പ്രായം അമ്പതാ കൊച്ച് പയ്യനാ! മുത്തയ്യയുടെ മാരക ഫീല്‍ഡിങ്; ഞെട്ടലോടെ ആരാധകര്‍
Cricket
പ്രായം അമ്പതാ കൊച്ച് പയ്യനാ! മുത്തയ്യയുടെ മാരക ഫീല്‍ഡിങ്; ഞെട്ടലോടെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th September 2022, 3:32 pm

ലെജന്‍ഡ്‌സ് ക്രിക്കറ്റില്‍ ഓരോ ദിവസം കഴിയുമ്പോഴും മികച്ച പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും ക്രിക്കറ്റില്‍ എങ്ങനെയാണ് അവര്‍ ഇതിഹാസങ്ങള്‍ ആയതെന്ന് തെളിയിക്കുകയാണ്.

ക്രിക്കറ്റിനോടുള്ള അവരുടെ പാഷനും സ്‌നേഹവും നമുക്ക് ഈ മത്സരങ്ങളില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ ദിവസം സുരേഷ് റെയ്‌നയുടെ ക്യാച്ച് വ്യാപകമായി വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ശ്രീലങ്കന്‍ ഇതിഹാസ താരമായ മുത്തയ്യ മുരളീധരന്‍ നടത്തിയ ക്യാച്ച് ശ്രമമാണ്.

അമ്പതാം വയസ്സില്‍ ക്യാച്ചിനായി അദ്ദേഹം നടത്തിയ ശ്രമം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പന്ത് നിയന്ത്രണത്തില്‍ ആക്കിയതിന് ശേഷം അവസാന നിമിഷം കൈപിടിയില്‍ നിന്ന് വഴുതി പോയെങ്കിലും മുരളീധരന്റെ സാഹസിക ശ്രമത്തിന് ആരാധകര്‍ കയ്യടിക്കുകയാണ്.

ലെജന്‍ഡ്സ് ലീഗില്‍ ഇന്നലെ നടന്ന ഇന്ത്യ ക്യാപിറ്റല്‍സ് മണിപ്പാല്‍ ടൈഗേഴ്‌സ് തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു മുത്തയ്യയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനം. 13ാം ഓവറിലെ നാലാം പന്തില്‍ സ്‌ട്രൈക്കില്‍ ഉണ്ടായിരുന്ന റോസ് ടെയ്ലര്‍ മുരളീധരന് ഇടത്തെ സൈഡിലേക്ക് പന്ത് അടിക്കുകയായിരുന്നു.

ഒരു ഡൈവ് അകലത്തില്‍ പോവുകയായിരുന്ന പന്ത് രണ്ടാമതൊന്ന് ചിന്തിക്കാതെ മുരളി ചാടി കയ്യിലൊതുക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്രായം പോലും മറന്നായിരുന്നു അദ്ദേഹം വായുവില്‍ ചാടിയത്. പന്ത് കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും ഗ്രൗണ്ടില്‍ വീണ സമയത്ത് പന്ത് കൈയില്‍ നിന്ന് തെന്നി പോവുകയായിരുന്നു.

മുരളീധരന്റെ ശ്രമം ഞെട്ടലോടെയാണ് സഹതാരങ്ങള്‍ നോക്കി നിന്നത്. ഹര്‍ഭജനടക്കം എല്ലാ താരങ്ങളും അദ്ദേഹത്തെ കയ്യടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് മണിപാല്‍ ടൈഗേഴ്‌സിനെ തകര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം നേടുകയായിരുന്നു.

Content Highlight: Muthayya Muraleedharan’s excellent fielding in legends cricket