മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചുപിടിക്കാൻ എം.എസ്.എഫ് പയറ്റിയ അതേ തന്ത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പയറ്റിയതെന്ന് എസ്.എഫ്.ഐ നേതാവ് ഇ.അഫ്സൽ.
ആദ്യം സകലതിനെയും മതവത്കരിക്കുക പിന്നീടതിനെ വർഗീയ വത്കരിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പദ്ധതിയെന്നും ഇ. അഫ്സൽ പറഞ്ഞു. മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്ത് ഉടനീളം മുസ്‌ലിം ലീഗ് അതാണ് പയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂക്ഷ്മ തലങ്ങളിൽപോലും വർഗീയത പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങൾക്കിടയിലുള്ള അരക്ഷിതാവസ്ഥയെ മുതലെടുത്താണ് മുസ്‌ലിം ലീഗ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഇടതുസർക്കാരിന്റെ അജണ്ടയാണെന്ന് വോട്ടർമാരെ പറഞ്ഞ് പഠിപ്പിക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്തതെന്ന് ഇ.അഫ്സൽ പറഞ്ഞു.
വോട്ടർ പട്ടികയെ വർഗീയവത്ക്കരിക്കുന്ന സംഘപരിവാർ അജണ്ടയെ, മറ്റൊരു തലത്തിൽ വർഗീയവത്ക്കരിച്ചാണ് മുസ്‌ലിം ലീഗ് താത്കാലിക നേട്ടം കൊയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളി പൊളിക്കാൻ വരുന്നേ എന്ന വ്യാജ പ്രചരണവും, അവൻ ഹിന്ദുവാണ് അവന് വോട്ട് കൊടുക്കരുത് എന്ന പ്രചരണവുമെല്ലാം പുറത്ത് വന്നതാണെന്നും ഇതിനോടകം ജനങ്ങൾ ഇതെല്ലാം കണ്ടുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ സംബന്ധിച്ച് ഒരു പ്രതികരണവും മുസ്‌ലിം ലീഗ് നേതാക്കൾ ഇതുവരെ നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്.എഫിന്റെ വർഗീയ അജണ്ടയെ തുറന്നുകാണിച്ചാണ് നഷ്ടപെട്ട ക്യാമ്പസുകൾ എസ്.എഫ്.ഐ തിരിച്ചിപ്പിടിച്ചതെന്നും വർഗീയത ശക്തിപ്രാപിച്ചാൽ ആദ്യം നഷ്ടം സംഭവിക്കുക കമ്മ്യൂണിസ്റ്റുകാർക്കും, ഇടതുപക്ഷത്തിനുമാണെന്നും ഇ. അഫ്സൽ പറഞ്ഞു.
Content Highlight: Muslim League’s plan is to first religiousize everything and then communalize it: E. Afzal