15 വര്‍ഷം മുന്‍പ് ഇന്ത്യയുടെ തോല്‍വിയാഗ്രഹിച്ച ഇന്ത്യന്‍ ആരാധകര്‍; അതും അയാള്‍ക്ക് വേണ്ടി!
Sports News
15 വര്‍ഷം മുന്‍പ് ഇന്ത്യയുടെ തോല്‍വിയാഗ്രഹിച്ച ഇന്ത്യന്‍ ആരാധകര്‍; അതും അയാള്‍ക്ക് വേണ്ടി!
ആദര്‍ശ് എം.കെ.
Friday, 18th July 2025, 3:43 pm
ഒരുവശത്ത് മലിംഗ ഇന്ത്യയുടെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞിട്ടപ്പോള്‍ ലങ്കന്‍ ആരാധകര്‍ക്ക് പോലും ആശങ്കയുയര്‍ന്നു. മുരളിക്ക് വേണ്ടി ഇവന്‍ വിക്കറ്റൊന്നും ബാക്കി വെക്കില്ലേ എന്നതായിരുന്നു അവരുടെ ആശങ്കകള്‍ക്ക് കാരണം.

2010 ജൂലൈയിലെ ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. അതിന്റെ അഞ്ചാം ദിവസം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത, ഇനിയൊരിക്കലും പിറവിയെടുക്കാന്‍ സാധ്യതയില്ലാത്ത ഒരു മുഹൂര്‍ത്തത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ദേശ്ബന്ധു മുത്തയ്യ മുരളീധരന്‍ എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ ക്രിക്കറ്റിലെ ഒരേയൊരു രാജാവായി മാറിയ മത്സരം.

മുരളിയുടെ കരിയറിലെ അവസാന മത്സരമായിരുന്നു അത്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം അദ്ദേഹം കൈപ്പിടിയിലൊതുക്കിയ മാച്ചെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു.

15 വര്‍ഷങ്ങള്‍ക്ക് മുമ്പിലുള്ള 2010 ജൂലൈ 18. ഗല്ലെയിലെ 22 യാര്‍ഡ് പിച്ച് ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ക്കായി ഓരോ നിമിഷവും കാത്തിരുന്നു. അഞ്ച് ദിവസങ്ങള്‍ക്കപ്പുറം തന്നെ ഇതിഹാസമാക്കിയ ആ ചുവന്ന പന്തിനോടും ജീവിതം പകുത്തുനല്‍കിയ 22 യാര്‍ഡ് പിച്ചിനോടും മുരളി വിടപറയുകയാണ്.

അവസാന മത്സരത്തിന്

ഈ പരമ്പരയ്ക്ക് മുമ്പ് തന്നെ ആദ്യ ടെസ്റ്റിന് ശേഷം താന്‍ വിരമിക്കുമെന്ന് മുത്തയ്യ പ്രഖ്യാപിച്ചിരുന്നു. ആ സമയം വെറും എട്ട് വിക്കറ്റുകള്‍ മാത്രമാണ് 800 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലേക്ക് മുരളീധരന് വേണ്ടിയിരുന്നത്.

ഒരു പക്ഷേ ഗല്ലെയില്‍ അദ്ദേഹത്തിന് എട്ട് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയാല്‍? 800 ടെസ്റ്റ് വിക്കറ്റെന്ന ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ആ റെക്കോഡ് അനാഥമാകുമായിരുന്നു.

ഈ ആശങ്ക അന്നത്തെ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയ്ക്കുമുണ്ടായിരുന്നു. ഒരുപക്ഷേ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്താനാകാതെ പോയാല്‍ ഈ റെക്കോഡിലെത്താന്‍ വേണ്ടി മാത്രം മറ്റൊരു മത്സരം കൂടി കളിക്കാന്‍ സംഗ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ ആ നേട്ടത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് അതിനുള്ള അര്‍ഹതയില്ല എന്നായിരുന്നു മുത്തയ്യയുടെ മറുപടി.

