സുപ്രീം കോടതിയില്‍ കേസിന് പോയതിന്റെ ചെലവ് വേണമെന്ന ഗവര്‍ണറുടെ ആവശ്യം ചട്ടവിരുദ്ധം: എം.വി. ഗോവിന്ദന്‍
Kerala
സുപ്രീം കോടതിയില്‍ കേസിന് പോയതിന്റെ ചെലവ് വേണമെന്ന ഗവര്‍ണറുടെ ആവശ്യം ചട്ടവിരുദ്ധം: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 8:42 am

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്കെതിരെ സ്വന്തം നിലയില്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയതിന്റെ ചെലവ് സര്‍വകലാശാലകള്‍ തന്നെ നല്‍കണമെന്ന ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം ചട്ടവിരുദ്ധമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സര്‍വകലാശാലകളില്‍ ചാന്‍സലറുടെ നിയമവിരുദ്ധ ഇടപെടല്‍ തള്ളിയ ഹൈക്കോടതി വിധിയെ അദ്ദേഹം ചോദ്യം ചെയ്തതിനുള്ള ചെലവാണ് സര്‍കലാശാലകളോട് ഈടാക്കുന്നതെന്നും ഈ വിചിത്ര നടപടിയില്‍ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഗവര്‍ണര്‍ക്ക് അനുകൂല വിധി ലഭിച്ചില്ല. ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേസിന് പോയതിന് ചെലവുകള്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയോടും കേരള ടെക്‌നിക്കല്‍ സര്‍വകലാശയോടും 5.5 ലക്ഷം രൂപ വീതം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നിയമങ്ങള്‍ക്ക് എതിരാണ്,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍ലേക്കര്‍ നേരിട്ട് രാഷ്ട്രീയം കളിച്ച് പക്ഷം പിടിക്കുന്നവരെ ഉപയോഗപ്പെടുത്തി നിയവിരുദ്ധമായി ഇടപെടുന്നെന്നും ഇത് ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാനാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പൊതുവിദ്യാഭാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ക്രിയാത്മകമായ നടപടികളിലൂടെയാണ് കേരളം മികച്ച മുന്നേറ്റം നടത്തിയത്. കേന്ദ്രം ഗവര്‍ണറെ ഉപയോഗിച്ച് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ സര്‍വകലാശകളും കോളേജുകളും ദേശീയ, അന്തര്‍ദേശീയ നിലവാരമുള്ളതായി. റാങ്കിങ്ങുകളില്‍ മികച്ച സ്ഥാനങ്ങള്‍ നേടാനും സാധിച്ചു. ഇതോടെ, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. കേരളത്തിലെ മൂന്ന് സര്‍വകലാശാലകള്‍ രാജ്യത്തെ 17 മികച്ച സര്‍വകലാശാലകളില്‍ ഇടം പിടിച്ചു. മികച്ച നിലവാരമുള്ള രാജ്യത്തെ ആദ്യ 100 കോളേജുകളില്‍ 18 ഉം കേരളത്തില്‍ നിന്നാണ്.

ഈ ഘട്ടത്തിലാണ് ഗവര്‍ണര്‍ അനാവശ്യ ഇടപെടലുകളും കേസുകളും നടത്തുന്നത്. ഇതിലൂടെ ഗവര്‍ണറെ ഉപയോഗിച്ച് ഈ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത്തരം ജനാതിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചില്ല. പിന്നീട് ഈ വിധിയെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പക്ഷേ, സുപ്രീം കോടതിയിലും ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിട്ടു.

Content Highlight: MV Govindan says Governor Rajendra Arlekar’s  demand for expenses incurrd for case in Supreme court  is illegal