'മെസിയുടേത് കഴിഞ്ഞാല്‍ മികച്ചത് എന്റെ പ്രകടനം'; സിദാന്റെ വാക്കുകള്‍ ഉദ്ധരിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം
Football
'മെസിയുടേത് കഴിഞ്ഞാല്‍ മികച്ചത് എന്റെ പ്രകടനം'; സിദാന്റെ വാക്കുകള്‍ ഉദ്ധരിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th June 2023, 12:41 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കഴിഞ്ഞാല്‍ ഏറ്റവും മികച്ച ലെഫ്റ്റ് ഫൂട്ട് പെര്‍ഫോമന്‍സ് തന്റേതാണെന്ന് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ പറഞ്ഞതായി മാര്‍ക്കോ അസെന്‍സിയോ. നിലവില്‍ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുന്ന അസെന്‍സിയോ യൂറോസ്പോര്‍ട്ടിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പങ്കുവെച്ചത്.

‘മെസിക്ക് ശേഷം അതുപോലൊരു ലെഫ്റ്റ് ഫൂട്ട് പെര്‍ഫോമന്‍സ് കാണുന്നത് എന്റേതാണെന്ന് സിദാന്‍ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണത്. മെസിയെ പോലൊരു ഫുട്ബോള്‍ ഇതിഹാസത്തോട് എന്റെ കളിയെ താരതമ്യം ചെയ്തത് എന്നില്‍ വളരെയധികം മതിപ്പുളവാക്കുകയായിരുന്നു,’ അസെന്‍സിയോ പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കുന്ന അസെന്‍സിയെ ബാഴ്സലോണയിലേക്കോ പി.എസ്.ജിയിലേക്കോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാന്ത്യാഗോ ബെര്‍ണബ്യൂവില്‍ മതിയായ ഗെയിം ടൈം കിട്ടാത്തതിനാല്‍ താരം പി.എസ്.ജിയുമായി കരാറിലേര്‍പ്പെടാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ അസെന്‍സിയോ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ക്ലബ്ബ് ഫുട്ബോളിലെ ഭാവിയെക്കുറിച്ച് നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും എന്താകുമെന്ന് കണ്ടറിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വരുന്ന ജൂലൈയില്‍ താന്‍ ഫ്രീ ഏജന്റാകുമെന്നും അന്ന് ഏത് ക്ലബ്ബുമായി വേണമെങ്കിലും സൈനിങ് നടത്താമെന്നും അസെന്‍സിയോ പറഞ്ഞിരുന്നു. ബീ ഇന്‍ സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ലോസ് ബ്ലാങ്കോസിനായി കളിച്ച 285 മത്സരങ്ങളില്‍ നിന്ന് 61 ഗോളും 32 അസിസ്റ്റുകളുമാണ് അസെന്‍സിയോയുടെ സമ്പാദ്യം.

Content Highlights: ‘My performance is the best after Messi’s’; Real Madrid superstar quotes Zidane’s words