കെ.ജി.എഫ് എന്ന പ്രശാന്ത് നീല്‍ ചിത്രത്തില്‍ സംഗീത സംവിധാനത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്ത് തന്റെ പേരിന് അടിവരയിട്ടയാളാണ് രവി ബസ്രൂര്‍. കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ആദ്യ സംവിധാന സംരഭമായ ഉഗ്രം എന്ന ചിത്രത്തിലൂടെ തന്നെ സംഗീത സംവിധായകനായി കരിയര്‍ ആരംഭിച്ച രവി ബസ്രൂര്‍ സലാര്‍; പാര്‍ട്ട് വണ്‍ സീസ് ഫയര്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
കന്നടയില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം കള്‍ട്ടിന്റെ ടീസര്‍ ലോഞ്ച് വേദിയില്‍ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പതിനെട്ടാം വയസ്സില്‍ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.
തന്റെ ചെറിയ പ്രായത്തില്‍ രണ്ട് തവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് സംഗീതഞ്ജന്‍.
‘ജീവിതത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാതെ പതിനെട്ടാം വയസ്സില്‍ ജീവിതം അവസാനിപ്പിക്കാന്‍ രണ്ട് തവണയാണ് ഞാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ടാമത്തെ തവണ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ ഒരാള്‍ എന്നെ രക്ഷിച്ചു. അയാളെനിക്ക് മുപ്പത്തയ്യായിരം രൂപയും ഒരു കീബോര്‍ഡും വാങ്ങിച്ചു നല്‍കി. അദ്ദേഹത്തോടുള്ള നന്ദി സൂചകമായാണ് എന്റെ പേര് ഞാന്‍ രവി എന്നിട്ടിരിക്കുന്നത്. രവി എന്നത് എന്റെ പേരല്ല. അദ്ദേഹത്തിന്റെ പേര് എന്റെ ഫസ്റ്റ് നെയിം ആക്കി ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
വലിയ ജനക്കൂട്ടത്തിന് മുമ്പില്‍ രവി ബസ്രൂര്‍ പറഞ്ഞ വാക്കുകള്‍ വലിയ കൈയടിയോടെയാണ് വേദിയിലും സദസ്സിലുമുള്ളവര്‍ ഏറ്റെടുത്തത്. ആത്മഹത്യ ചെയ്ത് ജീവന്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങിയിടത്തു നിന്നും ഒരാള്‍ നല്‍കിയ പിന്തുണ കൊണ്ട് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ രവിക്ക് സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജീവിതത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയതെന്നും ജീവന്‍ രക്ഷിച്ചയാള്‍ ഇന്ത്യന്‍ സിനിമക്ക് ഒരുപാട് നല്ല ഗാനങ്ങളാണ് സമ്മാനിച്ചതെന്നുമടക്കം സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
സലാര്‍; പാര്‍ട്ട് വണ്‍ സീസ് ഫയര്‍. Photo: Book My Show
കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെതായി വരാനിരിക്കുന്നത് വമ്പന്‍ പ്രൊജക്ടുകളാണ്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനാകുന്ന ടോക്‌സിക്ക്, തെലുങ്കില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഡ്രാഗണ്‍, ആസിഫ് അലിയുടെ കരിയറിലെ വമ്പന്‍ ചിത്രമായ ടിക്കി ടാക്കട പൃഥ്വിരാജിന്റെ കാളിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും രവി സംഗീതമൊരുക്കും.
Content Highlight: Music director Ravi Basrur talks about his memory
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.