വാഷിങ്ടൺ: ഡൊണാൾഡ് ട്രംപുമായുള്ള തർക്കം നടക്കുന്നതിനിടയിൽ ഖേദം പ്രകടിപ്പിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. ഇന്ന് (ബുധനാഴ്ച) എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖേദ പ്രകടനം. കഴിഞ്ഞ ആഴ്ചയിലെ തന്റെ ചില പോസ്റ്റുകളിൽ ഖേദിക്കുന്നുവെന്നും അവ അതിരുകടന്നുവെന്നുമാണ് മസ്ക് കുറിക്കുന്നത്.
എപ്സ്റ്റീൻ കേസുകളിലടക്കം ട്രംപിന് പങ്കുണ്ടെന്നും താനില്ലായിരുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നുൾപ്പെടെ നിരവധി വിമർശനങ്ങളായിരുന്നു ട്രംപിന് മേൽ മസ്ക് ആരോപിച്ചിരുന്നത്. ശക്തമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള മസ്കിന്റെ പോസ്റ്റ്.
അതേസമയം മസ്കുമായി ചർച്ച നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഒരു പക്ഷേ ഇതിനകം തന്നെ അത് കഴിഞ്ഞിട്ടുണ്ടോയെന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കൂവെന്നുമാണ് ആദ്യപ്രതികരണത്തിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ ബന്ധം അവസാനിച്ചുവെന്ന് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഇലോണും ഞാനും തമ്മിൽ നല്ലൊരു ബന്ധമായിരുന്നുവെന്നും ഇനി നമ്മൾ തമ്മിൽ ബന്ധം ഉണ്ടാകുമോ എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
അഡ്മിനിസ്‌ട്രേഷനില്‍ നിന്നുമുള്ള കാലാവധി അവസാനിച്ച് പുറത്ത് വന്നതിന് പിന്നാലെ ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
താന്‍ ഇല്ലായിരുന്നുവെങ്കില്‍ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പരാജയപ്പെടുമായിരുന്നുവെന്നും മസ്‌ക് പറഞ്ഞിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലെന്ന് ട്രംപിന്റെ പരിഷ്‌കരണം കാര്യക്ഷമത വകുപ്പിനെ ഉള്‍പ്പെടെ തകിടം മറിക്കുമെന്നും മസ്‌ക് ആരോപിച്ചിരുന്നു.
ഓവല്‍ ഓഫീസില്‍ വെച്ച ട്രംപ് മസ്‌കിനെ വിമര്‍ശിച്ചതും ട്രംപ്-മസ്‌ക് വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണത്തില്‍ നിന്നും പുറത്ത് പോവുന്നതിന് മുമ്പ് തന്നെ ഏജന്‍സികള്‍ക്കുള്ള ശമ്പളം വെട്ടിക്കുറച്ചതില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
അതേസമയം ടെസ്‌ലയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വിപണി മൂല്യം 14.3 ശതമാനം കുറഞ്ഞുവെന്നും 150 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Musk expresses regret; Post says some remarks against Trump went too far