ലഖ്‌നൗ: ഉത്തർപ്രദേശിൽ പഹൽഗാം ആക്രമണത്തിനിരയായ ഹിമാൻഷിയെ പിന്തുണച്ച് പോസ്റ്റിട്ട സർക്കാർ സ്കൂൾ അധ്യാപികക്ക് സസ്പെൻഷൻ. സോൻഭദ്ര ജില്ലയിലെ മാലോഘട്ട് ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ സെബ അഫ്രോസിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ശനിയാഴ്ചയായിരുന്നു അധ്യാപികയെ സസ്പെൻഡ് ചെയ്തത്. ചോപ്പനിലെ മാലോഘട്ടിലുള്ള പ്രൈമറി സ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ സെബ അഫ്രോസ് തന്റെ ഫേസ്ബുക്കിൽ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി കണ്ടെത്തിയെന്നും അതിനാൽ അവരെ സസ്പെൻഡ് ചെയ്തുവെന്ന് ബേസിക് ശിക്ഷ അധികാരി (ബി.എസ്.എ ) മുകുൾ ആനന്ദ് പാണ്ഡെ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
സെബ അഫ്രോസിന്റെ പെരുമാറ്റം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഒരു അധ്യാപികയുടെ അന്തസിന് നിരക്കാത്തതാണെന്നും പാണ്ഡെ പറഞ്ഞു.
‘സെബ അഫ്രോസ് (ഇ-കോഡ് 324086) പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ (ഫേസ്‌ബുക്ക്) വർഗീയവും വിവാദപരവുമായ പരാമർശങ്ങൾ നടത്തിയതായി ജില്ലയിലെ ചില ബഹുമാന്യരായ പത്രപ്രവർത്തകർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
1966ലെ ഉത്തർപ്രദേശ് ഗവൺമെന്റ് സർവീസ് പെരുമാറ്റച്ചട്ടങ്ങളും അധ്യാപന തൊഴിലിന്റെ അന്തസും ലംഘിച്ച് സോഷ്യൽ മീഡിയയിൽ അസഭ്യവും വിവാദപരവുമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിന്റെ വെളിച്ചത്തിൽ, സോൻഭദ്രയിലെ ചോപ്പാനിലെ മലോഘട്ട് പ്രൈമറി സ്കൂളിലെ അധ്യാപിക ശ്രീമതി സെബ അഫ്രോസിനെ സസ്പെൻഡ് ചെയ്യുന്നു,’ പാണ്ഡെ പറഞ്ഞു.
‘മുസ്‌ലിങ്ങളെയോ കശ്മീരികളെയോ പിന്തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനം വേണം, സമാധാനം മാത്രമേ വേണ്ടൂ. തീർച്ചയായും, ഞങ്ങൾക്ക് നീതി വേണം. അദ്ദേഹത്തോട് തെറ്റ് ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം’ എന്ന പ്രസ്താവന നടത്തിയതിന് വിദ്വേഷ പ്രചാരണം നേരിട്ട നാവിക ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു സെബയുടെ പോസ്റ്റ്. കശ്മീരികൾ അക്രമകാരികളല്ലെന്നും സംഘികൾ രാജ്യദ്രോഹികളാണെന്നും സെബയുടെ പോസ്റ്റിൽ പറയുന്നുണ്ട്.
സെബ അഫ്രോസ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തീവ്ര ഹിന്ദുത്വവാദികൾ അവരുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ എടുക്കുകയും വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് സെബയെ സസ്‌പെൻഡ് ചെയ്തത്.
സെബയെ സസ്‌പെൻഡ് ചെയ്തതിൽ അവരുടെ സഹപ്രവർത്തകർ രോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 12 വർഷമായി കളങ്കമില്ലാത്ത റെക്കോർഡോടെ സെബ അഫ്രോസ് അദ്ധ്യാപികയായി ജോലി ചെയ്യുന്നുവെന്നും അവർ ഒരിക്കലും സസ്‌പെൻഷൻ അർഹിക്കുന്നില്ലെന്നും ഒരു സഹപ്രവർത്തകൻ പറഞ്ഞു.
Content Highlight: Muslim woman teacher suspended in UP over social media post backing Pahalgam attack survivor Himanshi