അഞ്ചു പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ വിജയരാഘവൻ. 1973ലാണ് നടന്റെ ആദ്യ സിനിമ ‘കാപാലിക’ പുറത്തിറങ്ങിയത്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളും സഹ നടനായിട്ടുള്ള വേഷങ്ങളും ചെയ്ത് തുടങ്ങി ഇപ്പോൾ സ്വഭാവനടനായി സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യുന്ന നടനാണ് വിജയരാഘവൻ. റാംജിറാവ് സ്പീക്കിങ്ങ്, ഏകലവ്യൻ, ന്യൂ ഡെൽഹി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമയിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട കാലത്ത് താൻ തെരഞ്ഞെടുത്ത വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘അന്നത്തെ കൺസെപ്റ്റ് സ്റ്റാമ്പ് ചെയ്യപ്പെട്ട പോലെയായിരുന്നു നടി-നടന്മാർ. അമ്മാവനാണെങ്കിൽ ശങ്കരാടി ചേട്ടൻ, ഉണ്ണിയേട്ടൻ, പപ്പുവേട്ടൻ എന്നിവരും സൈഡ്റോൾ ചെയ്യാൻ വേണ്ടി വേറെ ഒരു സെഗ്മെന്റ് തന്നെയുണ്ടായിരുന്നു. വർമ്മ സാറും അസീസ് സാറൊക്കെ പൊലീസ് വേഷങ്ങളായിരിക്കും. അങ്ങനെ കുറെ കാറ്റഗറീസ് വച്ചിരിക്കുകയായിരുന്നു സിനിമയിൽ. ടൈപ്പ്കാസ്റ്റിംഗായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആ കാലത്ത് എന്നെ പോലെയുള്ളൊരാൾ ഇങ്ങനെ വ്യസ്തമായ റോളുകൾ ചെയ്യുന്നത് വിശ്വസിക്കില്ലായിരുന്നു. അത് വിശ്വസിപ്പിക്കുക എന്നുള്ളതായിരുന്നു എനിക്കുണ്ടായിരുന്ന ചലഞ്ച്.’ വിജയരാഘവൻ പറഞ്ഞു.

കിഷ്കിന്ധാകാണ്ഡത്തിലെ രംഗം.Photo.Screen Grab/Youtube.com
സിനിമയോടുള്ള തന്റെ സമീപനം സ്റ്റാർ ആവുക എന്നതിലേക്കാളുപരി ആർട്ടിസ്റ്റാവുക എന്നുള്ളതാണെന്ന് നടൻ പറഞ്ഞു. അവാർഡുകൾ കിട്ടിയ സിനിമകളായ കിഷ്കിന്ധാകാണ്ഡവും, പൂക്കാലവും പത്ത് വർഷം മുമ്പ് കിട്ടിയാലും താൻ ചെയ്യുമായിരുന്നെന്നും താരം വ്യക്തമാക്കി. വെനീസിലെ വ്യാപാരി ചെയ്ത സമയത്ത് മമ്മൂട്ടി തന്നോടെന്തിനാണ് ഈ പ്രായത്തിൽ വയസനായ റോളുകൾ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നെന്നും തനിക്കിങ്ങനെ ചെയ്യാനാണിഷ്ടമെന്നും പറഞ്ഞുവെന്ന് നടൻ കൂട്ടിച്ചേർത്തു.
‘എന്റെ നടപ്പോ ഇരിപ്പോ സംസാരരീതിയോ അല്ലാതെ വ്യസ്തനാകുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ഒരു നടനെന്ന വിശ്വാസവും അഭിമാനവും എനിക്ക് എന്നെപ്പറ്റി തോന്നുന്നത്. അവാർഡ് കിട്ടുമ്പോഴുള്ള നിമിഷത്തിനേക്കാളും എനിക്ക് വലുതാണ് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുകയെന്നുള്ളത്. അതിൽ ഞാൻ ആസ്വദിക്കുന്നൊരു സുഖമുണ്ട്.’ താരം പറഞ്ഞു.
ഗണേഷ് രാജ് സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ‘പൂക്കാലം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. ദിൻജിത്ത് അയ്യത്തൻ സംവിധാനം ചെയ്ത ‘കിഷ്കിന്ധാകാണ്ഡ’ത്തിനു 2024ൽ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
Content Highlight: My approach to cinema is to be an artist rather than a star said Vijayaraghavan
