ഗപ്പി, അമ്പിളി, തല്ലുമാല, സുലേഖ മന്‍സില്‍, പ്രേമലു, അതിരടി, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് സംഗീത സംവിധായകന്‍ വിഷ്ണു വിജയ്. ഒരുപിടി മികച്ച ഗാനങ്ങള്‍ ഈ സിനിമകളിലൂടെയൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബയൂണിറ്റിലെ ഗാനങ്ങള്‍ കൂടി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിഷ്ണു.

ബേസില്‍, ടൊവിനോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അതിരടി എന്ന സിനിമയിലെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു.

അതിരടി’യിലെ ‘അമ്മപ്പുതപ്പ്’ എന്ന പാട്ടില്‍ ടൊവിനോ തോമസ് സ്റ്റേജില്‍ പാടുന്നതായി കാണിക്കുന്നുണ്ടെങ്കിലും ആ ശബ്ദത്തിന് പിന്നില്‍ വിഷ്ണുവായിരുന്നു.

പാട്ടില്‍ ടൊവിനോയുടെ വോക്കല്‍ സാമ്പിള്‍ ഉപയോഗിച്ച് എ.ഐ ടൂളിന്റെ സഹായത്തോടെ ശബ്ദം കണ്‍വേര്‍ട്ട് ചെയ്യുകയായിരുന്നു. അത്തരമൊരു തീരുമാനമെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു വിജയ്.

ടൊവിനോ ഒരുപാട് എഫേര്‍ട്ട് എടുക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും തിരക്കേറിയ ഷെഡ്യൂളിനിടെ സ്വരങ്ങള്‍ പഠിപ്പിച്ച് പാട്ട് പാടിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നെന്നും വിഷ്ണു വിജയ് പറഞ്ഞു.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മ്യൂസിക് പ്രൊഡ്യൂസര്‍മാരുടെ അധ്വാനം കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് റീല്‍ ചെയ്തതെന്നും ആരുടെയും കഴിവ് കൂടുതലായോ കുറച്ചുകാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും വിഷ്ണു വിജയ് വ്യക്തമാക്കി.

‘ടൊവിനോ തോമസ് ഒരുപാട് എഫേര്‍ട്ടെടുക്കുന്ന ഒരു ആര്‍ടിസ്റ്റാണ്. വന്ന് പഠിക്കും പാടും. ‘പാത്തു’വൊക്കെ ടൊവി പാടിയിട്ടുണ്ട്. മറ്റേത് ഒരു പാട്ടുകാരന്‍ എന്ന ക്യാരക്ടര്‍ അല്ലല്ലോ. ടൊവിനോയുടെ ആ ഹെക്ടിക് ഷെഡ്യൂളിനകത്ത് നമ്മള്‍ സ്വരങ്ങള്‍ പഠിപ്പിക പാടിക്കുക എല്ലാം കൂടി ആകുമ്പോള്‍ അവര്‍ക്കും ബുദ്ധിമുട്ടാണ്.

ഇത്രയും ടൂളുകളും കാര്യങ്ങളും വരുമ്പോള്‍ ടോവിയുടെ വോക്കല്‍ സാമ്പിള്‍ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു. അങ്ങനെ ചെയ്തതാണ്. അത് വെച്ചിട്ട് ഞാന്‍ പാടിയതിനെ കണ്‍വേര്‍ട്ട് ചെയ്തു. പൂമാനം പൂത്തലഞ്ഞു എന്ന പാട്ടൊക്കെ
ടൊവി തന്നെയാണ് പാടിയത്.

ഇവിടെ ആ പാട്ട് ഞാന്‍ പാടിക്കൊടുത്തു എന്നേയുള്ളൂ. കൂടെയുള്ള മ്യുസിക് പ്രൊഡ്യൂസേഴ്‌സാണ് ബാക്കിയെല്ലാം ചെയ്തത്. അവരുടെ എഫേര്‍ട്ട് കൂടി ആള്‍ക്കാരിലേക്ക് എത്തിക്കണം എന്നതുകൊണ്ടാണ് ഒരു റീലാക്കി ഞാന്‍ അത് പുറത്തുവിട്ടത്. അല്ലാതെ ആരുടേയും കഴിവ് കൂടുതല്‍ കാണിക്കാനും കുറച്ചുകാണിക്കാനും ചെയ്തതല്ല.

‘തല്ലുമാല’യില്‍ സലിം കുമാറിന്റെ ഭാഗത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും വിഷ്ണു വിജയ് സംസാരിച്ചു. സലിം കുമാറിനെപ്പോലൊരു ആര്‍ട്ടിസ്റ്റിനെ ലഭിച്ചതും ആ ഭാഗം അവതരിപ്പിക്കാന്‍ ആവശ്യമായ ഇടം ലഭിച്ചതുമാണ് പാട്ടിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Music Director Vishnu Vijay about Ammaputhap song and Tovino