നിരീശ്വരവാദിയായ ജാവേദ് അക്തര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എതിരെ മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെയാണ് സര്‍ക്കാരിന്റെ കീഴിലുള്ള ഉറുദു അക്കാദമി നടത്തേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയത്.
ഇരുവിഭാഗങ്ങളും എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ ശരിയായ എന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടെന്നാണ് അര്‍ത്ഥമെന്ന് ഹിന്ദു-മുസ്‌ലിം മതമൗലികവാദികളുടെ വിമര്‍ശനത്തെ പരിഹസിച്ച് ജാവേദ് അക്തര്‍ പറഞ്ഞു.
‘എനിക്ക് ഇരുവിഭാഗങ്ങളുടെയും വിദ്വേഷ കത്തുകള്‍ ലഭിക്കാറുണ്ട്. ഇരുവിഭാഗവും എന്നെ ചീത്തവിളിക്കുന്ന കാലം വരേയും ഞാന്‍ ചെയ്യുന്നത് ശരിയായ കാര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്റെ പേര് ജാവേദ് അക്തര്‍ എന്നാണ്, ഈ പേരിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. രണ്ട് വാക്കുകളും പേര്‍ഷ്യനാണ്. ഇന്ത്യയില്‍ മാത്രമാണ് പേരുകള്‍ മതവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.’, ജാവേദ് അക്തര്‍ പ്രതികരിച്ചു.
‘ഒമര്‍ ഷെരീഫ് എന്ന ഈജിപ്ഷ്യന്‍ നടന്‍ ക്രിസ്ത്യാനിയായിരുന്നു. കൊല്‍ക്കത്തയില്‍ എത്തുമ്പോഴൊക്കെ എനിക്ക് വലിയ സന്തോഷമായിരുന്നു. ഞാന്‍ ഒരു നിരീശ്വരവാദിയാണ്.
‘ബൊയ് മേള’ എന്നെ സംബന്ധിച്ചിടത്തോളം ഒരു തീര്‍ത്ഥാടനമായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ പുസ്തകങ്ങള്‍ക്ക് വേണ്ടി ‘ബൊയ് മേള’ക്ക് എത്തുമായിരുന്നു. ആരോ പറഞ്ഞതുപോലെ ലോകം വിചാരിച്ചത്ര മോശമല്ലെന്ന് എനിക്ക് തോന്നുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്’- ജാവേദ് അക്തര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയാണ് ‘ബൊയ് മേള’.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെ കൊല്‍ക്കത്തയില്‍ ബംഗാള്‍ ഉറുദു അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു ഉറുദു സാഹിത്യോത്സവം നടക്കേണ്ടിയിരുന്നത്. പരിപാടികളില്‍ കവിതാപാരായണം, ചര്‍ച്ച തുടങ്ങിയ നിരവധി സെക്ഷനുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
‘ഹിന്ദി സിനിമയിലെ ഉറുദു ഭാഷ’ എന്ന വിഷയത്തില്‍ നടക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പരിപാടിയിലേക്കാണ് ജാവേദ് അക്തറിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍,ജാവേദ് അക്തര്‍ പരിപാടിക്ക് എത്തുന്നതിനെതിരെ രണ്ട് സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
പിന്നാലെയാണ് പരിപാടികള്‍ മാറ്റിവെച്ചെന്ന് അറിയിച്ച് സംഘാടകര്‍ രംഗത്തെത്തിയത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളെ തുടര്‍ന്ന് പരിപാടി പിന്‍വലിക്കുകയാണ് എന്നാണ് അക്കാദമി ഭാരവാഹികള്‍ പ്രതികരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മമത സര്‍ക്കാര്‍ മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.