയത്ത് തങ്ങളുടെ കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രാധാന്യമാണ് കറാച്ചി എന്ന പേരിനുള്ളതെന്ന് അവർ വിശദീകരിച്ചിരുന്നു.

 

Content Highlight: ‘Mysore Pak’ Now ‘Mysore Shree’: Jaipur Shops Rename Sweets Amid Pak Tensions