സുധാകരന്റെ സ്ഥാനം പോയാല്‍ പ്രതിപക്ഷനേതാവായി ഉണ്ടാകില്ലെന്ന് സതീശന് അറിയാം, കേസിന്റെ പോക്ക് അങ്ങോട്ടാണ്: എം.വി.ഗോവിന്ദന്‍
Kerala News
സുധാകരന്റെ സ്ഥാനം പോയാല്‍ പ്രതിപക്ഷനേതാവായി ഉണ്ടാകില്ലെന്ന് സതീശന് അറിയാം, കേസിന്റെ പോക്ക് അങ്ങോട്ടാണ്: എം.വി.ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 2:28 pm

 

തിരുവനന്തപുരം: മോൻസൺ കേസില്‍ കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സ്ഥാനവും പോകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദന്‍.

സുധാകരന്റെ കേസിന്റെ പോക്ക് അങ്ങോട്ടാണെന്നും എല്ലാത്തിനും തെളിവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് അറിയുന്നതെന്നും ഗോവന്ദന്‍ പറഞ്ഞു. എന്‍.ജി.ഒ യൂണിയന്റെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

‘ഇത്രേയുമായിട്ട് സുധാകരനെ കെ.പി.സി.സി പ്രസഡന്റാക്കണോ എന്നത് കോണ്‍ഗ്രസ് ആലോചിക്കണം. മരിച്ചാലും മാറ്റില്ലെന്നാണ് സതീശന്‍ പറയുന്നത്. സുധാകരനെ കൈവിട്ടാല്‍ സ്വാഭാവികമയി പ്രതിപക്ഷ നേതാവിനെയും ബാധിക്കും. കാരണം കേസിന്റെ പോക്ക് അങ്ങോട്ടാണ്. എല്ലാത്തിനും തെളിവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്,’ ഗോവിന്ദന്‍ പറഞ്ഞു.

അപകീര്‍ത്തി പരാമര്‍ശങ്ങളുടെ പേരിലുള്ള സുധാകരന്റെ മാനനഷ്ടക്കേസ് പാര്‍ട്ടിയും ദേശാഭിമാനിയും ഒറ്റക്കെട്ടായി നേരിടുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘മോണ്‍സനെക്കുറിച്ച് പറഞ്ഞാല്‍ അയാള്‍ എന്തെങ്കിലും വിളിച്ചുപറയുമെന്ന് സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് ഒരു തട്ടിപ്പ് കേസാണ്, അതിനെയാണ് രാഷ്ട്രീയ കേസ് എന്ന് പറയുന്നത്.

ഒരു തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് സുധാകരന്‍. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം സ്വീകരിച്ചിട്ടുണ്ട്. മോണ്‍സന്‍ ആത്മ മിത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മോണ്‍സനെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. പോക്‌സോ കേസിലെ പ്രതിയെക്കുറിച്ചാണ് സുധാകരന്‍ പറയുന്നത്.

മാനനഷ്ടക്കേസ് നല്‍കി പേടിപ്പിക്കാന്‍ കെ. സുധാകരന്‍ നോക്കേണ്ട, പാര്‍ട്ടിയും ദേശാഭിമാനിയും ശക്തമായിതന്നെ ഇതിനെ നേരിടും. മാനനഷ്ട കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല സി.പി.ഐ.എമ്മും ദേശാഭിമാനിയും.

മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സുധാകരന്‍ തന്നെയല്ലെ വിവരങ്ങള്‍ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: MV Govindan says VD Satheesan knows that he will not be Leader of Opposition if K. Sudhakaran’s position is gone