മുത്തയ്യ മുരളീധരന്‍

 

2010 ജൂലൈ 18 മുതല്‍ 22 വരെ ഗല്ലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടോസ് ഭാഗ്യം തുണച്ചത് ലങ്കയെയായിരുന്നു. ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെയും ഓപ്പണര്‍ തരംഗ പരണവിതാനയുടെയും സെഞ്ച്വറി കരുത്തില്‍ ലങ്ക 520/8 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

കുമാര്‍ സംഗക്കാര | തരംഗ പരണവിതാന

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഗംഭീറിനെ നഷ്ടമായ ഇന്ത്യക്ക് ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ ദ്രാവിഡിനെയും നഷ്ടമായി.

ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മടങ്ങിയതോടെ ലോകമൊന്നാകെ ഗല്ലെയിലേക്ക് ചുരുങ്ങി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ വിക്കറ്റ് കൊയ്തതോടെ മുരളീധരന്‍ സ്വപ്നനേട്ടത്തിലേക്ക് ഒരടി കൂടി അടുത്തു. മുരളിയുടെ കരിയറിലെ 793ാം വിക്കറ്റായാണ് സച്ചിന്‍ പവലിയനിലേക്ക് മടങ്ങിയത്.

സച്ചിന് പിന്നാലെ ആദ്യ ഇന്നിങ്‌സില്‍ നാല് താരങ്ങള്‍ കൂടി മുത്തയ്യ മാജിക്കില്‍ തിരിച്ചുനടന്നു.യുവരാജ് സിങ്, എം.എസ്. ധോണി, പ്രഗ്യാന്‍ ഓജ, അഭിമന്യു മിഥുന്‍ എന്നിവരെ മടക്കിയാണ് മുത്തയ്യ തന്റെ ടെസ്റ്റ് കരിയറിലെ അവസാന ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കിയത്.

തന്റെ കരിയറിലെ 67ാം ഫൈഫര്‍ പൂര്‍ത്തിയാക്കിയ മുരളിയുടെ കരുത്തില്‍ ലങ്ക ഇന്ത്യയെ ഫോളോ ഓണിനയച്ചു.

ലങ്കയുടെ 520 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 276 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഫോളോ ഓണിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഗംഭീറിനെ ബ്രോണ്‍സ് ഡക്കാക്കി ലസിത് മലിംഗയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഒരുവശത്ത് മലിംഗ ഇന്ത്യയുടെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞിട്ടപ്പോള്‍ ലങ്കന്‍ ആരാധകര്‍ക്ക് പോലും ആശങ്കയുയര്‍ന്നു. 800 വിക്കറ്റിലെത്താന്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം ആവശ്യമുള്ള മുരളിക്ക് വേണ്ടി ഇവന്‍ വിക്കറ്റൊന്നും ബാക്കി വെക്കില്ലേ എന്നതായിരുന്നു അവരുടെ ആശങ്കകള്‍ക്ക് കാരണം.

ലസിത് മലിംഗ

എന്നാല്‍ യുവരാജ് സിങ്ങിനെ ജയവര്‍ധനെയുടെ കൈകളിലെത്തിച്ച് മുരളി മടക്കിയതോടെ ഗല്ലെ ആര്‍ത്തിരമ്പി. മുരളീധരന്റെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ 798ാമനായി യുവി പുറത്തായി.

പിന്നാലെ ഹര്‍ഭജന്റെ വിക്കറ്റും സ്വന്തമാക്കിയതോടെ ആരാധകരുടെ നെഞ്ചിടിപ്പിന്റെ വേഗം ഇരട്ടിയായി. ചരിത്രം കുറിക്കാന്‍ മുരളീധരന് വേണ്ടത് വെറും ഒറ്റ വിക്കറ്റ് മാത്രം. ക്രീസിലുള്ളതാകട്ടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ‘വെരി വെരി സ്പെഷ്യല്‍’ വി.വി.എസ്. ലക്ഷ്മണും അഭിമന്യു മിഥുനും.

