മുസ്‌ലിങ്ങള്‍ ഗ്യാന്‍വാപി മസ്ജിദ് വിട്ടുകൊടുക്കണം; ഹിന്ദുക്കള്‍ കൂടുതല്‍ ആവശ്യങ്ങള്‍ അവസാനിപ്പിക്കണം: മുന്‍ എ.എസ്.ഐ മേധാവി
India
മുസ്‌ലിങ്ങള്‍ ഗ്യാന്‍വാപി മസ്ജിദ് വിട്ടുകൊടുക്കണം; ഹിന്ദുക്കള്‍ കൂടുതല്‍ ആവശ്യങ്ങള്‍ അവസാനിപ്പിക്കണം: മുന്‍ എ.എസ്.ഐ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 9:59 pm

ന്യൂദല്‍ഹി: ഗ്യാന്‍വാപി അടക്കം മൂന്ന് സ്ഥലങ്ങള്‍ മുസ്‌ലിങ്ങള്‍ സ്വമേധയാ വിട്ടുകൊടുക്കാന്‍ തയ്യാറാകണമെന്ന് ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഇന്ത്യ (എ.എസ്.ഐ) മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്.

ഗ്യാന്‍വാപിയ്ക്ക് പുറമെ മഥുര, അയോധ്യ എന്നിവയും വിട്ടുകൊടുക്കണമെന്നാണ് കെ.കെ. മുഹമ്മദ് ആവശ്യപ്പെട്ടത്. ഇന്ത്യ ടുഡേയോട് സംസാരിക്കുന്നതിന് ഇടെയായിരുന്നു കെ.കെ. മുഹമ്മദിന്റെ പരാമര്‍ശം.

ഹിന്ദുക്കള്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മക്കയും മദീനയും മുസ്‌ലിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് ഹിന്ദുക്കള്‍ക്ക് മഥുരയും ഗ്യാന്‍വാപിയെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മസ്ജിദുകള്‍ക്ക് മേല്‍ ഹിന്ദുക്കള്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ.കെ. മുഹമ്മദ് ചൂണ്ടിക്കാട്ടി.

ഒരു കമ്മ്യൂണിസ്റ്റ് ചരിത്രകാരന്റെ സ്വാധീനം മൂലമാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിന് താഴെ ഒരു ക്ഷേത്രമുണ്ടെന്ന വാദം നിരസിക്കാന്‍ മുസ്‌ലിം സമൂഹത്തെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ പ്രേരിപ്പിച്ചതായും മുന്‍ എ.എസ്.ഐ മേധാവി ആരോപിച്ചു.

ആദ്യഘട്ടത്തില്‍ തര്‍ക്ക ഭൂമിയില്‍ ഒരു ക്ഷേത്രം പണിത് പ്രശ്‌നം പരിഹരിക്കാന്‍ മിക്ക മുസ്‌ലിങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രത്തിന്റേതായി ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് അവര്‍ മുസ്‌ലിങ്ങളെ വിശ്വസിപ്പിച്ചു. എന്നാല്‍ ഈ ചരിത്രകാരന്‍ പുരാവസ്തു ഗവേഷകനല്ലെന്നും ഖനനത്തിന്റെ ഒരു ഘട്ടത്തിലും തര്‍ക്ക ഭൂമി സന്ദര്‍ച്ചിട്ടില്ലെന്നും കെ.കെ. മുഹമ്മദ് പറയുന്നു.

അവസാനഘട്ടത്തില്‍ പ്രൊഫസര്‍ ബി.ബി. ലാല്‍ ഈ മൂന്ന് സ്ഥലങ്ങളും ഹിന്ദുക്കള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതില്‍ മറുപടി നല്‍കിയിരുന്നുവെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. അതേസമയം താജ്മഹലില്‍ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്ന അവകാശവാദത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

‘എല്ലാം തങ്ങളുടേതാണെന്ന് അവകാശപ്പെടാനുള്ള മതഭ്രാന്തരായ ഹിന്ദു സംഘടനകളുടെ മറ്റൊരു ശ്രമം,’ എന്നായിരുന്നു കെ.കെ. മുഹമ്മദിന്റെ പ്രതികരണം.

Content Highlight: Muslims should hand over Gyanvapi Masjid; Hindus should stop making further demands: Former ASI chief