അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് താരം ബാഴ്‌സയിലേക്ക് മടങ്ങുമോ? പ്രതീക്ഷകളുമായി ബാഴ്‌സ
Football
അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് താരം ബാഴ്‌സയിലേക്ക് മടങ്ങുമോ? പ്രതീക്ഷകളുമായി ബാഴ്‌സ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th September 2022, 3:14 pm

കഴിഞ്ഞ കുറേ നാളുകളായി അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കുന്ന വാര്‍ത്തയാണ് അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയുടെ ക്ലബ്ബ് മാറ്റം. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെ ചര്‍ച്ചകള്‍ ശക്തമായി വരികയാണ്.

മെസിയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് ബാഴസലോണ വൈസ് പ്രസിഡന്റ് എഡ്വേര്‍ഡ് റോമിയോ പറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. താരം ബാഴ്‌സയിലേക്ക് മടങ്ങി വരാനൊരുങ്ങുമെന്നും അത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നമാണ് അദ്ദേഹം പറഞ്ഞത്. കാറ്റലൂണ്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുന്നത് ഫ്രീ ഏജന്റായിട്ടാണ്. അത് സാമ്പത്തികമായി നേട്ടുമുണ്ടാക്കും. പക്ഷേ ഇത് കോച്ചിങ് സ്റ്റാഫും താരവും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്. ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എനിക്ക് സാധിക്കില്ല, പക്ഷേ ഇത് പ്രായോഗികമായിരിക്കും,’ എഡ്വേര്‍ഡ് പറഞ്ഞു.

സീസണ്‍ അവസാനം പാരീസ് സെയ്ന്റ് ഷെര്‍മാങ്ങുമായുള്ള കരാര്‍ അവസാനിച്ചാല്‍ താരം ബാഴ്‌സയിലേക്ക് മടങ്ങുമോ എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും താരം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫ്രാന്‍സിലെ തന്റെ ആദ്യ വര്‍ഷത്തേക്കാള്‍ മികച്ച രീതിയിലാണ് മെസി ഈ ലീഗ് വണ്‍ സീസണ്‍ ആരംഭിച്ചത്. നിലവില്‍ എട്ട് ലീഗ് ഔട്ടിങ്ങുകളില്‍ നിന്ന് നാല് ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ഈ മാസം അര്‍ജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടിയ മത്സരങ്ങളില്‍ മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ ഹോണ്ടുറാസിനും ജമൈക്കക്കുമെതിരെ ലയണല്‍ മെസി രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് മത്സരങ്ങളും 3-0 എന്ന നിലയിലാണ് അര്‍ജന്റീന ജയിച്ചത്.

 

 

Content Highlights: Rumors about Lionel Messi’s club transfer