'ആറുതല്‍' അഥവാ പച്ചപ്പിന്റെ ഫ്രെയിമുകള്‍
Opinion
'ആറുതല്‍' അഥവാ പച്ചപ്പിന്റെ ഫ്രെയിമുകള്‍
മുസ്തഫ ദേശമംഗലം
Wednesday, 20th February 2019, 4:58 pm

കൊച്ചിയിലെ കൊച്ചങ്ങാടിയിലുള്ള ഉരു ആര്‍ട് ഹാര്‍ബറിലേക്കു യാത്രക്കാരായ പലതരം മനുഷ്യര്‍ വന്നും പോയുമിരിക്കുന്നു. വരുന്നവരില്‍ ഏറെ പേരും ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പം കുറേ നേരം ചെലവിടുന്നു. ഇങ്ങനെ വന്നവരില്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഇന്നലെ ഫോട്ടോഗ്രാഫര്‍ ജോജിയോട് പറയുന്നത് കേള്‍ക്കാനായത് ഇങ്ങനെ; “ഇവിടെ എനിക്ക് ഒരു വനാന്തരത്തില്‍ എത്തിയ തണുപ്പ് അനുഭവപ്പെടൂന്നു”.

എന്താണ് ഈ പറച്ചിലിന് ആധാരം ? പച്ചപ്പിന്റെ ഫ്രെയിമുകളാണ് നാലു ചുമരുകളിലും നിറഞ്ഞിരിക്കുന്നത്.അവയിലെല്ലാം ഫ്രെയിമുകള്‍ എന്ന  സാങ്കേതിക പരിമിധികള്‍ക്കപ്പുറത്തേക്ക്, കാടിനഗാധതയിലേക്കും അറിവിന്റെ വിഹായസ്സിലേക്കും നടന്നു പോകുന്ന ലക്ഷ്മിക്കുട്ടി അമ്മയുണ്ട്. ഫലമൂലാധികള്‍ നിറഞ്ഞ ചുറ്റുപാടില്‍ മരുന്നുകള്‍ കണ്ടെത്താനും അതിന്റെ മിശ്രണത്തിനുമായി ധ്യാനാത്മകമായി നടക്കുന്ന ഈ അമ്മയുടെ ഓരോ മിടിപ്പും ക്യാമറയില്‍ പകര്‍ത്താന്‍ എ.ജെ ജോജി എന്ന ഫോട്ടോഗ്രാഫര്‍ക്കായിട്ടുണ്ട്.

ലക്ഷ്മിക്കുട്ടി അമ്മയുടെ  ജീവിതവും ആ അര്‍ത്ഥവത്തായ ജീവിതം സാധ്യമാക്കുന്ന ചുറ്റുപാടുകളും ചിത്രങ്ങള്‍ കാണുന്ന ഏതൊരാള്‍ക്കും ഏറെ ബോധ്യമാകും എന്നതിനാലാകും കാഴ്ചക്കാരില്‍ ചിലരെങ്കിലും ഇങ്ങനെ തണുപ്പറിഞ്ഞു പോകുന്നത്. നാട്ടറിവിന്റെ ജീവിക്കുന്ന ഇതിഹാസമാണ് ലക്ഷ്മിക്കുട്ടിയമ്മ. കല്ലാറിലെയും പൊന്മുടിയിലെയും അഗസ്ത്യകൂടത്തിലെയും ചുറ്റുമുള്ള പരിസരങ്ങളിലെയും പച്ചമൂടിക്കിടക്കുന്ന, ആധുനിക സമൂഹത്തിന് തീര്‍ത്തും അജ്ഞാതമായ, എണ്ണിയാലൊടുങ്ങാത്ത ഔഷധച്ചെടി കളുടെ മഹാ ജ്ഞാനമാണ്, അതിന്റെ സഞ്ചയമാണ് കാണി ഗോത്ര പാരമ്പര്യത്തില്‍ നിന്നുള്ള ഈയമ്മ.

കാണി ഗോത്ര വിഭാഗത്തില്‍ നിന്ന് ആദ്യമായി എഴുതാനും വായിക്കാനും പഠിച്ച ലക്ഷ്മികുട്ടിയമ്മക്കു ഓരോ ദിവസവും വിശ്രമമില്ലാത്തതാണ്. ആധുനിക വൈദ്യശാസ്ത്രം  നിസ്സഹായമായി  പുറം തള്ളിയ  നിരവധി രോഗ ബാധിതരും അവരുടെ ആശ്രിതരും ലക്ഷ്മിക്കുട്ടി അമ്മയുടെ വീടന്വേഷിച്ചെത്തും. അവര്‍ അതിനു ചികിത്സ നല്‍കും. സുഖപ്പെടുത്തും. സ്വന്തം കൈകൊണ്ടുണ്ടാകുന്ന മരുന്നുകള്‍ മാത്രമുപയോഗിച്ചുകൊണ്ടാണ് സങ്കീര്‍ണ്ണമായ പല രോഗങ്ങളും ചികിത്സിക്കുന്നത്. ഈ ആശ്വാസമാണ് ലക്ഷ്മിക്കുട്ടി അമ്മയും അവരുടെ ജീവിതം വരച്ചിടുന്ന ജോജിയുടെ ഫോട്ടോകളും എന്നത് കൊണ്ടാകാം  ഫോട്ടോ പ്രദര്‍ശനത്തിന് ഇതേ അര്‍ഥം വരുന്ന തമിഴിലെ “ആറുതല്‍ ” എന്ന പേര്   നല്‍കാന്‍ കാരണം. രാജ്യം പദ്മശ്രീ നല്‍കി ആദരിക്കപ്പെട്ട ലക്ഷ്മികുട്ടിയമ്മ തലമുറകളെ ബന്ധിപ്പിക്കുന്ന ലളിതവും ആഴവുമേറിയ ജീവിക്കുന്ന അറിവാണ്.

