കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഒരു തരത്തിലുമുള്ള വിമര്‍ശനമോ വിയോജിപ്പോ ഉയര്‍ത്തുന്നില്ല എന്നാണ് ഷാഫി ചാലിയം പറഞ്ഞത്.
പാണക്കാട് തങ്ങളെ പുലഭ്യം പറയുന്ന ഉമര്‍ ഫൈസിയെപ്പോലെയുള്ളവര്‍ വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള കൊടും വര്‍ഗീയവാദികള്‍ക്കെതിരെ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ലെന്നായിരുന്നു ഷാഫി ചാലിയത്തിന്റെ ചോദ്യം.
‘പാണക്കാട് തങ്ങന്മാരെ പുലഭ്യം പറയാന്‍ നടക്കുന്നല്ലാതെ ഈ വെള്ളാപ്പള്ളി എന്ന ഈ കൊടും വര്‍ഗീയവാദിയെ കുറിച്ച് ഈ ഉമര്‍ മൊയില്യാരുടെ തൊള്ളേന്ന് എന്തെങ്കിലും വന്നോ? മിണ്ടുന്നുണ്ടോ? പിന്നെയും അയാള്‍ എന്തൊക്കെ പറഞ്ഞുകൂട്ടി. ഇതിലൊന്നും ഇവര്‍ക്ക് മിണ്ടാട്ടമില്ല. മുസ്‌ലിം കമ്യൂണിറ്റിയെ ഇങ്ങനെ പറയിപ്പിക്കുകയാണ്,’ ഷാഫി ചാലിയം പറഞ്ഞു.
ഉമര്‍ ഫൈസി രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവര്‍ മുസ്‌ലിം സമുദായത്തെ കുറിച്ചും മലപ്പുറം ജില്ലയെ കുറിച്ചും പച്ചയായ വര്‍ഗീയതയാണ് പറയുന്നത്. റമദാന്‍ കാലത്ത് അമുസ്‌ലിങ്ങള്‍ക്ക് ഒരു തുള്ളി കുടിവെള്ളം പോലും കിട്ടില്ലെന്നും അവര്‍ ശ്വാസം മുട്ടുകയുമാണ് എന്നൊക്കെയാണ് പറഞ്ഞുനടക്കുന്നത്. നേര്‍ച്ചകളും ഉത്സവങ്ങളും നടക്കുമ്പോള്‍ അവിടെ അമുസ്‌ലിങ്ങള്‍ക്ക് കച്ചവടം പോലും നടത്താന്‍ പോലും അനുവാദമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നതെന്നും ഇതിനൊന്നും മറുപടി നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഷാഫി പറഞ്ഞു.
സി.ഐ.സി വിഷയത്തിലും സമാനമായ കുത്തിത്തിരിപ്പുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സമസ്തയുടെ ആവശ്യപ്രകാരമാണ് സാദിഖലി തങ്ങള്‍ പ്രയാസപ്പെട്ടാണെങ്കിലും ഹക്കീം ഫൈസി ആദൃശേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. സമസ്തയുടെ താത്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിനെയൊക്കെ വളച്ചൊടിച്ച് സമുദായത്തിനുള്ളില്‍ ഭിന്നതയുണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നവര്‍ക്കെതിരെ മൗനം പാലിക്കുകയും സമുദായ നേതാക്കളെ ആക്ഷേപിക്കുകയും ചെയ്യുന്ന നിലപാട് തിരുത്തപ്പെടേണ്ടതുണ്ടെന്നും ഷാഫി ചാലിയം വിമര്‍ശനമുന്നയിച്ചു.
‘സമസ്തയെ വിരട്ടാന്‍ നോക്കണ്ട എന്നാണ് പറയുന്നത്. സമസ്തയെ ആരും വിരട്ടാന്‍ നോക്കുന്നില്ല. സമസ്തയോട് എല്ലാവര്‍ക്കും ആദരവാണ്.
മരിക്കുന്നത് വരെ ഒരു കൈയില്‍ സമസ്തയെയും മറുകൈയില്‍ മുസ്‌ലിം ലീഗിനെയും ചേര്‍ത്തുപിടിച്ച മഹാന്‍മാരുണ്ട്. ഇങ്ങനെയെല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.