തമിഴിലെ വെറ്റെറന് സംഗീത സംവിധായകന് ദേവ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ലധികം സിനിമകള്ക്ക് സംഗീതമൊരുക്കിയ ദേവയെ തെന്നിസൈ തെന്ട്രല് എന്നാണ് സിനിമാലോകം വിശേഷിപ്പിച്ചത്. 40 വര്ഷത്തിനടുത്തായി സിനിമാലോകത്ത് നിറഞ്ഞുനില്ക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചാരുകേശിയാണ് അവസാന ചിത്രം.
രജിനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായ അണ്ണാമലൈ, ബാഷ തുടങ്ങിയ ചിത്രങ്ങള്ക്ക് സംഗീതമൊരുക്കിയത് ദേവയായിരുന്നു. രജിനിയുടെ ഐക്കോണിക് ടൈറ്റില് കാര്ഡില് കേള്ക്കുന്ന ബി.ജി.എമ്മിന് പിന്നിലും ദേവയായിരുന്നു. ഇളയരാജ കത്തിനില്ക്കുന്ന കാലത്ത് തമിഴില് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത ദേവക്ക് ഇന്നും പ്രത്യേക ഫാന്ബേസാണ്.

ബാഷക്കും അണ്ണാമലൈക്കും പുറമെ അരുണാചലം, വാലി, ഖുഷി, ശിവകാശി തുടങ്ങിയ ഹിറ്റ് സിനിമകള്ക്കും അദ്ദേഹം സംഗീതം നല്കിയിട്ടുണ്ട്. മോഹന്ലാലിന്റെ പ്രിന്സിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന അദ്ദേഹം ഫാന്റത്തിലും സംഗീതം നല്കി. അവ്വൈ ഷണ്മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420ലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
സമീപകാലത്ത് ഹിറ്റായ പല സിനിമകളിലും ദേവയുടെ ഹിറ്റ് പാട്ടുകള് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. വാഴൈയിലെ പഞ്ചുമുട്ടായ് സേല’, ലിയോയിലെ ‘കറു കറു കറുപ്പായി’, തുടങ്ങിയവ ദേവയുടെ ഹിറ്റ് പാട്ടുകളാണ്. പിന്നണിഗാനരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാമന്നനിലെ ‘നെഞ്ചമേ നെഞ്ചമേ’ സമീപകാലത്ത് പലരുടെയും ഫേവറെറ്റായി മാറി.
1990ല് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സര്ക്കാരിന്റെ പുരസ്കാരം ദേവയെത്തേടി എത്തിയിരുന്നു. 1992ല് കലൈമാമണി പുരസ്കാരം നല്കി തമിഴകം ദേവയെ ആദരിച്ചു. തമിഴ് സംഗീതലോകത്ത് ദേവയുടെ സംഭാവന ചെറുതല്ല. അദ്ദേഹത്തിന്റെ വിയോഗത്തില് സിനിമാലോകത്തെ പലരും അനുശോചനം രേഖപ്പെടുത്തി.
Content Highlight: Music Director Deva passed away
