സത്യത്തില്‍ ആരാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍?
Muslim League
സത്യത്തില്‍ ആരാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍?
മുസ്തുജാബ് മാക്കോലത്ത്
Monday, 20th September 2021, 2:52 pm
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റോ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയോ പ്രസിഡന്റിന് പകരമായി താത്കാലികമായി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? ഈ വക കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ ആരാണ്? പാണക്കാട് നിന്നുള്ള തങ്ങന്‍മാരില്‍ ആരെങ്കിലുമാണോ? അതോ, ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുക്കുന്ന തങ്ങളാണോ? നിലവില്‍ ആരാണ് ലീഗ് അധ്യക്ഷന്‍?

‘കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1973 ഫെബ്രുവരി 25ന് മുസ്‌ലിം ലീഗ് സംസ്ഥാന കൗന്‍സില്‍ ചേര്‍ന്നു. യോഗത്തില്‍ മുസ്‌ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റായി പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെ കെ. അവുക്കാദര്‍ക്കുട്ടി നഹ നിര്‍ദേശിച്ചു. സി.കെ.പി. ചെറിയ മമ്മുകേയി നഹ സാഹിബിന്റെ നിര്‍ദ്ദേശം പിന്താങ്ങി. തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങള്‍ തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്തിക്കൊണ്ട് ഏകകണ്ഠമായി പൂക്കോയ തങ്ങളെ കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി തെരെഞ്ഞെടുത്തു.’

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍

‘പൂക്കോയ തങ്ങളുടെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രസിഡന്റ് ആക്കുവാനായി ആവശ്യമുയര്‍ന്നു. 39 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം അന്ന് ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്നു. 1975 സെപ്റ്റംബര്‍ ഒന്നിന് നടന്ന സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് നിര്‍ദേശിക്കുകയും സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വി. അബ്ദുല്ല കോയ പിന്താങ്ങുകയും ചെയ്തു.’

‘2009 ഓഗസ്റ്റ് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞു. ശിഹാബ് തങ്ങളുടെ ഖബറടക്കശേഷം ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വെച്ച് നടന്ന അടിയന്തിര സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന പ്രസിഡന്റിന്റെ ചുമതല ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് അറിയിച്ചു. യോഗത്തില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

14-08-2009 ന് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന 133 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിയും 367 അംഗ കൗണ്‍സിലും ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്ത് ഏകകണ്‌ഠേന അംഗീകരിച്ചു. ഇതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഔദ്യോഗികമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി.’

കഴിഞ്ഞ ദിവസം (സെപ്റ്റംബര്‍ 18) മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബഹുമാന്യനായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്‌ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്:

‘അഭിവന്ദ്യരായ തങ്ങന്മാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇപ്പൊ അതിന്റെ ചാര്‍ജിലുള്ള സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അത് പോലെ ഞങ്ങളുടെ അഭിവന്ദ്യനായ പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍ അവരൊക്കെ അന്നന്ന് നടക്കുന്ന ഓരോ വിവാദങ്ങള്‍ വരുമ്പോ അതിന്റെ above, അതിന്റെ മുകളില്‍ ആണവര്‍. അവരുടെ തലത്തില്‍ തീരുമാനങ്ങള്‍ endorse ചെയ്യുന്ന ആളുകളാണ്. ചര്‍ച്ച ചെയ്തിട്ടാണ്, കൂട്ടായി ചര്‍ച്ച ചെയ്തിട്ടാണ്. അതാണ് ഞങ്ങളുടെ ജനാധിപത്യ രീതി.

ഏതു കാര്യത്തിലായാലും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ രീതി എന്ന് പറയുന്നത് ഞങ്ങളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന തങ്ങളുടെ വാക്ക്, അത് ചാര്‍ജിലുള്ള തങ്ങള്‍, ഹൈദരലി തങ്ങള്‍ ഇത് വരെ സംസ്ഥാന പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വാക്ക് അവസാന വാക്കാണ്. അത് പോലെ തന്നെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്, അദ്ദേഹത്തിന് ഇപ്പൊ അതിന്റെ ചുമതല അദ്ദേഹം അത് നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളെ രീതി അതാണ്, ഓരോ പാര്‍ട്ടിക്ക് ഓരോ രീതി ഉണ്ടല്ലോ. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് അവസാന വാക്കാണ്.’