ചരിത്രപ്പിറവിക്ക് ഒരു വിക്കറ്റ് ദൂരം

എട്ടാം വിക്കറ്റായി അഭിമന്യു മിഥുന്‍ മലിംഗയോട് തോറ്റപ്പോള്‍, ലക്ഷ്മണ്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

അവസാനക്കാരനായി പ്രഗ്യാന്‍ ഓജ ക്രീസിലെത്തുമ്പോള്‍ കൂട്ടുണ്ടായിരുന്നത് ഇഷാന്ത് ശര്‍മയായിരുന്നു. ചെറുത്ത് നില്‍ക്കാവുന്നതിന്റെ അങ്ങേത്തലയ്ക്കല്‍ ഇരുവരും ക്രീസില്‍ തുടര്‍ന്നപ്പോള്‍ മുത്തയ്യയുടെ 800ാം വിക്കറ്റിനായി ഇന്ത്യന്‍ ആരാധകര്‍ പോലും ആഗ്രഹിച്ചു. കാരണം അയാളത് അത്രത്തോളം അര്‍ഹിച്ചിരുന്നു.

ഒടുവില്‍ 116ാം ഓവറിലെ നാലാം പന്തില്‍ ഓജ ജയവര്‍ധനെയുടെ കയ്യില്‍ ഒതുങ്ങുമ്പോള്‍ ഗല്ലെയിലെ ബിഗ് സ്‌ക്രില്‍ ചരിത്രത്തിന്റെ പിറവി വലിയ അക്ഷരങ്ങളില്‍ എഴുതിക്കാണിച്ചു.

800 ടെസ്റ്റ് വിക്കറ്റുകള്‍

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ലങ്കന്‍ ബാറ്റര്‍മാര്‍ മുരളീധരന് വേണ്ടി ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടന്നു. തന്റെ അവസാന ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയവുമായി മുരളി കളിക്കളത്തില്‍ നിന്നും ഇതിഹാസതുല്യനായി പടിയിറങ്ങി. അര്‍ജുന രണതുംഗെ വീണ്ടെടുത്ത് നല്‍കിയ തന്റെ കരിയറിനോട് ഇരുന്നൂറ് ശതമാനവും നീതി പുലര്‍ത്തി അയാള്‍ കളിയവസാനിപ്പിച്ചു.

യുവിയുടെ അഭിനന്ദനം

ചരിത്ര നേട്ടം പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിച്ചപ്പോള്‍

മുരളിയുടെ അവസാന ടെസ്റ്റ് മത്സരത്തിന് ഇന്നേയ്ക്ക് 15 വയസ് തികയുകയാണ്. മുരളിക്ക് മുമ്പും ശേഷവും ഒരുപാട് താരങ്ങളുടെ പിറവിക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചെങ്കിലും അദ്ദേഹത്തോളം ആരുമെത്തിയില്ല.

ലങ്കയെ ചുമലിലേറ്റിയവനെ ചുമലിലേറ്റി ക്യാപ്റ്റന്‍ സംഗക്കാരയും ധമിക പ്രസാദും

ക്രിക്കറ്റില്‍ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന പലരുടെയും റെക്കോഡുകള്‍ തകരുമെന്നും തകര്‍ക്കുമെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴും മുരളീധരന്റെ പേര് അക്കൂട്ടത്തില്‍ ഒരിക്കലും അക്കൂട്ടത്തിലുണ്ടാകാറില്ല. കാരണം ആ മനുഷ്യന്റെ റെക്കോഡുകളൊന്നും അത്രപെട്ടന്ന് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല. അങ്ങനെ നോക്കിയാല്‍ മുരളീധരനല്ലേ ക്രിക്കറ്റിലേ യഥാര്‍ത്ഥ ഗോട്ട്!

Content Highlight: Muttiah Muralitharan’s last match

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.