സച്ചിന് ശേഷം ഏഷ്യയില്‍ രണ്ടാമന്‍; പലരും വിരമിക്കുന്ന പ്രായത്തില്‍ ഐതിഹാസിക യാത്ര തുടരുന്നു
Cricket
സച്ചിന് ശേഷം ഏഷ്യയില്‍ രണ്ടാമന്‍; പലരും വിരമിക്കുന്ന പ്രായത്തില്‍ ഐതിഹാസിക യാത്ര തുടരുന്നു
സുദേവ് എ
Saturday, 9th May 2026, 5:05 pm

ബംഗ്ലദേശും പാകിസ്ഥാനും രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ധാക്കയിലെ ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് നിലവില്‍ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരത്തില്‍ കളത്തിലിറങ്ങയതോടെ ബംഗ്ലാദേശ് ഇതിഹാസം മുഷ്ഫിഖുര്‍ റഹീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇതിഹാസ യാത്രക്ക് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കരിയര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ താരമായി മാറിയാണ് മുഷ്ഫിഖുര്‍ റഹീം തന്റെ യാത്ര തുടരുന്നത്. 20 വര്‍ഷവും 348 ദിവസവുമായാണ് ബംഗ്ലാദേശ് ഇതിഹാസം ടെസ്റ്റില്‍ കുതിക്കുന്നത്.

2005ല്‍ ബംഗ്ലാദേശിനായി റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മുഷ്ഫിഖുര്‍ 184 ഇന്നിങ്സുകളില്‍ നിന്നും 6510 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളും താരം ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ടെസ്റ്റ് കരിയര്‍ സ്വന്തമാക്കിയ ഏഷ്യന്‍ താരം. 24 വര്‍ഷവും ഒരു ദിവസവും നീണ്ടുനില്‍ക്കുന്നതായിരുന്നു സച്ചിന്റെ ടെസ്റ്റ് കരിയര്‍. മുന്‍ പാക് താരം ഇമ്രാന്‍ ഖാനെ മറികടന്നാണ് മുഷ്ഫിഖുര്‍ രണ്ടാമനായത്. 20 വര്‍ഷവും 218 ദിവസവുമായിരുന്നു ഇമ്രാന്റെ ടെസ്റ്റ് കരിയര്‍.

20 വര്‍ഷവും മൂന്ന് ദിവസവും കളിച്ച മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് മുഹമ്മദാണ് നാലാമതുള്ളത്. ശ്രീലങ്കന്‍ ഇതിഹാസം രംഗനാ ഹെറാത്താണ് അഞ്ചാമന്‍. 19 വര്‍ഷവും 48 ദിവസവും നീണ്ടുനിക്കുന്നതാണ് ലങ്കന്‍ ഇതിഹാസത്തിന്റെ ടെസ്റ്റ് കരിയര്‍.

അതേസമയം പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങാനും മുഷ്ഫിഖുറിന് സാധിച്ചു. 71 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ബംഗ്ലാ താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സെഞ്ച്വറി നേടിയും തിളങ്ങി. 130 പന്തില്‍ 101 റണ്‍സാണ് ഷാന്റോ സ്വന്തമാക്കിയത്. 12 ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് ബംഗ്ലാ ക്യാപ്റ്റന്റെ പ്രകടനം. മോമിനുൾ ഹഖ് 91 റണ്‍സും അടിച്ചെടുത്തു. 10 ഫോറുകള്‍ നേടിയ താരം ഒമ്പത് റണ്‍സകലെ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 413 റണ്‍സിനാണ് പുറത്തായത്.

പാക് ബൗളിങ് നിരയില്‍ മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകളും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഹസന്‍ അലി, നൊമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Mushfiqur Rahim becomes the second longest Test player in Asia

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.