എങ്കെ പാത്താലും നീ, ഓണം ക്ലാഷിനെത്തുന്ന പടങ്ങളില്‍ നിറസാന്നിധ്യമായി ജേക്‌സ്
Malayalam Cinema
എങ്കെ പാത്താലും നീ, ഓണം ക്ലാഷിനെത്തുന്ന പടങ്ങളില്‍ നിറസാന്നിധ്യമായി ജേക്‌സ്
അമര്‍നാഥ് എം.
Monday, 12th January 2026, 8:16 pm

2026ല്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഒരുപിടി മികച്ച സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഓണം സീസണ് വന്‍ ക്ലാഷിനാണ് മോളിവുഡ് സാക്ഷ്യം വഹിക്കുക.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിമാണ് ഇതില്‍ പ്രധാനി. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാളചിത്രമാണിത്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സമ്മര്‍ റിലീസായി എത്തുമെന്നറിയിച്ച ചിത്രം റിലീസ് വൈകുകയായിരുന്നു. ഓണത്തിന് ഇനിയും ഏഴ് മാസം ബാക്കി നില്‍ക്കെ 450നടുത്ത് തിയേറ്ററുകള്‍ ഐ ആം ഗെയിം ബ്ലോക്ക് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന തുടക്കം എന്നീ സിനിമകളും ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. ഈ മൂന്ന് സിനിമകളിലെയും പ്രധാന ഫാക്ടര്‍ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മൂന്ന് സിനിമകള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

കഴിഞ്ഞ വര്‍ഷവും ഓണത്തിന് ജേക്‌സ് ബിജോയ് ഞെട്ടിച്ചിരുന്നു. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃയിലും സംഗീതം നല്‍കിയത് ജേക്‌സായിരുന്നു. ഈ വര്‍ഷം മൂന്ന് സിനിമകളിലൂടെ ഞെട്ടിക്കാന്‍ ജേക്‌സ് പ്ലാന്‍ ചെയ്യുകയാണ്. നിലവില്‍ മലയാളത്തിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധാകനാണ് ജേക്‌സ് ബിജോയ്.

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന തുടക്കം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫാണ്. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥിവേഷവും തുടക്കത്തെ കൂടുതല്‍ മികച്ചതാക്കുന്നു. ഇന്ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ എല്ലാവരുടെയും ശ്രദ്ധ പോയത് മോഹന്‍ലാലിലേക്കായിരുന്നു.

പോക്കിരിരാജക്ക് ശേഷം വൈശാഖുമായി പൃഥ്വിരാജ് ഒന്നിക്കുന്ന ഖലീഫയിലും ആരാധകര്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രൊമോ വീഡിയോയില്‍ ജേക്‌സ് നല്‍കിയ സംഗീതം വൈറലായി.

ഈ മൂന്ന് സിനിമകള്‍ക്കൊപ്പം നിവിന്‍ നായകനാകുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്. ഇത്രയും പാക്ക്ഡായ ഓണം സീസണായതിനാല്‍ ഏതെങ്കിലും ഒരു സിനിമ റിലീസ് മാറ്റിവെക്കുമെന്നാണ് കരുതുന്നത്.

Content Highlight: Music director of  all the three films in this Onam season is Jakes Bejoy

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം