''ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു'; വിസമ്മതിച്ച പതിനാറുകാരനെ മൂന്നംഗസംഘം മര്‍ദ്ദിച്ചതായി പരാതി
national news
''ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു'; വിസമ്മതിച്ച പതിനാറുകാരനെ മൂന്നംഗസംഘം മര്‍ദ്ദിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 7:12 pm

കാണ്‍പൂര്‍: ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 16കാരനെ മര്‍ദ്ദിച്ചെന്ന് പരാതി. ഇന്നലെയാണ് സംഭവം നടന്നത്. മുഹമ്മദ് തേജ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

ബാര സ്വദേശിയായ മുഹമ്മദ് താജ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി തൊപ്പി ധരിക്കുന്നതിനെ എതിര്‍ക്കുകയും തുടര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെ സംഘം കുട്ടിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി.

അവര്‍ എന്റെ ക്യാപ് എടുത്ത് മാറ്റി. ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞു. പിന്നീട് തന്നെ നിലത്തിട്ട് മര്‍ദ്ദിച്ചുവെന്നും താജ് പി.ടി.ഐയോട് പറഞ്ഞു
എന്നാല്‍ ഉറക്കെ നിലവിളിച്ചതോടെ ചില കച്ചവടക്കാരും വഴിയാത്രക്കാരും രക്ഷിക്കാനെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 16കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മതസ്പര്‍ധ വളര്‍ത്തുന്നത് തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളടക്കം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ തബ്രീസ് അന്‍സാരി എന്ന യുവാവ് ആള്‍ക്കൂട്ട ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.മോഷണക്കുറ്റം ആരോപിച്ചായിരുന്നു തബ്രീസിനെതിരെ മര്‍ദ്ദനം. അദ്ദേഹത്തെ മരത്തിന്റെ വടിയുപയോഗിച്ച് അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ചിത്രം കടപ്പാട്: ദ ഹിന്ദു