കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. വി.ഡി. സതീശന്റെ നായകത്വം തുടരണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. ഷാജി
പ്രതിപക്ഷ നേതാവാണ് തങ്ങളുടെ മുന്നില്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ അപ്പുറമുള്ള വിശാലമായ ജനാധിപത്യബോധം വെച്ചുപുലര്‍ത്തുന്ന സംഘടനയാണ് കോണ്‍ഗ്രസെന്നും കെ.എം. ഷാജി പറഞ്ഞു.
അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളും അതൃപ്തികളും ഉണ്ടായാല്‍ അതെല്ലാം ജനാധിപത്യപരമായി വകവെച്ചുകൊടുക്കുന്ന പ്രസ്ഥാനം കൂടിയാണ് കോണ്‍ഗ്രസ്. അതിനകത്തുള്ള എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ പുറത്ത് നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് കഴിയില്ല.
പ്രതിപക്ഷ നേതാവ് എന്ത് പറയുന്നുവെന്നാണ് ലീഗ് നോക്കുന്നത്. അദ്ദേഹത്തിന്റെ സമീപനം എന്താണെന്നും. നമ്മുടെ മതേതരമായ ഈ സമൂഹത്തിനുള്ളില്‍ ഒരു കാപട്യവും ഇല്ലാതെയാണ് വി.ഡി. സതീശന്‍ നില്‍ക്കുന്നത്. അത് അയാളുടെ ജീവിതമാണെന്നും കെ.എം. ഷാജി പറഞ്ഞു.
അതുകൊണ്ട് തന്നെ വി.ഡി. സതീശന്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ലീഗ് സന്തുഷ്ടരാണ്. അല്ലാതെ കോണ്‍ഗ്രസിനകത്തെ ഇയാള്‍ മിണ്ടിയില്ലേ… അയാള്‍ ചോദിച്ചില്ലേ എന്നൊന്നും തിരക്കാത്തത്, അവരൊന്നുമല്ല പ്രതിപക്ഷ നേതാവ് എന്നതുകൊണ്ടാണെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.
ലീഗിനെതിരായ വിദ്വേഷ പ്രചരണങ്ങളില്‍ വി.ഡി. സതീശന്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് തോന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവൂത്തറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കെ.എം. ഷാജിയുടെ പരാമര്‍ശം. മീഡിയ വണ്ണിന്റെ പ്രത്യേക പരിപാടിയായ പോൽ കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന്റെ നിലപാടുകള്‍ തന്നെയാണ് യു.ഡി.എഫിന്റെ അകത്ത് നിന്നും വരേണ്ടതെന്നും ഷാജി പറഞ്ഞു. സതീശന്റെ നായകത്വം തുടരണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മിനിയേച്ചര്‍ വേര്‍ഷനാണ് വി.ഡി. സതീശന്‍.
രാഹുല്‍ ഗാന്ധിയെ താനടക്കമുള്ള ആളുകള്‍ എന്തുകൊണ്ടാണോ അംഗീകരിക്കുന്നത്, അങ്ങനെ അംഗീകരിക്കാവുന്ന സകലമാന ഗുണങ്ങളും ഇന്ന് സതീശന്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
വി.ഡി. സതീശന്റെ നായകത്വം വേണ്ടെന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്. ലീഗ് കോണ്‍ഗ്രസ് തന്നിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കൂടെ തന്നെയാണ്. സതീശന്റെ നിലപാടുകള്‍ തന്നെയാണ് യു.ഡി.എഫിനെ നയിക്കേണ്ടതെന്നും കെ.എം. ഷാജി പറഞ്ഞു.
Content Highlight: ‘Muslim League is happy with Satheesan’s stance, he should continue that leadership’: K.M. Shaji