നയ്പിഡോ: സൈന്യം ഭരിക്കുന്ന മ്യാന്‍മറില്‍ നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. മുന്‍ എം.പി ഉള്‍പ്പടെയുള്ള നാല് പേരെയാണ് സൈനിക ഭരണകൂടം ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായം നല്‍കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വധിച്ചത്. രാഷ്ട്രീയ നേതാവും ഓങ് സാന്‍ സൂചിയുടെ അടുത്ത അനുയായിയുമായ ഫോയെ സെയ ത്വാ, ആക്റ്റിവിസ്റ്റ് കൊ ജിമ്മി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
മ്യാന്‍മറില്‍ 1988ന് ശേഷം ഇത് ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് സൈന്യം മ്യാന്‍മറില്‍ ഭരണം പിടിച്ചത്.
ഈ ജനാധിപത്യ അട്ടിമറി മ്യാന്‍മറില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം തന്നെ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം സൈനിക ഭരണകൂടം എല്ലാ ശക്തികളും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.
അടച്ചിട്ട മുറിയില്‍ നടന്ന വിചാരണക്ക് ഒടുവിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വധശിക്ഷയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനത്തിനാണ് വിധേയമായിരിക്കുന്നത്.



