ആഗ്ര: മുസ്‌ലിം ഐഡന്റിറ്റി കാരണം കൊല്ലപ്പെട്ടേക്കുമെന്ന ഭയത്തിലാണ് താന്‍ ജീവിക്കുന്നതെന്ന് അലിഖര്‍ കാസിംപൂര്‍ പവ്വര്‍ സ്റ്റേഷനിലെ എഞ്ചിനിയര്‍ നസ്മുല്‍ ഹസന്‍. ഞായറാഴ്ച ഉച്ചയ്ക്കുശേഷം റെയില്‍വേ സ്റ്റേഷനില്‍ ബുര്‍ഖ ധരിച്ചുളള യാത്രയ്ക്കിടെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ആക്രമണം ഭയന്നാണ് താന്‍ ബുര്‍ഖ ധരിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ കണ്ട് സംശയം തോന്നിയ ചിലര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. മുസ്‌ലിം പുരുഷനായതിനാല്‍ താന്‍ കൊല്ലപ്പെടുമെന്ന ഭയംകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
ദല്‍ഹിയിലെ ഒരു ബന്ധുവിനെ ഇടയ്ക്കിടെ കാണാനായി പോകേണ്ടി വരാറുണ്ടെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞയാഴ്ചയിലെ യാത്രയ്ക്കിടെ തനിക്കുനേരിടേണ്ടിവന്ന ദുരനുഭവമാണ് ഇത്തരമൊരു ഭയത്തിന് ആധാരമെന്നും വിശദീകരിക്കുന്നു. കഴിഞ്ഞയാഴ്ച അലിഖഢ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരാളെ അറിയാതെ തട്ടിപ്പോയി. തുടര്‍ന്ന് അയാള്‍ തന്നോട് ഏറെ രോഷത്തോടെ സംസാരിച്ചെന്നും മതപരമായി അധിക്ഷേപിച്ചെന്നും ഹസന്‍ പറയുന്നു. ഇയാള്‍ക്കൊപ്പം മറ്റുചിലര്‍ കൂടി ചേര്‍ന്ന് തന്നെ ഈ നഗരത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഹസന്‍ വെളിപ്പെടുത്തുന്നു.
” കുറച്ചുദിവസം മുമ്പ് ട്രെയിനില്‍ ജുനൈദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. ആ ഭീഷണിയ്ക്കുശേഷം എനിക്ക് ഭയമായിരുന്നു. പക്ഷെ എനിക്ക് യാത്ര ഒഴിവാക്കാനുമാകില്ല. അതുകൊണ്ട് ഞാന്‍ ബുര്‍ഖ ധരിക്കാന്‍ തീരുമാനിച്ചു.” എന്നാണ് ഹസന്‍ പൊലീസിനോടു പറഞ്ഞത്.
പൊലീസ് ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ന്യൂനപക്ഷങ്ങള്‍ക്കുള്ളിലെ അരക്ഷിതബോധം എത്രത്തോളം ശക്തമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തി വ്യക്തമാക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹസന്റെ മൊഴികള്‍ പരിശോധിച്ച് അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു എന്നാണ് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ശരിയാകാമെന്ന നിഗമനത്തിലാണ് തങ്ങള്‍. ഹസനെ ജി.ആര്‍.പിയ്ക്കു കൈമാറുമ്പോള്‍ താനൊരു പാവമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ് അയാള്‍ കരയുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
എല്ലാ ഞായാറാഴ്ചയും തനിക്ക് ദല്‍ഹിയിലെ ബന്ധുവിന്റെ അടുത്തേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ ഒറ്റയ്ക്കുപോകാന്‍ ഭയമാണ്. കൂട്ടുവരാന്‍ മറ്റാരും തന്നെയില്ലെന്നും ഹസന്‍ പറയുന്നു.
