എഡിറ്റര്‍
എഡിറ്റര്‍
‘കോഴ പകുത്ത് നല്‍കിയപ്പോള്‍ കുറഞ്ഞുപോയതിലാണോ അന്വേഷണം’; മെഡിക്കല്‍ കോളേജ് കോഴയില്‍ ബി.ജെ.പിയുടെ സംഘടനാനടപടിയെ പരിഹസിച്ച് എം.വി ജയരാജന്‍
എഡിറ്റര്‍
Saturday 12th August 2017 4:17pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലെ ബി.ജെ.പി അന്വേഷണത്തെയും തുടര്‍ന്നുണ്ടായ സംഘടനാനടപടിയേയും പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാനസമിതി അംഗം എം.വി ജയരാജന്‍. അഴിമതി നടത്തിയതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നാണ് അവരുടെ നിലപാടില്‍ നിന്ന് മനസിലാക്കുന്നതെന്ന് എംവി ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോഴ വീതം വെച്ചപ്പോള്‍ പങ്കിട്ടെടുത്തതില്‍ കുറഞ്ഞുപോയതിനാണോ അന്വേഷണം നടത്തിയതെന്നും അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറാവുമോ എന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.


Also Read:ട്രാന്‍സ്‌ജെന്ററുകള്‍ക്ക് പൗരാവകാശം ഉറപ്പുവരുത്തുന്ന ബില്‍ പാസാക്കി പാകിസ്ഥാന്‍ പാര്‍ലമെന്റ്: ട്രാന്‍സ്‌ജെന്ററുകള്‍ക്ക് എതിരായ അതിക്രമം ക്രിമിനല്‍ കുറ്റം


എംവി ജയരാജന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

അഴിമതിയും അഴിമതി സംബന്ധിച്ച വാര്‍ത്ത ചോര്‍ത്തലും ഒരു ബിജെപി പരിപ്രേഷ്യം

പാര്‍ട്ടി താത്പര്യം സംരക്ഷിക്കുന്നതിനാണ് വിവി രാജേഷിനെതിരെ നടപടി സ്വീകരിച്ചത് എന്നാണ് കഴിഞ്ഞദിവസം ഒരു വാര്‍ത്താചാനലില്‍ കുമ്മനം പ്രസ്താവിച്ചതായി കണ്ടത്. ബിജെപി വക്താവ് കൂടിയായ രാജേഷിനെതിരെ ആ പാര്‍ട്ടി സംഘടനാ നടപടി കൈക്കൊണ്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോഴ സംബന്ധിച്ച ബിജെപി അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ്.

അങ്ങനെവരുമ്പോള്‍ കുമ്മനം പറഞ്ഞ പാര്‍ട്ടി താല്‍പ്പര്യം എന്താണ്..? (1) അഴിമതി നടത്തുന്നത് ബിജെപി അംഗീകരിക്കുന്നു; (2) അത് സംബന്ധിച്ച് ബിജെപി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ബിജെപി നേതാക്കളുടെ ലക്ഷങ്ങളുടെ കോഴയിടപാടുകള്‍ പ്രശ്നമല്ല; എന്നാല്‍ ആ അഴിമതി പൊതുജനങ്ങളെ അറിയിച്ചത് ഗുരുതരമായ പിശകാണ് എന്നാണ്. അതുകൊണ്ടായിരിക്കുമല്ലോ അഴിമതി നടത്തിയതായി ബിജെപി തന്നെ കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ നടപടി ഇല്ലാത്തത്.

അപ്പൊ ഒരു സംശയം എന്തിനാണ് മെഡിക്കല്‍ കോഴ സംബന്ധിച്ച് ബിജെപി അന്വേഷിച്ചത്…? കോഴയുടെ വലിപ്പം മനസ്സിലാക്കി, ചില നേതാക്കള്‍ക്ക് മാത്രം ലഭിച്ചത് ബിജെപി സംസ്ഥാന നേതാക്കള്‍ക്കാകെ പങ്കിട്ടെടുക്കാന്‍ വേണ്ടിയായിരുന്നോ..? അതല്ല, മെഡിക്കല്‍ കോഴ സൂത്രധാരനായ ബിജെപി നേതാവ് കോഴ പകുത്തത് കുറഞ്ഞുപോയോ എന്ന് കണ്ടെത്താനായിരുന്നോ ആ അന്വേഷണം..? ഈ അടുത്ത് ആരോ ഒരാള്‍ മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞത്’ കാവിയുടുക്കാത്ത സന്ന്യാസിയാണ് കുമ്മനം’ എന്നാണ്. കള്ളം പറയുന്നതും ചെയ്യുന്നതും കൂട്ടുനില്‍ക്കുന്നതും സന്ന്യാസിയുടെ ലക്ഷണമല്ലെന്നത് സാമാന്യവിവേകമുള്ളവര്‍ക്ക് അറിയുന്നതാണ്. അങ്ങനെ കള്ളമില്ലാത്തയാളാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടിയിരുന്നത് അഴിമതിക്കാരെ ആയിരുന്നില്ലേ..? അഴിമതി നടത്തിയതായി ബിജെപി ക്ക് ബോധ്യമായിരിക്കുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സംഘടനാ നടപടിയും നിയമ നടപടിയും സ്വീകരിക്കാന്‍ ബിജെപി പ്രസിഡന്റും നേതൃത്വവും ഇനിയെങ്കിലും തയ്യാറാകുമോ..?”

Advertisement