ലഖ്‌നൗ: താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറി തിലകത്തിലേക്കെത്തുമെന്ന പരാമര്‍ശനത്തില്‍ വിശദീകരണവുമായി ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിംഗ്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഘവേന്ദ്ര സിംഗിന്റെ വിദ്വേഷ പരാമര്‍ശമുണ്ടായത്.
താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറി തിലകത്തിലേക്ക് വരുമെന്ന് രാഘവേന്ദ്ര സിംഗ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് രംഗത്തത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഘവേന്ദ്ര വിശദീകരണവുമായെത്തിയത്.
ഇസ്‌ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു രാഘവേന്ദ്രയുടെ വിശദീകരണം.
‘ഉത്തര്‍പ്രദേശില്‍ ഇസ്‌ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍ ഹിന്ദുക്കള്‍ ഗോള്‍ ടോപ്പിസ് (തലയോട്ടി തൊപ്പി) ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതാണ് ഞാന്‍ പറഞ്ഞത്. ഹിന്ദുക്കളുടെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്‌ലിങ്ങള്‍ എന്നെ തോല്‍പ്പിക്കാന്‍ അവരെല്ലാം കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇതിനിനെതിരെ ഞാന്‍ മിണ്ടാതിരിക്കില്ല,’ രാഘവേന്ദ്ര സിംഗ്
പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനിയുടെ യു.പി ചുമതലക്കാരന്‍ കൂടിയാണ് സിംഗ്.
രാഘവേന്ദ്രയുടെ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തതായി യു.പി പോലീസ് അറിയിച്ചു.
ഇതേസമയം, ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.