എഡിറ്റര്‍
എഡിറ്റര്‍
നിബന്ധനകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ സ്‌നോഡന്‍ തിരിച്ചെത്തും: പിതാവ്
എഡിറ്റര്‍
Saturday 29th June 2013 12:50am

edward

വാഷിങ്ടണ്‍: ചില നിബന്ധനകള്‍ പാലിക്കാന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറായാല്‍ ##സ്‌നോഡന്‍ അമേരിക്കയിലേക്ക് തിരിച്ചെത്താന്‍ തയ്യാറാകുമെന്ന് എഡ്വേഡ് സ്‌നോഡന്റെ പിതാവ് ലോണി സ്‌നോഡന്‍.
Ads By Google

സ്‌നോഡനുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ഒരുപക്ഷേ അവന്റെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായാല്‍ സ്‌നോഡന്‍ മടങ്ങിയെത്തി യേക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിചാരണയ്ക്ക് മുന്‍പ് തന്നെ തടവിലാക്കരുതെന്നാണ് അതില്‍ ഒരു നിബന്ധന. മറ്റൊന്ന് ഏത് കോടതിയില്‍ വിചാരണ നടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്‌നോഡന് തന്നെ നല്‍കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ബി.സി ന്യൂസ് ചാനലിനോട് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തരം നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ കത്ത് തന്റെ അഭിഭാഷകന്‍ മുഖേന യു.എസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറിന് കൈമാറാന്‍ സ്‌നോഡന്‍ തയ്യാറെടുക്കുന്നുണ്ട്. ഈ കത്തിന് അനുകൂലമായ മറുപടി ലഭിച്ചാല്‍ മാത്രമേ യു.എസ് കോടതിക്ക് മുന്‍പാകെ ഹാജരാകുന്നതിനെ കുറിച്ച് സനോഡന്‍ ചിന്തിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

സ്‌നോഡന് ചുറ്റുമുള്ള ആളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തനിയ്ക്ക് ഭയമുണ്ടെന്നും  സ്‌നോഡന്റെ പിതാവ് പറഞ്ഞു.

ഏപ്രിലിന് ശേഷം സ്‌നോഡനുമായി സംസാരിച്ചിട്ടില്ല. തന്റെ മകന്‍ രാജ്യദ്രോഹം കുറ്റം ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല. അമേരിക്കന്‍ ഭരണകൂടത്തെ അവന്‍ വഞ്ചിച്ചിട്ടുണ്ടാകാം, എന്നാല്‍ അമേരിക്കന്‍ ജനതയെ ഒരിക്കലും അവന്‍ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എഡ്വേഡ് സ്‌നോഡന് അഭയം നല്‍കാമെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നികളസ് മദുറോ അറിയിച്ചു.
സ്‌നോഡന്‍ സംരക്ഷണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അയാള്‍ക്ക് വെനിസ്വേലയിലേക്ക് വരാന്‍ കഴിയുമെങ്കില്‍ സംരക്ഷണം നല്‍കുമെന്നും അതുവഴി ലോകത്തിന് സത്യം തിരിച്ചറിയാനാകുമെന്നും മദുറോ പറഞ്ഞു.

സ്‌നോഡന്റെ പ്രവര്‍ത്തനങ്ങളെ സത്യത്തിന്റെ വിപ്‌ളവം എന്നാണ് മദുറോ വിശേഷിപ്പിച്ചത്. അമേരിക്കന്‍ യുവത്വം എന്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ പ്രതിനിധാനമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement