തിരുവനന്തപുരം: ചരിത്രകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കരുടെ വിയോഗത്തില്‍ അനുശോചിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മതനിരപേക്ഷതയുടെ കാവലാളായ ഇന്ത്യയുടെ ആധുനിക ചരിത്രകാരന്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കെ.എന്‍. പണിക്കരുടെ വിയോഗത്തിലൂടെ ഇന്ത്യന്‍ ചരിത്ര ഗവേഷണ ശാഖയില്‍ ഒരിക്കലും നികത്താനാകാത്ത വിടവാണ് സംഭവിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറയുന്നു. സി.പി.ഐ.എം കേരള ഘടകത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

രാജ്യം കണ്ട പ്രഗത്ഭനായ ചരിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കാന്‍ എക്കാലവും അദ്ദേഹത്തിന് സാധിച്ചിരുന്നു.

സാമ്രാജ്യത്വത്തിന് എതിരെ കര്‍ഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും നടത്തിയ പോരാട്ട ചരിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ച മഹാനായ ചരിത്രകാരനായിരുന്നു അദ്ദേഹമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ചരിത്രകാരന്‍, ധൈഷണികന്‍, ശക്തനായ മതനിരപേക്ഷതയുടെ പോരാളി എന്നീ നിലകളിലെല്ലാം കെ.എന്‍. പണിക്കര്‍ നല്‍കിയ സംഭാവനകള്‍ രാജ്യം മറക്കില്ല. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള വിയോഗം നാമേവരെയും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ചരിത്രത്തെ തെറ്റായി വളച്ചൊടിക്കാനും അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിക്കാനും ശ്രമിച്ചവരെ ചരിത്രബോധം പകര്‍ന്നാണ് അദ്ദേഹം എതിരിട്ടത്.

മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും സാധിച്ച ചരിത്രകാരനാണ് മണ്‍മറയുന്നത്. ചരിത്രത്തിന് പിന്നാലെ സഞ്ചരിച്ച് ചരിത്രമായി മാറിയ മനുഷ്യസ്‌നേഹിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നതായും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കെ.എന്‍. പണിക്കരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മതനിരപേക്ഷ വാദികളായ മനുഷ്യരുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ധക്യസഹജ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കെ.എന്‍. പണിക്കര്‍ വിടവാങ്ങിയത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെ (ചൊവ്വ) വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

Content Highlight: MV Govindan condoles the death of K.N. Panikkar