ലോകത്തെയും പല  കാലത്തെയും മനുഷ്യരെയും സര്‍വോപരി വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  ഗോത്ര സംകൃതിയെയും വ്യൂ ഫൈന്‍ഡറിലൂടെ ക്രിയാത്മകമായി നോക്കിക്കാണാന്‍ ശ്രമിക്കുന്ന, അതിനായി നിരന്തരം യാത്ര ചെയുന്ന ഫോട്ടോഗ്രാഫറാണ് ജോജി.  കാല്‍ നൂറ്റാണ്ടായി തുടരുന്ന തന്റെ കാമറ കാഴ്ചകള്‍ ഇതാദ്യമായാണ് ഒരു പ്രദര്‍ശന രൂപത്തില്‍ കാഴ്ചക്കാരുടെ മുന്പിലെത്തിക്കുന്നത്. അതില്‍ തന്നെ ലക്ഷ്മികുട്ടിയമ്മയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ആറുതല്‍ എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ സിനിമ കലാ സാംസ്‌കാരിക മേഖലകളിലെ ചരിത്രപരമായ പല ഘട്ടങ്ങളും ചുവടുമാറ്റങ്ങളും അതിനു കാരണമായി വര്‍ത്തിച്ച കലാപ്രവര്‍ത്തകരും ജോജിയുടെ ക്യാമറാ യാത്രയിലുണ്ട്. ഒരിക്കലും ഒരു പ്രദര്‍ശനം നടത്തുന്നതിനോ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനോ ശ്രദ്ധ കൊടുക്കാതെ ദൃശ്യങ്ങളില്‍ നിന്ന് ദൃശ്യങ്ങളിലൂടെ യാത്ര ചെയ്ത ഒരു ഫോട്ടോഗ്രാഫറുടെ മറ്റൊരു തുടക്കം കൂടിയാണ് “ആറുതല്‍ ” എന്ന ഈ ഫോട്ടോ പ്രദര്‍ശനം.

 

ലോകം മറന്ന പല മനുഷ്യരെയും ചരിത്ര സന്ധികളെയും അതിന്‍റെ കാലത്തേയും   ജോജിയുടെ വരും പ്രദര്‍ശനങ്ങളില്‍  ഇനിയ കാണാനാകും.

സിനിമാ രംഗത്തു ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴും തന്റെ യഥാര്‍ത്ഥ കര്‍മ്മ മണ്ഡലം കാലത്തിന് മാറ്റൊലി സൃഷ്ട്ടിക്കാന്‍ സാധ്യതയുള്ള ചില ഇടങ്ങളും മനുഷ്യരും ആണെന്ന ബോധ്യം എപ്പോഴും ജോജിക്കുണ്ട്. പില്‍ക്കാലം വിപ്ലവാത്മകം എന്ന് ചര്‍ച്ച ചെയ്ത കേരളത്തിലെ ശില്പശാലകളും അവതരണങ്ങളും ജോജിയുടെ ആര്‍ക്കൈവിലുണ്ട് . കേരളത്തിലെ മിക്ക വര്‍ത്തമാന കലാ -സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളും പല ഘട്ടങ്ങളിലായി ജോജിയുടെ ചിത്ര ശേഖരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വലിയ ചരിത്രമുള്ള ഒരു ഇടത്തിന്‍റെ കാലവും ജീവിതവും പ്രവര്‍ത്തന മണ്ഡലവും ആധുനിക കാലത്തെ ഓര്‍മ്മപ്പെടുത്തും വിധം ഒരു രൂപ മാറ്റവും വരുത്താതെ നില നില്‍ക്കുന്ന, ഉരു ആര്‍ട് ഹാര്‍ബര്‍ ആണ് പ്രദര്‍ശനം ഒരുക്കുന്നത്.

മാര്‍ച്ച് മുപ്പത്തിയൊന്നു വരെ നീണ്ടുനില്‍ക്കുന്ന “ആറുതല്‍” രണ്ടു മേഖലകളിലുള്ളവരുടെ ധ്യാനാത്മകതയുടെ സങ്കലനമാണ്. ഗോത്ര അറിവുകളും സാങ്കേതികതയും ചേരുന്ന – കാലങ്ങളുടെ കൂടിച്ചേരല്‍ സാക്ഷാല്‍ക്കരിക്കുന്ന അപൂര്‍വ മുഹൂര്‍ത്തമാണ് ഇത്. ചിത്രകാരന്‍ റിയാസ് കോമു ക്യുറേറ്റ് ചെയുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ ഏഴു മണിവരെയാണ് ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത് .

മുസ്തഫ ദേശമംഗലം
ചലചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