എഡിറ്റര്‍
എഡിറ്റര്‍
മുരുകന് ചികിത്സ നിഷേധിച്ചത് തമിഴ്‌നാട്ടുകാരനായതിനാല്‍; ആംബുലന്‍സ് ഉടമ വെളിപ്പെടുത്തുന്നു
എഡിറ്റര്‍
Sunday 13th August 2017 10:28am

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ബിലാലിന്റെ വാദങ്ങള്‍ തള്ളി ആംബുലന്‍സ് ഉടമ. തമിഴ്‌നാട്ടുകാരനായതിനാലാണ് മുരുകന് ചികിത്സ നിഷേധിച്ചതെന്നാണ് ആംബുലന്‍സ് ഉടമ രാഹുല്‍ പറയുന്നത്. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരുകനുമായി മെഡിസിറ്റി ആശുപത്രിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് താന്‍ ആംബുലന്‍സില്‍ നിന്നും ഇറങ്ങി അധികൃതരുമായി സംസാരിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്നാണ് പറഞ്ഞത്. തുടര്‍ന്ന് രോഗിയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. രോഗി തമിഴ്‌നാട്ടുകാരനാണെന്നും കൂടെ നില്‍ക്കാന്‍ ആളില്ലെന്നും അറിയിച്ചതോടെയാണ് വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞത്.


Also Read: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


രോഗി തമിഴ്‌നാട്ടുകാരനാണെന്ന് അറിഞ്ഞശേഷമാണ് ആശുപത്രിയില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമുണ്ടായതെന്ന് രാഹുല്‍ പറയുന്നു. മുരുകന് ഓപ്പറേഷന്‍ അനിവാര്യമായിരുന്നു. ഇതിനായി രണ്ടുലക്ഷം രൂപയോളം ചിലവുവരും. അതും ഒഴിവാക്കാനുള്ള കാരണമായെന്ന് രാഹുല്‍ വിശദീകരിക്കുന്നു.

മെഡിസിറ്റിയില്‍ നിരവധി വെന്റിലേറ്ററുകള്‍ ഉണ്ടെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാണെന്നും രാഹുല്‍ പറയുന്നു.

തുടര്‍ന്നാണ് മുരുകനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു പോയത്. അവിടെ വെന്റിലേറ്റര്‍ ലഭ്യമാണോയെന്ന് വിളിച്ച് അന്വേഷിച്ചശേഷമാണ് അവിടേക്ക് കൊണ്ടുപോയത്. വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്. രണ്ടു മണിക്കൂറോളം അവിടെ മുരുകനുമായി കാത്തിരുന്നെങ്കിലും തിരിഞ്ഞുനോക്കാത്ത സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്നും രാഹുല്‍ പറയുന്നു.

സംഭവത്തില്‍ മെഡിസിറ്റി അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു ആശുപത്രിയിലെ ഡോ. ബിലാല്‍ പറഞ്ഞത്. മെഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി പരിശോധിച്ചത് ബിലാല്‍ ആയിരുന്നു. തുടര്‍ന്നാണ് വെന്റിലേറ്റര്‍ സൗകര്യം പരിശോധിച്ചതെന്നാണ് ബിലാല്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Advertisement