കുഞ്ഞാലിക്കുട്ടി

അതേ ദിവസം തന്നെ (സെപ്റ്റംബര്‍ 18) മുസ്‌ലിം ലീഗ് സംസ്ഥാന ജ.സെക്രട്ടറി(ഇന്‍ ചാര്‍ജ്) ബഹുമാന്യനായ പി.എം.എ. സലാം സാഹിബ്‌ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

‘ഹരിതയുടെ കാര്യത്തില്‍ ഒരുപാട് തവണ പാര്‍ട്ടിയുടെ നിലപാട് പറഞ്ഞതാണ്. മുസ്‌ലിം ലീഗിന്റെ അവസാനത്തെ പ്രസ്താവന അതിന്റെ സംസ്ഥാന അധ്യക്ഷന്റേതാണ്. അത് ഇന്നലെ മലപ്പുറത്ത് വെച്ച് അദ്ദേഹം പറഞ്ഞു. അത് പോരാത്തതിന് ഇന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ഇന്ന് മലപ്പുറത്ത് വെച്ച് നിങ്ങളോട് പറഞ്ഞു. അത് തന്നെയാണ് എന്റെ അഭിപ്രായം, പാര്‍ട്ടിയുടെ അഭിപ്രായം. അതിനപ്പുറത്തേക്ക് ഒരു അഭിപ്രായം പാര്‍ട്ടിക്കില്ല’.

പവര്‍ ഡെലിഗേറ്റ് ചെയ്യുന്നതില്‍ മുസ്‌ലിം സമുദായത്തില്‍ നേരത്തെ ഉള്ള സിസ്റ്റങ്ങളില്‍ ഒന്നാണ് നാഇബ് എന്ന് പറയുന്നത്. ഒരു ഖാളി അദ്ദേഹത്തിന്റെ ചില അധികാരങ്ങളോ അല്ലെങ്കില്‍ മുഴുവന്‍ അധികാരങ്ങളോ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഡെലിഗേറ്റ് ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചാല്‍ അദ്ദേഹത്തെ പറയുന്നത് നാഇബ് ഖാളി എന്നാണ്. അങ്ങനെ അയാള്‍ ചെയ്യണമെങ്കില്‍ അദ്ദേഹം അത് വാക്കാല്‍ പറയുകയും അത് ഒരു ഉത്തരവായി ഇറങ്ങുകയും അത് ആ നാട്ടുകാര്‍ അറിയുകയും ചെയ്യണം.

നിലവിലെ മുസ്‌ലിം ലീഗിന്റെ പുതിയ സംഘടനാ സംവിധാനം അനുസരിച്ച് പ്രസിഡന്റ് എന്ന് പറഞ്ഞാല്‍ അയാള്‍ ‘ഡീ ജൂറോയും’ ‘ഡീ ഫാക്ടോയുമാണ്’. എന്തെങ്കിലും അസുഖമോ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ ‘ഡീ ഫാക്ടോ’ക്ക് വേറെ ആളുകള്‍ക്ക് തന്റെ ചുമതല നല്‍കാം. അതിനാണ് നമ്മള്‍ ആക്ടിങ്/ഇന്‍ ചാര്‍ജ് എന്ന് പറയുന്നത്.

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍

മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഇന്ന് വരെ ഒരു ആക്ടിങ് പ്രസിഡന്റ് ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല. 1975 ഏപ്രില്‍ 27ന് ബാംഗ്ലൂര്‍ പോകുന്ന വഴിയില്‍ ആണ് അന്നത്തെ മുസ്‌ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് രോഗബാധ വരുന്നതും നാട്ടിലേക്ക് തിരികെ വരുന്നതും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാലിക്കറ്റ് നിര്‍മലാ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ മൂന്നാഴ്ചത്തെ ചികിത്സക്കു ശേഷം മെയ് 27ന് ബോംബെയിലെ ടാറ്റാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധ ചികത്സക്കായി കൊണ്ടുപോയി.

4 ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും 1975 ജൂലൈ 5ന് അദ്ദേഹം മരണപ്പെടുകയുമാണ് ഉണ്ടായത്. പക്ഷെ, ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയതായി ചരിത്രത്തിലെവിടെയും കാണാന്‍ സാധിച്ചിട്ടില്ല.

മുസ്‌ലിം ലീഗുകാരുടെ അമീര്‍/നേതാവ് എന്ന് പറയുന്നത് സംസ്ഥാന പ്രസിഡന്റ് ആണ്. ഹൈദരലി തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാളെ അമീറായി പറയുന്നത് ശരിയല്ല. മുസ്‌ലിം വിശ്വാസം അനുസരിച്ച് അമീര്‍ എന്നാല്‍ ഒരാള്‍ ആണ്. അല്ലാതെ രണ്ടു പേരുണ്ടാവില്ല. അല്ലെങ്കില്‍ ഹൈദരലി തങ്ങളെ സ്ഥാനത്തു നിന്ന് നീക്കി മറ്റൊരാളെ നിയമിക്കണം. പക്ഷെ, അങ്ങനെ ഒരു പാരമ്പര്യം മുസ്‌ലിം ലീഗില്‍ ഉള്ളതായി കാണുവാന്‍ സാധിക്കില്ല.

