മലയാളസിനിമക്ക് ഫാസിൽ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത കുഞ്ചാക്കോ ബോബൻ രണ്ടാം വരവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു.
അഞ്ചാംപാതിര, നായാട്ട്, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളെല്ലാം രണ്ടാംവരവിൽ ചാക്കോച്ചൻ കളം മാറ്റി ചവിട്ടിയ സിനിമകളായിരുന്നു. ഇപ്പോൾ താൻ അഭിനയിച്ച ഗ്ർർർ എന്ന ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ മകന്റെ കൂട്ടുകാരനെപ്പറ്റി സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബൻ്റെ മകൻ
‘പല ആളുകളും സിനിമകൾ കണ്ടിട്ട് അഭിപ്രായം പറയാറുണ്ട്, നിരൂപണം ചെയ്യുന്നവരുണ്ട് അല്ലെങ്കിൽ വിമർശിക്കാറുണ്ട്. എന്റെ സിനിമയായ ഗ്ർർർ എന്ന സിനിമയുടെ ടീസർ പുറത്ത് വന്ന സമയമാണ്.
ഇപ്പോൾ ടീസറിനെയും ട്രെയ്‌ലറിനെ പോലും ഡീകോഡ് ചെയ്യുന്ന സമയമാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് തോന്നുന്നു എന്റെ മകന്റെ കൂടെ പഠിക്കുന്ന അവന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. ജോഡൻ എന്നാണ് ആ കുട്ടിയുടെ പേര്.
എന്നെ വിളിച്ചിട്ട് അവൻ പറഞ്ഞു ‘ചാക്കോച്ചനങ്കിൾ ടീസർ കണ്ടു. പൊളിയായിട്ടുണ്ട്’ എന്ന്. അപ്പോൾ ഞാൻ നന്ദിയൊക്കെ പറഞ്ഞു. എന്നിട്ട് അവൻ എന്നോട് പറഞ്ഞു ‘ഒരു പ്രശ്‌നമുണ്ടല്ലോ. അങ്കിളേ അതിനകത്ത് കിടക്കുന്നത് സിംഹം ആണ്. പക്ഷെ ചാക്കോച്ചനങ്കിൽ പറയുന്നത് ഇറങ്ങി വാടാ പട്ടി’ എന്നാണ് എന്ന്. അപ്പോൾ ഞാൻ വിചാരിച്ചു ഭാവിയിലെ ക്രിട്ടിക് ആണല്ലോ എന്നെ വിളിക്കുന്നത് എന്ന്,’ കുഞ്ചാക്കോ ബോബൻ പറയുന്നു.
ഗ്ർർർ
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളിലെത്തി ജയ്.കെ സംവിധാനം ചെയ്ത ചിത്രമാണ് ഗ്ർർർ. 2018ൽ തിരുവനന്തപുരം മൃഗശാല സിംഹശാലയിലേക്ക് ചാടിയ ഒരാളുടെ യഥാർത്ഥ കഥയുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രമാണിത്. സംവിധായകൻ ജയ്.കെയും പ്രവീൺ. എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങിയത്. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlight: My son’s friend decoded the teaser of that movie and called me says Kunchacko Boban