സഹകരണ സമരത്തില്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കണം: സുധീരന്റെ വാക്കുകളെ തള്ളി മുസ്‌ലീം ലീഗ്
Daily News
സഹകരണ സമരത്തില്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കണം: സുധീരന്റെ വാക്കുകളെ തള്ളി മുസ്‌ലീം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2016, 12:23 pm

സഹകരണസ്ഥാപനങ്ങളേയും അതുവഴി ജനങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് ഇത്. അതുകൊണ്ട് തന്നെ സഹകരിച്ചുള്ള സമരമാണ് ആവശ്യം.


മലപ്പുറം: സഹകരണ സമരത്തില്‍ സി.പി.ഐ.എമ്മുമായി സംയുക്ത സമരം വേണ്ടെന്ന കെ.പി.സി.സി പ്രസിസന്റ് വി.എം സുധീരന്റെ വാക്കുകളെ തള്ളി മുസ് ലീം ലീഗ് നേതാവ് കെ.പി.എ മജീദ്.

സഹകരണ സമരത്തില്‍ സി.പി.ഐ.എമ്മിനൊപ്പം നിന്ന് സമരത്തില്‍ പങ്കെടുക്കുകയാണ് വേണ്ടതെന്നു ഇതില്‍ രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കെ.പി.എ മജീദ് പറഞ്ഞു.

സഹകരണസ്ഥാപനങ്ങളേയും അതുവഴി ജനങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് ഇത്. അതുകൊണ്ട് തന്നെ സഹകരിച്ചുള്ള സമരമാണ് ആവശ്യം. സി.പി.ഐ.എമ്മുമായി ഒന്നിച്ച് സമരം വേണമെന്ന് തന്നെയാണ് ലീഗിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

kpa-majeed-01

എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പുണ്ടെന്ന തരത്തില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി പാര്‍ട്ടിക്ക് ഇല്ലെന്ന വിധത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമാകുമെന്നായിരുന്നു ഇതേക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റയ്ക്ക് സമരം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.

സമാന രീതിയിലുള്ള സമരം എന്ന് പറഞ്ഞാല്‍ സംയുക്ത സമരം എന്ന് അല്ലെന്നും എല്‍.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രാവിലെ പത്രസമ്മേളനം വിളിച്ചാണ് വ്യക്തമാക്കിയത്.

sudheeran668

സംയുക്ത പ്രക്ഷോഭം എന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും എല്ലാ സമരങ്ങള്‍ക്കും ധാര്‍മിക പിന്തുണ ഉണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നുമായിരുന്നു സുധീരന്റെ വാക്കുകള്‍.

സംയുക്ത സമരം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിലപാടുമാറ്റത്തിലേക്ക് വന്നിരിക്കുന്നത്. നേരത്തെ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.


Dont Miss വൃക്കദാനം ചെയ്യുന്നതിന് മതം തടസ്സമല്ല: വൃക്ക നല്‍കാന്‍ തയ്യാറായി വന്ന മുസ്‌ലീം യുവാവിന് സുഷമ സ്വരാജിന്റെ മറുപടി


സി.പി.ഐ.എമ്മുമായി ചേര്‍ന്നുള്ള സമരത്തിന് പാര്‍ട്ടി ആലോചിച്ചിട്ട് പോലുമില്ലെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനത്തെ പാടെ തള്ളിക്കൊണ്ടുള്ള നിലപാടാണ് സുധീരന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍.ഡി.എഫുമായി ഒരുമിച്ചുള്ള സമരം എന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെ എവിടേയും പറഞ്ഞിട്ടുമില്ല. ഒറ്റയ്ക്ക് സമരം നടത്തണമെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ എന്ന് എം.എം ഹസ്സനും പറഞ്ഞിരുന്നു.

സിപിഐഎമ്മുമായി യോജിച്ച് പോരാടാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍ അടക്കമുള്ളവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരായിരുന്നു സംയുക്ത സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്.