അധികാരം ഡെലിഗേറ്റ് ചെയ്യുന്നതില്‍ ചില കീഴ്‌വഴക്കങ്ങള്‍ ഉണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെ കണക്കു നോക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി മകന്‍ മുഈനലി തങ്ങളെ ഉത്തരവാദിത്വപ്പെടുത്തിയപ്പോള്‍ അദ്ദേഹം അത് റെക്കോര്‍ഡ് ആക്കി എഴുതി നല്‍കിയിരുന്നു. ആ ഒരു പശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍ ഉന്നയിക്കാനുണ്ട്. സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്ന അത്യുന്നതമായ പദവിയില്‍ ഇരിക്കുന്നവരെ മുസ്‌ലിം  ലീഗുകാര്‍ കാണുന്നത് തങ്ങളുടെ അമീറായിട്ടാണ്. ആ അമീര്‍ അദ്ദേഹത്തിന്റെ അധികാരം ആര്‍ക്കെങ്കിലും ഡെലിഗേറ്റ് ചെയ്തു നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കാണ് നല്‍കിയത്? ആരാണ് അതിന്റെ സാക്ഷികള്‍? എന്താണ് അതിന്റെ റെക്കോര്‍ഡുകള്‍/തെളിവുകള്‍? ഏതൊക്കെ രീതിയിലുള്ള അധികാരങ്ങളാണ് ഡെലിഗേറ്റ് ചെയ്ത് നല്‍കിയിട്ടുള്ളത്? മുഴുവന്‍ അധികാരങ്ങളും ഡെലിഗേറ്റ് ചെയ്തു നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്നാണ്? അത് എത്ര കാലത്തേക്കാണ്?

ഹൈദരലി ശിഹാബ് തങ്ങള്‍

അല്ലെങ്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റോ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയോ പ്രസിഡന്റിന് പകരമായി താത്കാലികമായി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? ഈ വക കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. അതല്ലാതെ ഏതെങ്കിലും ഒരാള്‍ ഒരാളെ ഒരു സ്ഥാനം വിളിച്ചതുകൊണ്ട് അദ്ദേഹം അതാകുവാന്‍ ഒരു അര്‍ഹതയുമില്ല, യാതൊരു സാധ്യതയുമില്ല.

മുസ്‌ലിം ലീഗിന്റെ പാരമ്പര്യം അനുസരിച്ച് കൗണ്‍സിലുകളില്‍ ആണ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച് താല്‍കാലിക ചുമതല നല്‍കി പിന്നീട് കൗണ്‍സില്‍ അംഗീകാരം നേടിയെടുക്കുന്നതാണ് പതിവ്. ബഹുമാന്യനായ സാദിഖലി തങ്ങള്‍ ഞാന്‍ ആണ് സംസ്ഥാന പ്രസിഡന്റ് എന്നോ തനിക്കാണ് ചുമതല എന്നോ പൊതുമധ്യത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ പ്രശ്‌നക്കാര്‍.

മുസ്‌ലിം ലീഗ് അധ്യക്ഷ പദവി മറ്റാര്‍ക്കെങ്കിലും താല്‍കാലികമായോ അല്ലാതെയോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പൊതു സമൂഹത്തെ അറിയിച്ചിട്ടില്ലെങ്കിലും അണികളെ അറിയിക്കാനുള്ള ബാധ്യത നിലവിലുള്ള പ്രസിഡന്റിനും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കുമുണ്ട്.

സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗ് ഭരണഘടനാ പ്രകാരം സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരുടെ ചുമതല ഇങ്ങനെയാണ്: ‘പ്രസിഡന്റിന്റെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തില്‍ അദ്ദേഹത്തെ സഹായിക്കുക. പ്രസിഡന്റ് എല്‍പ്പിക്കുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. പ്രസിഡന്റിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിറവേറ്റുക’ (Article 28 b).

മറ്റൊരു സുപ്രധാന കാര്യം, മുസ്‌ലിം ലീഗ് ഭരണഘടനയില്‍ ഇപ്രകാരം പറയുന്നുണ്ട് ‘ആവശ്യമായി വരുന്ന പക്ഷം സംസ്ഥാന കമ്മിറ്റിയില്‍ ഒരു ജനറല്‍ സെക്രട്ടറിയെ കൂടി തെരഞ്ഞെടുക്കാവുന്നതാണ്’ (Article 25 b). ഇത്തരത്തില്‍ ഒരു കാര്യം ഭരണഘടന പറഞ്ഞുവെക്കുമ്പോള്‍ എന്തിനാണ് മുസ്‌ലിം ലീഗിന് ഒരു ആക്ടിങ് ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്? ഒരു ജനറല്‍ സെക്രട്ടറിയെ കൂടി തെരഞ്ഞെടുത്താല്‍ പോരേ?

അവലംബം:
1. ‘മുസ്‌ലിം ലീഗ്: ഖാഇദെമില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെ’ – മുജീബ് തങ്ങള്‍ കൊന്നാര്
2. ചന്ദ്രിക ദിനപത്രം, സെപ്റ്റംബര്‍ 2, 1975
3. ഘടനയും നിയമങ്ങളും, മുസ്‌ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി, 2011

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Musthujab Makkaolath on Muslim Leagues Constitution

മുസ്തുജാബ് മാക്കോലത്ത്
എം.എസ്.എഫ് മുഖ മാസികയായിരുന്ന മിസ്സീവിന്റെ എഡിറ്റര്‍ കൂടിയായിരുന്നു ലേഖകന്‍