തൃശൂര്‍: കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ച വിവാദത്തില്‍ പ്രതികരിച്ച് തൃശൂര്‍ എം.പി സുരേഷ് ഗോപി. തീവ്രവാദ ഗാനമൊന്നുമല്ലല്ലോ ചൊല്ലിയതെന്ന് അദ്ദേഹം ചോദിച്ചു.
കുട്ടികള്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്നും സംഗീതത്തിന് ജാതിയും മതവുമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
‘കുട്ടികള്‍ക്ക് അപ്പോള്‍ തോന്നിയതാണ് ചെയ്തത്. സംഗീതം ആസ്വദിക്കാനുള്ളതാണ്. കുട്ടികള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനമൊന്നുമല്ലല്ലോ ചൊല്ലിയത്.
സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാനുള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് അവാര്‍ഡ് കൊടുക്കുന്നില്ലേ’, സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ വിവാദമാക്കാനുള്ള കാര്യങ്ങള്‍ വേറെയുണ്ടെന്നും വന്ദേഭാരതിന്‍ഡറെ വരവ് കേരളത്തിന് ആഘോഷമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇവിടെ പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിസ്ഥാനങ്ങള്‍ ഒരുങ്ങുകയാണ്.
ട്രാക്കുകളുടെ അപര്യാപ്തത കൊണ്ടാണ് ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
ശനിയാഴ്ചയാണ് എറണാകുളം-ബെഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം നടന്നത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴിയാണ് നിര്‍വ്വഹിച്ചത്.
ഉദ്ഘാടനശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആര്‍.എസ്.എസ് ഗീതം ആലപിച്ചത്.
ഈ വീഡിയോ ദേശഭക്തിഗാനം ആലപിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്ന തലക്കെട്ടില്‍ സതേണ്‍ റെയില്‍വേ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.