വെള്ളരിപ്രാവിന് കിട്ടിയ അവാര്‍ഡ്; ജയചന്ദ്രന്‍ കേള്‍പ്പിച്ചതിന്റെ 10 ശതമാനം ഫീലാണ് എന്റെ പാട്ടില്‍ വന്നത്: നിത്യ മാമ്മന്‍
Malayalam Cinema
വെള്ളരിപ്രാവിന് കിട്ടിയ അവാര്‍ഡ്; ജയചന്ദ്രന്‍ കേള്‍പ്പിച്ചതിന്റെ 10 ശതമാനം ഫീലാണ് എന്റെ പാട്ടില്‍ വന്നത്: നിത്യ മാമ്മന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 3:59 pm

നീ ഹിമമഴയായി വരൂ എന്ന പാട്ട് പാടി സിനിമാസംഗീത ലോകത്തേക്ക് കടന്നുവന്ന ഗായികയാണ് നിത്യ മാമ്മന്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല്‍ വെള്ളരിപ്രാവ് എന്ന പാട്ടിന് കേരള സംസ്ഥാന പുരസ്‌കാരവും നിത്യ സ്വന്തമാക്കി.

എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മാമ്മന്‍.

‘എം.ജയചന്ദ്രന്‍ സാറിന്റെ പാട്ടുകള്‍ക്ക് വലിയൊരു കൂട്ടം ആരാധകരുണ്ട്. അദ്ദേഹത്തിന് വേണ്ടി പാടാന്‍ സാധിച്ചു എന്നതുതന്നെ വലിയൊരു അനുഗ്രഹമാണ്. ഹിമമഴ റിലീസായിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഗായകന്‍ രവിശങ്കറാണ് എം.ജയചന്ദ്രന്‍ സാര്‍ പുതിയ പാട്ടുകാരെ അന്വേഷിക്കുന്നുണ്ട് എന്ന് എന്നോട് പറയുന്നത്. അതറിഞ്ഞ് ഞാന്‍ സാറിനെ വിളിച്ചു. അദ്ദേഹം എന്നോട് വാതില്‍ക്കല് എന്ന പാട്ടിന്റെ ആദ്യത്തെ നാല് വരി പാടി അയയ്ക്കാന്‍ ആവശ്യപ്പെട്ടു,’ നിത്യ മാമ്മന്‍ പറയുന്നു.

ജയചന്ദ്രന്‍ ആവശ്യപ്പെട്ടത് പ്രകാരം താന്‍ പാട്ട് പാടി അയച്ചെന്നും പാട്ടുകേട്ട അദ്ദേഹം തന്നോട് സ്റ്റുഡിയോയിലേക്ക് ചെല്ലാന്‍ പറഞ്ഞുവെന്നും നിത്യ പറയുന്നു.

അവിടെ വെച്ചിട്ട് എം. ജയചന്ദ്രന്‍ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് തന്നെപ്പാടിക്കേള്‍പ്പിച്ചുവെന്നും
അദ്ദേഹം പാടിക്കേള്‍പ്പിച്ചതിന്റെ പത്തോ ഇരുപതോ ശതമാനം ഫീല്‍ മാത്രമേ തന്റെ പാട്ടില്‍ വന്നിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു.

സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച ‘വാതില്‍ക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് എഴുതിയത് ബി.കെ. ഹരിനാരായണന്‍ ആണെന്നും പിന്നീട് അദ്ദേഹത്തിന്റെ ഏഴെട്ടു പാട്ടുകള്‍ പാടാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും നിത്യ മാമ്മന്‍ പറയുന്നു.

ഒരു ജീനിയസാണ് ഹരിനാരായണന്‍ എന്നും വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന പാട്ടിന്റെ വരികള്‍ മതി അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കാനെന്നും അവര്‍ പറഞ്ഞു.

‘തുള്ളിയാമെന്നുള്ളില് വന്ന് നീയാം കടല്’ എന്നൊക്കെ എഴുതണമെങ്കില്‍ അത്രയും ടാലന്റ് വേണം. ശരിക്കും റൂമിയുടെ വാക്കുകളാണ് അത്. സൂഫിയും സുജാതയും എന്ന സിനിമയുടെ കഥയുമായി അത്രയും ചേര്‍ന്നു നില്‍ ക്കുന്ന വരികളാണ് ആ പാട്ടിലേത്,’ നിത്യ മാമ്മന്‍ പറഞ്ഞു.

Content Highlight: My song is 10 percent of what Jayachandran told me says Nithya Mammen